വയറിളക്ക പ്രതിരോധം: മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് ഡയേറിയ കാമ്പയിന്
July 16, 2024മലപ്പുറം: വിദ്യാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും കൈകഴുകാനുള്ള സോപ്പ് നിര്‍ബന്ധമായും ലഭ്യമാക്കണമെന്ന് ജില്ല കലക്ടര്‍ വി.ആര്. വിനോദ് നിര്‍ദേശിച്ചു.
കൈകഴുകുന്ന ശീലം ഉള്‍പ്പെടെ വ്യക്തിശുചിത്വം പാലിക്കാത്തത് വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതായും കലക്ടര്‍ പറഞ്ഞു. സ്റ്റോപ്പ് ഡയേറിയ കാമ്പയിന്റെ ഭാഗമായി ചേര്‍ന്ന ഡിസ്ട്രിക്ട് ടാസ്ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പകര്‍ച്ചപ്പനി സാധ്യത നിലനില്‍ക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മാസ്ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം.
സ്കൂള്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കാന് ജില്ല ടാസ്ക് ഫോഴ്സ് ഇനീഷ്യേറ്റിവ് തീരുമാനിച്ചു. പകര്‍ച്ചപ്പനി പടരുന്നത് തടയാന്‍ ഫലപ്രദമായ മാര്‍ഗം എന്ന നിലക്കാണ് മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുന്നതിന് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ജില്ല ടാസ്ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗം തീരുമാനിച്ചു.
സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ നല്കുമ്പോള് പ്രതിരോധ കുത്തിവെപ്പിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന വിധത്തില്‍ അപേക്ഷാഫോറത്തില്‍ കോളം ഉള്‍പ്പെടുത്തും. വാക്സിനേഷന് എടുക്കാത്ത കുട്ടികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് സഹായകമാവുമെന്നും അപേക്ഷാഫോറം അതനുസരിച്ച് പരിഷ്ക്കരിക്കാന്‍ ഡി.ഡി.ഇക്ക് നിര്‍ദേശം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
അസി. കലക്ടര്‍ വി.എം. ആര്യ, ഡി.എം. ഒ ഡോ. ആര്. രേണുക, ഡി.എം.ഒ (ഹോമിയോ) ഡോ. ഹന്ന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിന്‍, ആര്.സി.എച്ച് ഓഫിസര്‍ ഡോ. എന്‍.എന്‍. പമീലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വെല്‍കം ഡ്രിങ്ക് ഒഴിവാക്കണം -കലക്ടര്‍
മലപ്പുറം: ആഘോഷച്ചടങ്ങുകളില്‍ നിന്ന് വെല്‍കം ഡ്രിങ്ക് പൂര്‍ണമായും ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടരുന്നതിന് വെല്‍കം ഡ്രിങ്ക് കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. തിളപ്പിക്കാത്ത വെള്ളവും ഭക്ഷ്യയോഗ്യമല്ലാത്ത ഐസും ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് ആഘോഷവേളകള്‍ കാരണമാകരുതെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
മലേറിയ സ്ഥിരീകരിച്ച പ്രദേശത്ത് ഭീഷണിയായി വെള്ളക്കെട്ട്
പൊന്നാനി: നഗരസഭയിലെ അഞ്ചാം വാർഡിൽ മലേറിയ സ്ഥിരീകരിച്ച സ്ഥലത്തിന് സമീപം വെള്ളക്കെട്ട്. വെള്ളക്കെട്ട് നീക്കം ചെയ്യാത്തത് മാരകരോഗങ്ങൾ പടരാൻ കാരണമായെന്ന് ആക്ഷേപമുയർന്നു. മൂന്ന് വർഷം മുമ്പ് നഗരസഭ നിർമിച്ച റോഡ് കാരണം വെള്ളം ഒഴിഞ്ഞു പോകാൻ സാധിക്കാതെ കെട്ടി നിൽക്കുകയാണ്. മൂന്നുവർഷം മുമ്പ് തന്നെ കലക്ടർക്കും പൊന്നാനി നഗരസഭ അധികൃതർക്കും പരാതി നൽകിയിട്ടും നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശോധന നടത്തിയെങ്കിലും നടപടി സ്വീകരിച്ചില്ല.
മലിനജലം ഒഴുക്കി വിട്ടില്ലെങ്കിൽ പ്രദേശത്ത് മാരോഗം പടരാൻ സാധ്യതയുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. പവിത്രകുമാർ പറഞ്ഞു. കെട്ടിനിൽക്കുന്ന മലിനജനം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.