ആശങ്ക ; പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്നു

ആശങ്ക ; പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്നു

July 14, 2024 0 By KeralaHealthNews

പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന ഭയപ്പനികളും വ്യാധികളും തിരിച്ചെത്തിയതിന്‍റെ അങ്കലാപ്പിലാണ് കേരളം. ലോകം ഭീതിയോടെ കണ്ടിരുന്ന കോളറയും അപകടകാരിയായ മഞ്ഞപ്പിത്തവുമടക്കം ജലജന്യരോഗങ്ങളുടെ തിരിച്ചുവരവ് ചെറുതല്ലാത്ത ആശങ്ക ഉയർത്തുന്നുണ്ട്. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലും വിവിധ സൂചികകളിലും മുൻനിര സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും, പിഴുതെറിയപ്പെട്ട പകർച്ചവ്യാധികൾ തിരിച്ചുവന്ന് പൊതുജനാരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന സമ്മർദം ചെറുതല്ല. ഒരുകാലത്ത് പൂർണമായും നിയന്ത്രണ വിധേയമായിരുന്നു കോളറ. എന്നാൽ, ഉറവിടംപോലും അറിയാത്ത നിലയിൽ ആഭ്യന്തര ക്ലസ്റ്റർ രൂപപ്പെടും വിധമാണ് തലസ്ഥാന ജില്ലയിലെ കോളറ പടർച്ച. ആദ്യം ഒരു കേസായിരുന്നുവെങ്കിൽ പ്രതിദിനം നാല് കേസുകളെന്നതാണ് വെള്ളിയാഴ്ച വരെയുള്ള നില.

മഞ്ഞപ്പിത്തത്തിന്‍റെ അപകടകരവും അസാധാരണവുമായ പടർച്ചയാണ് സംസ്ഥാനത്തെ മറ്റൊരു ആപൽസൂചന. ഉഷ്ണകാലത്ത് കൂടുതല്‍ പടരുന്ന മഞ്ഞപ്പിത്തം പക്ഷേ, മഴക്കാലമായിട്ടും പടരുകതന്നെയാണ്. ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള ആറ് മാസം രോഗം സ്ഥിരീകരിച്ചത് 2544 പേരിലാണ്. 21 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. അപകടകാരിയല്ലാത്തതെന്ന് വിലയിരുത്തപ്പെട്ടിരുന്ന ഹെപ്പറ്റൈറ്റിസ് ^എ പക്ഷേ, ഇക്കുറി മരണം വിതക്കുകയാണ്.

ഉറവിട നശീകരണത്തെക്കുറിച്ച് ബോധവത്കരണ പരമ്പരകൾതന്നെയുണ്ടെങ്കിലും കൊതുകു പരത്തുന്ന ഡെങ്കിപ്പനിയും കുതിച്ചുയരുകയാണ്. അമീബിക് മസ്തിഷ്ക ജ്വരവും എലിപ്പനിയും സിക്കയും വെസ്റ്റ് നൈലും മുതൽ സാദാ വൈറൽ പനിവരെ സമൂഹത്തിൽ പേടിയുടെ ഊഷ്മാവ് കൂട്ടുകയാണ്. ഇത് സാമൂഹിക ജീവിതത്തിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വമാണ് മറ്റൊന്ന്. ഇത്തരം ഘട്ടങ്ങളിൽ സാധാരണക്കാരന് ആശ്രയകേന്ദ്രമായ സർക്കാർ ആതുരാലയങ്ങളിലാകട്ടെ, മരുന്ന് മുതൽ കിടക്ക വരെയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ പരിമിതികൾ പേറുകയാണ്.

