ആരോഗ്യം ആശങ്ക; 50 ശതമാനം ഇന്ത്യക്കാർക്കും കായികക്ഷമതയില്ല

ആരോഗ്യം ആശങ്ക; 50 ശതമാനം ഇന്ത്യക്കാർക്കും കായികക്ഷമതയില്ല

June 27, 2024 0 By KeralaHealthNews

ഇന്ത്യയിൽ പകുതിയോളം പേരും കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായികക്ഷമതയില്ലാത്തവരാണെന്നും പഠന റിപ്പോർട്ട്. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യക്കാരുടെ ശാരീരികക്ഷമതയുടെ ദയനീയാവസ്ഥ വിവരിക്കുന്നത്.

മതിയായ ശാരീരികക്ഷമതക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ പ്രകാരമുള്ള വ്യായാമത്തിലോ കായികാധ്വാനത്തിലോ ഇന്ത്യയിലെ പകുതിപേരും എത്തുന്നില്ല. പുരുഷന്മാരെക്കാൾ (42 ശതമാനം) സ്ത്രീകളാണ് (57 ശതമാനം) രാജ്യത്ത് കായികാധ്വാനം കുറവുള്ളവരെന്നും ലാൻസെറ്റ് പഠനം പറയുന്നു.

കായികക്ഷമത എന്നാൽ

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം ഒരു വ്യക്തി കായികക്ഷമതയുള്ളയാളാണെങ്കിൽ ആഴ്ചയിൽ കുറഞ്ഞത് 150 മുതൽ 300 മിനിറ്റ് വരെ കായികാധ്വാനം ആവശ്യമായ ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടണം. കായികക്ഷമതക്കുറവ് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ഓർമക്കുറവ്, സ്തനാർബുദം, മലാശയ അർബുദം എന്നിവക്കും കാരണമാകും.

കായികക്ഷമതയില്ലാത്ത പുരുഷന്മാരുടെ എണ്ണം ഇന്ത്യയിൽ 2000ൽ ജനസംഖ്യയുടെ 19.6 ശതമാനമായിരുന്നു; സ്ത്രീകളുടേത് 38.7 ശതമാനവും. കായികക്ഷമതയില്ലാത്ത ആളുകളുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ 12ാം സ്ഥാനത്താണ് ഇന്ത്യ. 

അമിത മദ്യപാനത്തിൽ ഏറെ മുന്നിൽ

അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ ഏറെ മുന്നിലെന്ന് ലോകാരോ​ഗ്യസംഘടന (ഡബ്ല്യൂ.എച്ച്.ഒ). ഇന്ത്യയിലെ മദ്യംമൂലമുള്ള മരണങ്ങൾ ലക്ഷത്തിൽ 38.5 എന്ന തോതിലാണ്; ചൈനയിൽ ഇത് 16.1 മാത്രം. അഥവാ, ചൈനയിലേക്കാൾ രണ്ടര ഇരട്ടിയാണ് ഈ ഗണത്തി​ലെ മരണനിരക്ക്. ഇന്ത്യയിൽ മദ്യം ഉപഭോഗം പിന്നെയും കൂടുകയാണ്.

രാജ്യത്തെ 31 ശതമാനത്തിലധികവും മദ്യപരാണ്; സ്ത്രീകളിൽ ഇരുപതു ശതമാനവും പുരുഷന്മാരിൽ 40 ശതമാനവുമാണ് മദ്യ ഉപഭോഗം. ഇന്ത്യയിലെ പതിനഞ്ചുമുതൽ പത്തൊമ്പതുവയസ്സുവരെ പ്രായമുള്ള കൗമാരക്കാർക്കിടയിലെ അമിതമദ്യപാനത്തേക്കുറിച്ചും ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.

റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 7.1 ശതമാനം യുവാക്കളും 5.2 ശതമാനം സ്ത്രീകളും അമിതമദ്യപാനത്തിന് അടിമകളാണ്. പ്രതിവർഷം മുപ്പതുലക്ഷം പേരുടെ മരണത്തിന് മദ്യപാനം കാരണമാകുന്നുവെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു.