ഫ്ളാക്സ് സീഡിന്‍റെ ആരോഗ്യ ഗുണങ്ങൾ
May 21, 2024പല അസുഖങ്ങൾക്കുമുള്ള പ്രകൃതിദത്ത മരുന്നാണ് ഫ്ളാക്സ് സീഡ് (Flax seed). നിരവധി ഗുണങ്ങളാണ് ഫ്ളാക്സ് സീഡ് കൊണ്ട് നമ്മുടെ ശരീരത്തിനുള്ളത്. അവയിൽ പ്രധാനപ്പെട്ടവ അറിയാം…
1. ആന്‍റി ഓക്സിഡന്‍റ് പ്രോപ്പർട്ടി
ഫ്ളാക്സ് സീഡിൽ അടങ്ങിയ ലിഗ്നൻ എന്ന കോമ്പൗണ്ട് വളരെ അധികം ആന്‍റി ഓക്സിഡന്‍റ് പ്രോപ്പർട്ടി ഉള്ളതാണ്. ശരീരത്തിലെ കോശങ്ങളെ ഫ്രീ റേഡിക്കൽസ് നശിപ്പിക്കുന്നത് ഇത് തടയുന്നു. അതുകൊണ്ടുതന്നെ കാൻസർ പോലുള്ള മാരക രോഗങ്ങൾ തടയുന്നതിനും പൊതുവെ ശരീരത്തിന്‍റെ ആരോഗ്യം കൂടാനും ഇത് സഹായിക്കുന്നു.
2. ഹോർമോൺ നിയന്ത്രണം
നേരത്തെ പറഞ്ഞ ലിഗ്നൻ ഈസ്ട്രജൻ ഹോർമോണിന്‍റെ ക്രമക്കേടുകൾ പരിഹരിക്കാനും സഹായകമാണ്. പിസിഒഡി (PCOD), അമിത വണ്ണം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാനും ഇവ ഉപകരിക്കുന്നു.
3. ഹൃദയാരോഗ്യം
ഫ്ളാക്സ് സീഡിൽ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊഴുപ്പിന്‍റെ പ്രധാന ഉറവിടമാണ്. അതിനാൽ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും, സ്ട്രോക് പോലുള്ള അസുഖങ്ങൾ തടയാനും ഇത് സഹായിക്കുന്നു. കൂടാതെ പ്രമേഹം, അമിത രക്ത സമ്മർദ്ദം തുടങ്ങിയവ നിയന്ത്രിക്കാനും സഹായിക്കുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡ്.
4. ദഹന സംബന്ധമായ അസുഖങ്ങൾ തടയുന്നു
മലബന്ധം കുറക്കാനും ദഹന സംബന്ധമായ അസുഖങ്ങൾ തടയാനും ഇവ ശരീരത്തെ സഹായിക്കുന്നുണ്ട്. ഫ്ളാക്സ് സീഡിൽ ധാരാളമായി അടങ്ങിയ നാരുകളാണ് (natural fibres) ഇതിന് കാരണമാകുന്നത്. നാരുകൾ അടങ്ങുതുകൊണ്ട് തന്നെ അമിത വണ്ണം ഉള്ളവരിലും ഡയറ്റ് കൺട്രോൾ ചെയ്യുന്നവരിലും വിശപ്പ് കുറക്കാനും വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ഇത് സഹായിക്കുന്നു.
ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിത വണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉളളവർ, പിസിഒഡി, അമിത കൊളസ്ട്രോൾ തുടങ്ങി ഒട്ടു മിക്ക ജീവിത ശൈലി രോഗങ്ങളും നിയന്ത്രിക്കുന്നതിന് ഫ്ളാക്സ് സീഡ് സഹായകമാകുന്നു എന്ന് മനസ്സിലായല്ലോ. ഈ രോഗാവസ്ഥ അലട്ടുന്നവർ ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഫ്ളാക്സ് സീഡ് വറുത്ത് പൊടിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്യുമ്പോൾ അത് പൂർണ്ണമായും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടാൻ സഹായകമാകുന്നുണ്ട്. ഫ്ളാക്സ് സീഡുകൾ വറുത്ത് പൊടിച്ച് വെച്ചാൽ പാകം ചെയ്യുന്ന മിക്ക ഭക്ഷണത്തിലും (ദോശ, ബോക്ക് ചെയ്യുന്ന പലഹാരങ്ങൾ etc) കുറഞ്ഞ അളവിൽ ചേർക്കാം.