എംപോക്സ്: ആഫ്രിക്കയിൽ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു; ആഗോള മഹാമാരി​യായേക്കും

എംപോക്സ്: ആഫ്രിക്കയിൽ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു; ആഗോള മഹാമാരി​യായേക്കും

August 18, 2024 0 By KeralaHealthNews

എംപോക്സ് ആഗോള മഹാമാരിയാവുമെന്ന് ആശങ്ക. ആഫ്രിക്കയിൽ എംപോക്സ് ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് രോഗം ആഗോളമഹാമാരിയായി മാറുമെന്ന് ആശങ്ക ഉയർന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആഫ്രിക്കയിൽ മാത്രം ഇതുവരെ 18,700 എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 500 പേർ രോഗമൂലം മരിക്കുകയും ചെയ്തുവെന്ന് ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവന്റേഷൻ അറിയിച്ചു. ആഫ്രിക്കക്ക് പുറത്ത് സ്വീഡനിലും ഒടുവിൽ പാകിസ്താനിലും എംപോക്സ് സ്ഥിരീകരിച്ചതോടെ രോഗം കോവിഡ് പോലെ ആഗോളമഹാമാരിയാവുമെന്ന ആശങ്ക ഉയർന്നത്.

നേരത്തെ എംപോക്സ് മഹാമാരിയിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വീഡൻ പോലുള്ള യുറോപ്യൻ രാജ്യങ്ങളിലും രോഗബാധ സ്ഥിരീകരിച്ചത്.

1958-ൽ കുരുങ്ങുകളിലാണ് എംപോക്സ് ബാധ ആദ്യം കണ്ടെത്തിയത്. 1970-ൽ ഡി.ആർ. കോംഗോയിൽ മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ടു ചെയ്തു. രോഗബാധ ആഫ്രിക്കയിലായിരുന്നതിനാൽ നിർമാർജനം ചെയ്യുന്നതിനോ വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനോ ഉള്ള കാര്യമായ ശ്രമങ്ങൾ 60 വർഷത്തോളം ഉണ്ടായില്ലെന്നാണ് കുറ്റപ്പെടുത്തൽ.

വസൂരി ൈവറസുമായി സാമ്യമുള്ളതാണ് എംപോക്സ് വൈറസ്. 2022-ൽ 200-ൽ താഴെയായിരുന്നു മരണസംഖ്യ. എന്നാൽ, നിലവിൽ എംപോക്സ് ബാധിച്ചുള്ള മരണം ഉയരുകയാണ്. തുടക്കത്തിൽ അവഗണിക്കുകയും പിന്നീട് ആഗോളമഹാമാരിയാവുകയും ചെയ്ത രോഗങ്ങളാണ് ചിക്കൻഗുനിയയും വെസ്റ്റനീലുമെല്ലാം.