പകർച്ച വഴി അജ്ഞാതം; ജന്തുജന്യരോഗങ്ങളുടെ വലയിൽ കേരളം
July 22, 2024തിരുവനന്തപുരം: പ്രതിരോധം കടുപ്പിക്കുമ്പോഴും നിപയടക്കം ജന്തുജന്യരോഗങ്ങളുടെ മനുഷ്യരിലേക്കുള്ള പകർച്ച വഴി കണ്ടെത്താനോ തടയാനോ കഴിയാത്തത് പൊതുജനാരോഗ്യത്തിൽ ഉയർത്തുന്നത് വലിയ ഭീഷണി. വവ്വാലുകളാണ് വൈറസിന്റെ സ്രോതസ്സെന്ന് സ്ഥിരീകരിച്ചെങ്കിലും ആറ് വർഷമായിട്ടും എങ്ങനെ മനുഷ്യരിലെത്തി എന്നത് ഇനിയും അജ്ഞാതമാണ്.
രോഗം റിപ്പോർട്ട് ചെയ്യുന്ന ഘട്ടത്തിൽ ചർച്ചയും ഇടപെടലുകളും ഉണ്ടാകുമെങ്കിലും ഇതിനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണാതെ പാതിവഴിയിൽ മുടങ്ങുകയാണ് പതിവ്. മനുഷ്യരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യരോഗങ്ങളെ പിടിച്ചുകെട്ടാനാവില്ലെന്ന വിലയിരുത്തലിലാണ് ‘വൺ ഹെൽത്ത്’ എന്ന ഏകാരോഗ്യ സമീപനത്തെ സംസ്ഥാന സർക്കാർ ഗൗരവത്തിലെടുത്തത്. എന്നാൽ വൺ ഹെൽത്തിലും കാര്യമായി മുന്നോട്ടുപോകാനായിട്ടില്ല.
എലിപ്പനിയും ജപ്പാൻ ജ്വരവും പക്ഷിപ്പനിയും കുരങ്ങുപനിയും പന്നിപ്പനിയുമടക്കം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗങ്ങളുടെയെല്ലാം പൊതുനില ഇവ ജന്തുക്കളിൽനിന്ന് പകരുന്നുവെന്നതാണ്. മനുഷ്യാരോഗ്യത്തെ അപകടപ്പെടുത്തുന്ന സാംക്രമിക രോഗങ്ങളിൽ 60 ശതമാനവും ജന്തുക്കളിൽ നിന്നോ ജന്തുജന്യ ഉൽപന്നങ്ങളിൽ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ പകരാവുന്ന രോഗങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ.
മാത്രമല്ല, അതിജാഗ്രത പുലർത്തേണ്ട എട്ടുരോഗങ്ങളുടെ പട്ടികയിൽ ഏഴും ജന്തുജന്യരോഗങ്ങളാണ്. ഇത്തരം രോഗങ്ങളുടെ പഠനങ്ങൾക്കും നിരന്തര നിരീക്ഷണത്തിനും സ്ഥിരം സംവിധാനം അനിവാര്യമാണെന്നതാണ് വൺ ഹെൽത്ത് കാഴ്ചപ്പാണ്. നിപ, എലിപ്പനി, പേവിഷബാധ, ബ്രൂസെല്ലോസിസ്, ഫൈലേറിയ, തുടങ്ങിയ വിവിധ രോഗാണുക്കളുടെ സാന്നിധ്യം വിവിധ മൃഗങ്ങളിൽ എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തുന്നതിനായി അവയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചുള്ള പഠനങ്ങൾക്ക് മുഖ്യമാണ്. ഇതെല്ലാം പക്ഷേ ഉന്നതതലയോഗങ്ങളിൽ പരിമിതപ്പെടുന്നുവെന്നതാണ് കേരളത്തിലെ സ്ഥിതി.
കേരളത്തിലെ പഴംതീനി വവ്വാലുകൾക്കിടയിൽ നിപ വൈറസിന്റെ സാന്നിധ്യം 20 മുതൽ 33 ശതമാനം വരെയാണെന്നാണ് കണ്ടെത്തൽ. നിരവധി പകർച്ചവ്യാധികൾക്ക് കാരണമായ വൈറസുകളുടെ പ്രകൃതിദത്തവാഹകർ വവ്വാലുകളാണ്. 1200 വംശങ്ങളുള്ള വവ്വാലുകളിൽ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥയിലും പരിസ്ഥിതിയിലുമുണ്ടായ മാറ്റങ്ങളാണ് വവ്വാലുകളിൽനിന്ന് നിപ ആദ്യമായി മനുഷ്യരിലെത്താൻ കാരണമെന്നാണ് വിലയിരുത്തൽ.