ഡെങ്കിപ്പനിയുടെ തലസ്ഥാനം

അപകടകരമാംവിധമാണ് സംസ്ഥാനത്ത് ഡെങ്കിപ്പടർച്ച. കഴിഞ്ഞ 12 ദിവസത്തെ മാത്രം കണക്ക് പ്രകാരം 1530 പേരാണ് രോഗബാധിതരായത്. അതായത്, പ്രതിദിനം ശരാശരി 127 പേർ. വർഷം ഇതുവരെ 9356 പേർ രോഗബാധിതരായി. 24 ഡെങ്കിമരണങ്ങളും ഇക്കാലയളവിലുണ്ടായി. കഴിഞ്ഞ വർഷം (2023 ൽ) രാജ്യത്തെ ഡെങ്കിപ്പനി കേസുകളിൽ ഒന്നാമത് കേരളമാണ്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ ‘എൻവിസ്റ്റ ഇന്ത്യ-2024’ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023ൽ കേരളത്തിൽ 9770 കേസുകളാണുണ്ടായതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മരണങ്ങൾ 37ഉം. എന്നാൽ, 2024 ജൂൺ 12 വരെയുള്ള കണക്കുകൾ മാത്രമെടുത്താൽതന്നെ 9356 കേസുകളുണ്ട്. ഇനിയും വർഷം തീരാൻ ആറുമാസം ശേഷിക്കെയാണ് കഴിഞ്ഞ വർഷത്തെ മറികടക്കുന്ന ഈ സ്ഥിതി.2018ൽ 4083 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണ് അഞ്ചുവർഷംകൊണ്ട് ഇരട്ടിയിലേറെ വർധനയുണ്ടായത്.

രണ്ടാമതും വന്നാൽ അപകടം

ഡെങ്കിപ്പനി വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതിജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. രോഗബാധിതരിൽ ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. അഞ്ച് ശതമാനം പേര്‍ക്ക് തീവ്രമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോളതലത്തില്‍തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാല്‍, അതേ വ്യക്തിക്ക് മറ്റൊരു വകഭേദം കാരണം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

വെറും പനിയും വിറപ്പിക്കുന്നു

മഴക്കാലമായതിനാല്‍ സാധാരണയുള്ള വൈറല്‍ പനിയാണ് (സീസണല്‍ ഇൻഫ്ലുവന്‍സ) സംസ്ഥാനത്തെ പനിക്കേസുകളിൽ കൂടുതലുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. വൈറല്‍ പനി ഭേദമാകാൻ മൂന്ന് മുതല്‍ അഞ്ച് വരെ ദിവസം വേണ്ടിവരും. പനി രോഗമല്ല രോഗലക്ഷണമായി കാണണമെന്ന നിലയിലെ ജാഗ്രത നിർദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചികുന്‍ഗുനിയ, ചെള്ളുപനി, എച്ച്1 എന്‍1, ചിക്കന്‍ പോക്‌സ്, സിക, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ വൈറസ് എന്നിവയുടെ ലക്ഷണമായി പനി വന്നേക്കാമെന്നതിനാൽ വിശേഷിച്ചും.

പ്രതിദിനം ശരാശരി 11,000 പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുവെന്നാണ് കണക്ക്. ഈ മാസം ഇതുവരെ 1,26,887 പേർക്ക് പനിപിടിച്ചു. ആറ് മാസത്തിനിടെ പനി ബാധിച്ചവർ 13.28 ലക്ഷം പേരാണ്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 12 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവുമധികം പനി റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്- 22,022. തൊട്ടുപിന്നിൽ 13,174 രോഗികളുള്ള എറണാകുളവും.

പിടിതരാതെ കോളറ

‘പൊതുജനാരോഗ്യത്തിന്‍റെ പിതാവെ’ന്നാണ് കോളറയെ അനൗദ്യോഗികമായി വിശേഷിപ്പിക്കുന്നത്. പൊതുജനാരോഗ്യം എന്നത് ശാസ്ത്ര ശാഖയായി മാറുന്നതുതന്നെ കോളറ സൃഷ്ടിച്ച സമ്മർദത്തിന്‍റെ ഫലമായാണ് എന്നതാണ് ഇത്തരമൊരു വിശേഷണത്തിന് കാരണം. നിർമാർജനം ചെയ്തുവെന്ന് ആശ്വസിക്കുമ്പോഴും തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ കെയർ ഹോമിലെ 11 പേരാണ് അഞ്ച് ദിവസത്തിനിടെ രോഗബാധിതരായത്. ഇതിൽ 10 പേർ അന്തേവാസികളും ഒരാൾ ജീവനക്കാരനുമാണ്. ഉറവിടംപോലും തിരിച്ചറിയാനായിട്ടില്ല.

മുമ്പ് സംസ്ഥാനത്തേക്ക് കോളറയെത്തിയിരുന്നത് മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ വഴിയായിരുന്നു. ഒപ്പം അതിർത്തി ജില്ലകളിലും. എന്നാൽ, തലസ്ഥാനത്തെ രോഗപ്പകർച്ചക്ക് ഇങ്ങനെയൊരു പശ്ചാത്തലമില്ല. സംസ്ഥാനത്ത് കഴിഞ്ഞ എട്ടുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കോളറ വ്യാപനമാണ് ഈ വർഷത്തേത്. 2017 മുതൽ 2024 ജൂലൈ 12 വരെ 46 പേരിലാണ് ആകെ കോളറ സ്ഥിരീകരണമുണ്ടായതെങ്കിൽ ഇതിൽ 21ഉം ഇക്കഴിഞ്ഞ ഏഴ് മാസങ്ങളിലാണ്. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് പടരും. രോഗലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്.

ചികുൻഗുനിയ കൂടുന്നു, ടൈഫോയ്ഡിൽ ആശ്വാസം

‘എൻവിസ്റ്റ ഇന്ത്യ-2024’ റിപ്പോർട്ട് പ്രകാരം ചികുൻഗുനിയ കേസുകളിൽ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒമ്പതാം സ്ഥാനത്താണ് കേരളം. എന്നാൽ, 2017 മുതലുള്ള ഏഴ് വർഷത്തെ കണക്കെടുക്കുമ്പോൾ സംസ്ഥാനത്ത് ക്രമാനുഗതമായി കേസുകൾ വർധിക്കുന്നുവെന്നതും വ്യക്തം. 2017 ൽ 78 കേസുകൾ മാത്രമായിരുന്നുവെങ്കിൽ 2023ൽ ഇത് 1131 ആണ്. ടൈഫോയ്ഡ് കേസുകളിൽ വലിയ കുറവ് കാണുന്നുവെന്നത് ആശ്വാസത്തിന് വക നൽകുന്നു. ഇതുപ്രകാരം 2020ലെ 18,440ൽനിന്ന് 2021ൽ 30 ആയി കുറഞ്ഞു. മലേറിയയിലും ഈ കുറവ് പ്രകടമാണ്.

യുവാക്കളിൽ പടർന്ന് മഞ്ഞപ്പിത്തം

നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് കൊല്ലം സ്വദേശിയായ അധ്യാപകൻ മരിച്ചത് വെള്ളിയാഴ്ചയാണ്. പ്രായം 42 മാത്രം. ചേലേമ്പ്രയിൽ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചത് കഴിഞ്ഞയാഴ്ച. പതിവിൽനിന്ന് വിപരീതമായി ചെറുപ്പക്കാരിലടക്കം അപകടകരമായി മഞ്ഞപ്പിത്തം പടരുകയാണ്. ഇത്തരം ജലജന്യരോഗങ്ങൾ സാധാരണ നഗരങ്ങളിലാണ് പൊട്ടിപ്പുറപ്പെടുക. എന്നാൽ, ഇക്കുറി വടക്കൻ കേരളത്തിൽ മഞ്ഞപ്പിത്ത ബാധയുണ്ടായത് ഏറെയും ഗ്രാമങ്ങളിലാണ്.

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലിലാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഒരേസമയം 60- 70 പേർ വരെ രോഗബാധിതരായ സ്ഥിതി ഇവിടെയുണ്ടായി. ജനുവരി ഒന്നുമുതൽ ജൂൺ വരെ രോഗം സ്ഥിരീകരിച്ചത് 2544 പേരിലാണ്. ആരോഗ്യവകുപ്പ് കണക്ക് പ്രകാരം അഞ്ചുമാസത്തിനിടെ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് മലപ്പുറം ജില്ലയിലാണ്, 1277 പേർക്ക്. മരണത്തിലും മുന്നിൽ മലപ്പുറമാണ്. ജൂൺ ആറുവരെ ഒമ്പത് മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. രണ്ടാമത് 609 കേസുകളുള്ള കോഴിക്കോടും.

അപകടകാരിയല്ലാത്ത ഹെപ്പറ്റൈറ്റിസ്- എ കുഞ്ഞുങ്ങളിലാണ് കൂടുതലായി കണ്ടിരുന്നത്. പ്രതിരോധ ശേഷി കൂടുതലാണെന്നതിനാൽ മുതിർന്നവരിൽ താരതമ്യേന രോഗപ്പടർച്ച കുറവായിരുന്നു. വെള്ളത്തിലൂടെ പടർച്ചയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തലെങ്കിലും രോഗം പതിവിൽ നിന്ന് വ്യത്യസ്തമായി ഗുരുതരമാകുന്നതിന് പിന്നിൽ വൈറസിലെ ജനിതകമാറ്റമടക്കമുള്ള കാരണങ്ങളുണ്ടെന്നും ആശങ്കയുണ്ട്.