കൂടെയുള്ളവര്‍ ടോക്സിക്കായാല്‍ നമ്മള് എന്ത് ചെയ്യും?
August 18, 2024ജീവിതത്തില്‍ പലപ്പോഴും പലരും പരാതി പറയുന്നത് കേള്‍ക്കാറുണ്ട്, എന്റെ വീട്ടുകാര്‍ പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല, സപ്പോട്ട് ചെയ്യില്ലയെന്ന് മാത്രമല്ല, അവരെന്നെ തളര്‍ത്തുന്നുവെന്നും. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ വിമര്‍ശിക്കുന്നു, ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെ. ഇങ്ങനെ പറയുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഇതുകാരണം ജീവിതത്തില്‍ വിജയിക്കില്ലെന്നും സന്തോഷമുണ്ടാവില്ലെന്നും ജീവിതം ആസ്വദിക്കാന്‍ കഴിയില്ലെന്നും കരുതി മാറിനില്‍ക്കേണ്ടതുണ്ടോ?
നമ്മള് ആദ്യമായി മനസിലാക്കേണ്ടത് ആരും പൂര്‍ണരല്ല എന്നതാണ്. എല്ലാവരിലും നന്മയും തിന്മയുമുണ്ട്. കൂടെയുള്ളവര്‍ ടോക്സിക്കാണ് എന്നത് നിങ്ങളുടെ അഭിപ്രായമല്ലേ. മറ്റൊരാളോട് ചോദിച്ച് നോക്കിയാല്‍ അയാള്‍ക്കും ഇതേ അഭിപ്രായം തന്നെയായിരിക്കുമോ? ഇങ്ങനെ സ്വയം ചോദിച്ചുനോക്കൂ. യഥാര്‍ത്ഥത്തില്‍ ആരാണ് ടോക്സിക്ക്, നമ്മളാണോ മറുവശത്ത് നില്‍ക്കുന്നയാളാണോ. ഇത് ആത്മപരിശോധന നടത്തേണ്ട കാര്യമാണ്. ഇനി, അപ്പുറത്ത് നില്ക്കുന്നയാള് എന്നോട് ടോക്സിക്കായാണ് പെരുമാറുന്നത് എന്ന് നിങ്ങള്‍ക്ക് വ്യക്തമായി ബോധ്യമുണ്ടെങ്കില്‍ ഈ പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അതിനെ നമുക്ക് മറികടക്കാന്‍ പറ്റും.
നിങ്ങള്‍ പ്രതികൂല സാഹചര്യങ്ങളിലാണെങ്കില്‍, അതായത് മറ്റുള്ളവര്‍ നിങ്ങളെ തളര്‍ത്തുന്നു, ബുദ്ധിമുട്ടിക്കുന്നു എന്നൊക്കെ തോന്നുന്നുണ്ടെങ്കില്‍ ആദ്യം മനസിലാക്കേണ്ടത് പ്രതികൂല സാഹചര്യങ്ങളാണ് ഒരാളെ വളര്‍ത്തുന്നത് എന്ന കാര്യമാണ്. നിങ്ങളെ മറ്റുള്ളവര്‍ വിഷമിപ്പിക്കുന്നതുകൊണ്ടാണ് നിങ്ങള്‍ കൂടുതല്‍ ക്ഷമ പഠിക്കുന്നത്. ജീവിതത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസിലാക്കാന്‍ സഹായിക്കുന്നത് പ്രതികൂലമായ സാഹചര്യമുള്ളതുകൊണ്ടാണ്. ടോക്സിക്കായ ഈ ആളുകള്‍ ജീവിതത്തിലുള്ളതുകൊണ്ടാണ് നിങ്ങള്‍ കൂടുതല്‍ ശക്തരും ധൈര്യമുള്ളവരും കൂടുതല്‍ പക്വതയുള്ളവരുമാകുന്നത്. കാലക്രമേണ തീര്‍ച്ചയായിട്ടും നിങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങളില്‍ ജീവിക്കുന്നയാളേക്കാള് വിവേകബുദ്ധിയുള്ളവരായി മാറാന്‍ കഴിയും. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുമ്പോഴാണ് നമ്മുടെ ഉള്ളിലെ ആത്മീയശക്തി പുറത്തെടുക്കാന്‍ സാധിക്കുന്നത്. ജീവിതത്തെ കുറച്ചുകൂടി വിശാലകാഴ്ചപ്പാടില്‍ കാണാന്‍ സാധിക്കുന്നതും അതുകൊണ്ടാണ്. കുറ്റപ്പെടുത്തുത്തലും വിമര്‍ശനങ്ങളും നേരിടേണ്ടിവരുമെന്ന് പേടിയുള്ളതുകൊണ്ടുതന്നെ നമ്മള് ചെയ്യുന്ന കാര്യങ്ങളില്‍ പരമാവധി ശ്രദ്ധനല്‍കി അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാകും. നിങ്ങളെ സംബന്ധിച്ച് ഓരോ നിമിഷവും ഒരു മത്സരയോട്ടംപോലെയാണ് തോന്നുക. ഈയൊരു മത്സരയോട്ടംകൊണ്ട് മാത്രം നിങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകും.
