അമീബിക് മെനിഞ്ചൈറ്റിസ്: വേണം കൂടുതൽ പഠനം
June 30, 2024കോഴിക്കോട്: രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് അമീബിക് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്തിട്ടും അത്യപൂർവ രോഗമാണ് എന്ന സ്ഥിരം പല്ലവി ആവർത്തിച്ച് ആരോഗ്യ വകുപ്പ്. രോഗത്തിന്‍റെ ഉറവിടം, മുൻകരുതൽ എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ മാർഗനിർദേശംപേലും നൽകാതെ ആരോഗ്യപ്രവർത്തകർ ഇരുട്ടിൽതപ്പുമ്പോൾ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്ന ആവശ്യവും ശക്തമാവുന്നു.
നിലവിൽ, കുട്ടികൾ കൂടുതലായി നീന്തൽ പരിശീലനം നടത്തുന്നതിനാൽ രക്ഷിതാക്കളിലും ആശങ്ക കൂടുതലാണ്. സംസ്ഥാനത്ത് എട്ടുവര്‍ഷത്തിനിടെ 12 പേരാണ് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ശുദ്ധജലത്തിൽ കാണപ്പെടുന്ന അമീബക്ക് 46 ഡിഗ്രി വരെ ചൂടില്‍ ജീവിക്കാന്‍ കഴിയുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഗവേഷകന്‍ ഡോ. രഘു വ്യക്തമാക്കി.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. 2016ൽ 13 വയസ്സുകാരനായിരുന്നു കേരളത്തില്‍ ആദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തത്.
2020 കോഴിക്കോട് 11 വയസ്സായ കുട്ടിയും 2023 ജൂലൈയിൽ ആലപ്പുഴയിൽ 15 വയസ്സായ കുട്ടിയും ഇക്കഴിഞ്ഞ മേയിൽ മലപ്പുറത്തെ അഞ്ചുവയസ്സുകാരിയും ജൂൺ 12ന് കണ്ണൂരിലെ 13കാരിയും സമീപകാലത്ത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചു. 28ന് രോഗം സ്ഥിരീകരിച്ച കോഴിക്കോട് രാമനാട്ടുകരയിലെ 12കാരൻ അതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കുളത്തിലും സ്വിമ്മിങ് പൂളുകളിലും കുളിച്ച കുട്ടികളിൽ കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഗോളതാപനം കാരണമുള്ള കാലാവസ്ഥ വ്യതിയാനമാകാം സമീപകാലത്ത് കൂടുതൽ രോഗം കണ്ടെത്താനിടയാക്കുന്നതെന്നാണ് തന്‍റെ നിഗമനമെന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോ. റഊഫ് പറഞ്ഞു.
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന് രോഗം ഉണ്ടാകുന്നത്. ജൂൺ 12ന് കണ്ണൂരിൽ മരിച്ച കുട്ടിക്ക് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ആയിരുന്നു. വെര്‍മമീബ വെര്‍മിഫോമിസ് എന്ന അപൂര്‍വ അമീബയുടെ സാന്നിധ്യമായിരുന്നു കുട്ടിയിൽ കണ്ടെത്തിയത്.