എന്താണ് ഇമോഷണല്‍ ഇന്റലിജന്‍സ്? വര്‍ധിപ്പിക്കാന്‍ വഴികള്‍ ഇതാ
May 26, 2024നമ്മുടെയും മറ്റുള്ളവരുടെയും ഇമോഷന്‍സ് തിരിച്ചറിയാനും മനസിലാക്കാനുമുള്ള കഴിവിനെയാണ് ഇമോഷണല്‍ ഇന്റലിജന്‍സ് എന്നു പറയുന്നത്. നമ്മുടെ പെരുമാറ്റവും സാമൂഹ്യബന്ധങ്ങളും വിവിധ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതുമെല്ലാം നമ്മുടെ ഇമോഷണല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
ഇമോഷണല്‍ ഇന്റലിജന്‍സ് അക്കാദമിക് ഇന്റലിജന്‍സുമായി വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇന്റലിജന്‍സ് ക്വാഷ്യന്റ് അഥവാ ഐക്യുവിനേക്കാള്‍ പ്രധാനമാണ് ഇമോഷണല്‍ ക്വാഷ്യന്റ്. ജീവിതത്തിവിജയത്തിന് ഐക്യു ലെവല്‍ 20ശതമാനം മതിയെന്നാണ് റിസര്‍ച്ചുകള്‍ പറയുന്നത്. എന്നാല്‍ ഇമോഷണല്‍ ക്വാഷ്യന്റ് 80 ശതമാനമുണ്ടെങ്കിലേ സക്സസ് ആകാന്‍ കഴിയൂ. അതായത് ഐക്യുവിനേക്കാള്‍ പ്രധാനമാണ് ഇമോഷണല്‍ ക്വാഷ്യന്റ് എന്നത്.
ഓരോ ഇമോഷനുകള്‍ക്കും രണ്ട് ഡയമെന്ഷനുകളുണ്ട്. ഫിസിയോളജിക്കല്‍ സൈഡും സൈക്കോളജിക്കല്‍ സൈഡും. ഇമോഷനുകള്കൊണ്ട് നമ്മുടെ ഫിസിയോളജിയില്‍ വരുന്ന മാറ്റമാണ് ഫിസിയോളജിക്കല്‍ സൈഡില്പ്പെടുന്നത്. നമ്മുടെ ശ്വസനത്തില്‍, ഹൃദയസ്പന്ദനത്തില്‍ ഒക്കെ വരുന്ന മാറ്റം, ഇമോഷന്‍സ് വരുമ്പോഴുള്ള ഭാവപ്രകടനങ്ങള്‍ ഇതൊക്കെ ഫിസിയോളജിക്കലാണ്. ആങ്സൈറ്റി പോലുള്ള പ്രശ്നങ്ങളുണ്ടാവുമ്പോള്‍ സൈക്കോളജിക്കലായ മാറ്റം വരില്ലേ. അതാണ് സൈക്കോളജിക്കല്‍ സൈഡില്‍ വരുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇമോഷന്‍സ് കൊണ്ട് ശരീരത്തിനും മനസിനും മാറ്റങ്ങള്‍ വരുന്നുണ്ട്.
ഇമോഷണല്‍ ഇന്റലിജന്‍സിന് നാല് കമ്പോണന്റുകളാണുള്ളത്.
1. സെല്‍ഫ് അവെയര്‍നെസ്:
നമ്മളെക്കുറിച്ച് കൂടുതല്‍ അറിയുകയെന്നതാണ് സെല്‍ഫ് അവെയര്‍നെസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഏറ്റവും നല്ല അറിവാണിത്. നമുക്ക് എന്താണ് കൂടുതലായി എന്തൊക്കെ ചെയ്യാന്‍ കഴിയും, നമ്മളെ മോട്ടിവേറ്റ് ചെയ്യുന്ന ഫാക്ടര്‍ എന്താണ്, നമുക്ക് സാറ്റിസ്ഫാക്ഷന് തരുന്ന ഫാക്ടര്‍ എന്താണ്, നമ്മളെ പുഷ് ചെയ്യുന്ന ഫാക്ടര്‍ എന്താണ് ഇതെല്ലാം നന്നായി അറിഞ്ഞിരിക്കുകയെന്നതാണ് സെല്‍ഫ് അവെയര്‍നസ് കൊണ്ട് ഉദ്ദേശിക്കുന്നത്.
2. സെല്‍ഫ് മാനേജ്മെന്റ്:
നമ്മുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെയാണ് നമ്മള് കൈകാര്യം ചെയ്യുന്നത് എന്നതാണ് സെല്‍ഫ് മാനേജ്മെന്റ് അര്‍ത്ഥമാക്കുന്നത്.
3. സോഷ്യല്‍ അവെയര്‍നെസ്:
മറ്റുള്ളവരുടെ ഇമോഷന്‍സ് നമ്മള് മനസിലാക്കുകയെന്നതാണ് സോഷ്യല്‍ അവയര്‍നെസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ വികാരങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ മനസിലാക്കണം. എന്തൊക്കെയാണ് മറ്റുള്ളവരുടെ ഉയര്‍ച്ചയ്ക്ക് ആവശ്യമെന്ന് തിരിച്ചറിയല്‍, ഒരു സ്ഥലത്തെത്തിയാല്‍ അവടുത്തെ അന്തരീക്ഷം മനസിലാക്കല്‍, ഒരു ഗ്രൂപ്പിനുള്ളില്പ്പെട്ടാല് ആ ഗ്രൂപ്പിന്റെ ലക്ഷ്യം ഡയനാമിക്സ് എന്നിവ തിരിച്ചറിയുക ഇതെല്ലാം സാധ്യമാകണമെങ്കില്‍ നമുക്ക് സോഷ്യല്‍ അവയര്‍നെസ് ഉണ്ടായിരിക്കണം.
4. റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്:
നല്ല സാമൂഹ്യ ബന്ധങ്ങള്‍ സൃഷ്ടിക്കാനും നിലവിലെ ബന്ധങ്ങള്‍ക്ക് പ്രചോദനമാകാനുമുള്ള കഴിവിനെയാണ് റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് എന്ന് പറയുന്നത്. അതിന് സെല്‍ഫ് അവയര്നെസും, സെല്ഫ്മാനേജ്മെന്റും, സോഷ്യല്‍ അവയര്നെസും ഉണ്ടായിരിക്കണം. നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ ഇന്‍സ്പിരേഷണല്‍ ലീഡര്‍ഷിപ്പ് ഗുണം നമുക്കുവേണം. മറ്റുള്ളവരെ മെച്ചപ്പെടാന്‍ സഹായിക്കാനും ഉയര്‍ച്ചയിലേക്ക് നയിക്കാനുമുള്ള മനസുണ്ടാവണം. ചെയ്ഞ്ച് കാറ്റലിസ്റ്റ് ആവാന്‍ കഴിയണം. സെല്‍ഫ് അവയര്നസിലൂടെ നമ്മുടെ പിഴവുകളെ തിരിച്ചറിയുകയും അത് തിരുത്തി മുന്നോട്ടുപോകുകയും ചെയ്യുന്നതിനെയാണ് ചെയ്ഞ്ച് കാറ്റലിസ്റ്റ് എന്ന് പറയുന്നത്. ഇമോഷണല്‍ ഇന്റലിജന്‍സ് ഉള്ളവര്‍ക്ക് സംഘര്‍ഷ സാഹചര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടാകും.
ഇമോഷണല്‍ ഇന്റലിജന്‍സ് എങ്ങനെ വര്‍ധിപ്പിക്കാം:
നമ്മുടെ വികാരങ്ങളും വിചാരങ്ങളും എപ്പോഴും തിരിച്ചറിഞ്ഞുകൊണ്ടിരിക്കണം. ഒപ്പം തന്നെ മറ്റുള്ളവരുടെ വികാരങ്ങളും മനസിലാക്കണം. നമ്മള് മറ്റുള്ളവരുമായി ഇടപഴകുന്ന സമയത്ത് നമ്മുടെ ശബ്ദം, മുഖഭാവങ്ങള്‍, ശരീരഭാഷ എന്നിവ ഏതുരീതിയിലാണുള്ളതെന്ന ബോധ്യം നമുക്കുണ്ടാവണം. ചില സമയത്ത് നമ്മള് പറയുന്നത് പോസിറ്റീവായി ആണെങ്കിലും ശരീരഭാഷവും മുഖഭാവവുമൊക്കെ നെഗറ്റീവ് ആയിട്ടായിരിക്കും വരിക. കള്ളം പറയുമ്പോള്‍ ചിലപ്പോള്‍ ശരീരഭാഷയില്‍ നിന്നും കള്ളമാണെന്ന് മനസിലാവില്ലേ, അതുപോലെ തന്നെ.
ഇമോഷണല്‍ ഇന്റലിജന്‍സ് വര്‍ധിപ്പിക്കുന്നതിനായി എപ്പോഴും എന്റേത് എന്നതിന് പകരം നമ്മുടേത് എന്ന മനോഭാവമുണ്ടായിരിക്കണം. ഓരോ സാഹചര്യങ്ങളിലും മറ്റുള്ളവര്‍ക്കുണ്ടാകുന്ന മനോവികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ അവരെ അനുവദിക്കണം. മറ്റുള്ളവരുടെ ജോലി, ഫീലിങ്സ്, സംഭാവനകള്‍ എന്നിവയെ മൂല്യവത്തായി കാണാനുള്ള മനസുണ്ടാവണം. സ്ട്രസുണ്ടെങ്കില് അത് പെട്ടെന്ന് കുറയ്ക്കാനുള്ള ടെക്നിക് നമ്മള് പഠിച്ചുവെക്കണം. കുറേനേരം സ്ട്രസ് തുടര്‍ന്നാല്‍ അത് നമ്മുടെ ഇമോഷണല്‍ ഇന്റലിജന്‍സിനെ ബാധിക്കും. സംഘര്‍ഷ സാഹചര്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം.
ചില സന്ദര്‍ഭങ്ങളില്‍ നമ്മള് പൊട്ടിത്തെറിക്കാറുണ്ട്. അത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അത് ഒഴിവാക്കാനുള്ള രീതികള്‍ നമ്മള് കണ്ടെത്തണം. വൈകാരികമായി പൊട്ടിത്തെറിക്കുന്നതിന് പകരം അവിടെ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന് സ്വയം ചോദിച്ചുകൊണ്ട് ആ ആക്ഷനിലേക്ക് നീങ്ങുക. ദിവസവും മെഡിറ്റേഷന്‍ ചെയ്യുന്നതും നല്ലതാണ്.