ടോക്സിക്കാവർക്കൊപ്പം ജീവിക്കേണ്ടിവരികയാണെങ്കില് ശ്രദ്ധിക്കേണ്ടത്
1. നിങ്ങള്‍ നിങ്ങളില്‍ ശ്രദ്ധയൂന്നുക: ചുറ്റുമുള്ളവരില്‍ ശ്രദ്ധയൂന്നിയാല്‍ അവരുടെ വിലക്കുകളില്‍, തളര്ത്തലുകളില്, കുറ്റപ്പെടുത്തലുകളില്‍ നമ്മുടെ ജീവിതം കുടുങ്ങിപ്പോകും. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ ഫോക്കസ് ചെയ്യുക. നിങ്ങളുടെ ഇഷ്ടങ്ങളില്‍, പ്രയോറിറ്റിയില്‍, സമയങ്ങളില്‍ ആണ് നിങ്ങള്‍ ഫോക്കസ് ചെയ്യേണ്ടത്.
2. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങുക: നിങ്ങളുടേതായ ലോകം സൃഷ്ടിക്കുക, അവിടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക. അത് എന്തുതന്നെയായാലും. ഉദാഹരണത്തിന് ജോലി ചെയ്യുകയാണെങ്കില്‍ ആ ജോലിയെ ഇഷ്ടപ്പെടുക, ഹോം മേക്കറാണെങ്കില്‍ ആ കാര്യം ഇഷ്ടപ്പെടുക.
3. നിങ്ങള്‍ക്ക് സന്തോഷമുള്ളത് എന്താണെന്ന് കണ്ടുപിടിക്കുക: ടോക്സിക്കായ ആളുകള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ നമ്മള് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍വേണ്ടി എപ്പോഴും മറ്റുള്ളരുടെ സന്തോഷങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കാറുള്ളത്. ആ രീതി മാറ്റി നിങ്ങള്‍ക്ക് മുന്‍ഗണന നല്കാന് തുടങ്ങണം. നിങ്ങള്‍ക്ക് സന്തോഷമുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒരു ലിസ്റ്റുണ്ടാക്കുക. അത് മെല്ലമെല്ലെ ചെയ്തു തുടങ്ങുക.
4. ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിയുക: ഫൈറ്റ് ചെയ്തോ, മറ്റൊരാള്‍ പറയുന്നത് കേട്ട്, അയാളെ സന്തോഷിപ്പിച്ച് ജീവിക്കലല്ല നമ്മുടെ ജീവിതത്തിന്റെ ദൗത്യം. നമ്മുടെ ജീവിതം എന്തിനുവേണ്ടിയാണ്, അതിന്റെ അര്‍ത്ഥമെന്താണ്, എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ സ്വയം ചോദിക്കണം. സ്വയം ജീവിതത്തിന്റെ ലക്ഷ്യം കണ്ടുപിടിക്കാന്‍ ശ്രമിക്കുക.
5. ജീവിതം ഡിസൈന്‍ ചെയ്യാന്‍ ശ്രമിക്കുക: അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ നമ്മുടെ ഉള്ളിലേക്ക് എടുക്കരുത്. നിങ്ങള്‍ക്കുവേണ്ടത് നിങ്ങളുടെ ഉള്ളില്‍ ആദ്യം സൃഷ്ടിക്കുക. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, അനുഭവങ്ങള്‍ എന്നിവ എന്തും ആയിക്കൊള്ളട്ടെ, ഏത് അര്‍ത്ഥത്തിലുള്ള ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് അത് ഉള്ളില്‍ സൃഷ്ടിക്കണം. അതിനെ സ്ക്രിപ്റ്റ് ചെയ്യണം. ശേഷം അത് വിഷ്വലൈസ് ചെയ്യാന്‍ തുടങ്ങണം. അപ്പോള്‍ തന്നെ നിങ്ങളുടെ ലൈഫില്‍ വലിയ വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങും.
6. ഹോബി കണ്ടുപിടിക്കുക: എത്ര ചെറുതാണെങ്കിലും ജീവിതത്തില്‍ ഒരു ഹോബി കണ്ടെത്തണം. പാട്ടുകേള്ക്കുന്നതാകട്ടെ, വായിക്കുന്നതാകട്ടെ, ഗാര്‍ഡനിങ്, യാത്രാവിവരണം എന്തുമായിക്കൊള്ളട്ടെ, ക്രിയേറ്റീവായ ഒരു ഹോബി കണ്ടെത്തുകയും അത് ചെയ്തു തുടങ്ങുകയും ചെയ്യുക. ഇത് ജീവിതത്തിന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുക.
7. നിങ്ങളുടെ മൂല്യം ഉയര്‍ത്തുക: നിങ്ങളുടെ മൂല്യം ഉയര്‍ത്തിയാല്‍ കുറ്റപ്പെടുത്തുന്നവരും, പരിഹസിക്കുന്നവരും തളര്‍ത്തുന്നവരും ഒന്നും നിങ്ങളെ ബാധിക്കില്ല. അവര്‍ ഓട്ടോമാറ്റിക് ആയി പിന്‍വാങ്ങും. ഒരുതരത്തിലും ആക്രമിക്കാന്‍ അവര്‍ വരില്ല. നിങ്ങളുടെ ജീവിതം സമാധാനപൂര്‍ണവും മനോഹരവും മൂല്യവത്താവുകയും ചെയ്യും.