ചിക്കന്‍പോക്സ്; വേണം യഥാസമയം ചികിത്സ
July 25, 2024കൊല്ലം: ചിക്കന്‍പോക്സ് ബാധിച്ചാൽ യഥാസമയം ചികിത്സ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധിയാണ് ചിക്കൻപോക്സ്. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുളളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
രോഗപകര്ച്ചാവിധം
- ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കം വഴി ചിക്കന്‍ പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും രോഗം പകരാം.
- ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ അവ ഉണങ്ങി പൊറ്റയാകുന്നത് വരെ രോഗം പകരാം.
- രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്.
- രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെ എടുക്കും
രോഗലക്ഷണങ്ങള്‍
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് ലക്ഷണങ്ങൾ. മുഖം, ഉദരഭാഗം, നെഞ്ച്, പുറം കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയൊ പൊറ്റയാവുകയോ ചെയ്യും.
സങ്കീര്‍ണ്ണമായ ചിക്കന്‍ പോക്സിന്റെ ലക്ഷണങ്ങള്‍
നാല് ദിവസത്തില്‍ കൂടുതലുള്ള പനി, കഠിനമായ പനി (102 ഡിഗ്രി ഫാരൻഹീറ്റ്), കുമിളകളില്‍ കഠിനമായ വേദന, പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാന്‍ ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുള്ള ഛര്‍ദ്ദില്‍, ശ്വാസം മുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തം പൊടിയുക / രക്തസ്രാവം, മേല്‍ പറഞ്ഞവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണ്ണ അവസ്ഥകളായ ന്യൂമോണിയ, മസ്തിഷ്കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളാകാം
രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ
- പരിപൂര്‍ണ്ണ വിശ്രമം, വായു സഞ്ചാരമുളള മുറിയില്‍ വിശ്രമിക്കുക
- ധാരാളം വെള്ളം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക
- മറ്റുള്ളവരുമായി നേരിട്ട് സമ്പര്‍ക്കം ഒഴിവാക്കുക
- രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ 0.5% ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വ്യത്തിയാക്കുക.
- കുമിളയില്‍ അബദ്ധത്തില്‍ ചൊറിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
ചിക്കന്‍ പോക്സ് തീവ്രമാകാന്‍ സാധ്യതയുളളവര്‍
- ഒരു വയസ്സിന് താഴെയുളള കുഞ്ഞുങ്ങള്‍
- 12 വയസ്സിന് മുകളിലുളളവര്‍
- ഗര്‍ഭിണികള്‍
- പ്രതിരോധശേഷി കുറഞ്ഞവര്‍ – (എച്ച്.ഐ.വി -കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍)
- ദീര്‍ഘകാലമായി ശ്വാസകോശം / ത്വക്ക് രോഗമുളളവര്‍
ചികിത്സയും പ്രതിരോധവും
- ചിക്കന്‍പോക്സ് തീവ്രമാകാന്‍ സാധ്യതയുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അസൈക്ലോവീര്‍ / വാലസൈക്ലോവീര്‍ തുടങ്ങിയ ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിക്കാം. ഇത് രോഗത്തിന്റെ തീവ്രതയും സങ്കീർണതകളും കുറക്കാന്‍ സഹായിക്കും. പനി, തലവേദന, ശരീരവേദന എന്നിവക്ക് പാരാസെറ്റമോള്‍ ഗുളിക ഉപയോഗിക്കാം.
- മറ്റ് വേദന സംഹാരികള്‍ ഒഴിവാക്കുക. ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മറ്റ് മരുന്നുകള്‍ നിര്‍ത്തരുത്.
- ചിക്കന്‍ പോക്സ് വന്നിട്ടില്ലാത്തവര്‍ ചിക്കന്‍ പോക്സ് / ഹെര്‍പിസ് സോസ്റ്റര്‍ രോഗികളുമായി സമ്പര്‍ക്കം വന്നാല്‍ 72 മണിക്കൂറിനുള്ളില്‍ വാക്സിന് എടുത്താല്‍ പ്രതിരോധിക്കാവുന്നതാണ്. 12 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് 4 മുതല്‍ 8 ആഴ്ച ഇടവേളയില്‍ 2 ഡോസ് വാക്സിന് എടുക്കണം.