ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനെ തളർത്തി കോളറയും; 388 മരണം
September 23, 2024കൈറോ: ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനിൽ കോളറ പടർന്നുപിടിക്കുന്നു. രണ്ടു മാസത്തിനിടെ, 388 ഓളം പേർ കോളറ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 13,000 ത്തോളം പേർ ചികിത്സയിലാണ്. ഞായറാഴ്ച മാത്രം ആറു പേർ മരണത്തിന് കീഴടങ്ങിയതായും 400 പേർ ചികിത്സയിലായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തരയുദ്ധത്തെ തുടർന്ന് പലായനം ചെയ്ത അഭയാർഥികൾ താമസിക്കുന്ന കിഴക്കൻ സുഡാനിലെ കസ്സാല, അൽ ഖദാരിഫ് പ്രവിശ്യകളാണ് കോളറയുടെ പിടിയിലമർന്നത്. കഴിഞ്ഞ ആഴ്ചകളിൽ കനത്ത മഴയെ തുടർന്ന് പ്രളയമുണ്ടായതോടെ രോഗം നിയന്ത്രണാതീതമായി പടരുകയായിരുന്നു. രാജ്യത്തെ 18 പ്രവിശ്യകളിൽ 10 എണ്ണത്തിലും കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാദ്യമായല്ല, സുഡാനിൽ കോളറ പടർന്നുപിടിക്കുന്നത്. 2017ലുണ്ടായ പകർച്ചവ്യാധിയിൽ രണ്ടു മാസത്തിനുള്ളിൽ 700ഓളം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. 22,000 പേർ ചികിത്സ തേടുകയും ചെയ്തു.
രാജ്യത്തെ സൈനിക ഭരണകൂടവും അർധ സൈനിക സംഘമായ റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഏറ്റുമുട്ടൽ തുടങ്ങിയ ശേഷം സുഡാൻ കടുത്ത പ്രതിസന്ധിയിലാണ്. യു.എന്നിന്റെ കണക്ക് പ്രകാരം ഏറ്റുമുട്ടലിൽ ഇതിനകം 20,000 ത്തിലേറെ കൊല്ലപ്പെടുകയും പതിനായിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ഖാർതൂം അടക്കം നഗരങ്ങളെ ബാധിച്ച ഏറ്റുമുട്ടലിൽ 1.30 കോടി ജനങ്ങളാണ് വീടുവിട്ട് പാലയനം ചെയ്തത്.
നോർത്ത് ദാർഫൂറിന്റെ തലസ്ഥാനമായ അൽ ഫാഷിറിലുള്ള സംസം അഭയാർഥി ക്യാമ്പിൽ പട്ടിണിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.