അപൂർവ നാഡീരോഗം ഭേദമാക്കി ആസ്റ്റർ
May 15, 2024ഷാർജ: അപൂർവ സ്വയം രോഗപ്രതിരോധ നാഡി രോഗവുമായി എത്തിയ സ്കൂൾ അധ്യാപികക്ക് വിജയകരമായ ചികിത്സ ലഭ്യമാക്കി ഷാർജയിലെ ആസ്റ്റർ ഹോസ്പിറ്റൽ. 46കാരിയായ ആനി ചെറിയാനാണ് വിദഗ്ധ ചികിത്സയിലൂടെ രോഗം സുഖപ്പെടുത്തിയത്. ആസ്റ്ററിലെ സ്പെഷലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. രാജേഷ് ചൗധരിയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. നാഡീ ക്ഷതം മൂലം സംവേദനം നഷ്ടമാവുകയും അവയവങ്ങളുടെ ബലക്ഷയം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
ആറുമാസം മുമ്പ് കൈകാലുകൾക്ക് തളർച്ച അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് ആനി ചെറിയാൻ ആസ്റ്ററിൽ ചികിത്സക്കെത്തുന്നത്.
തുടർന്ന് പരിശോധനയിൽ ഇവർക്ക് സി.ഐ.ഡി.പി ഉണ്ടെന്ന് കണ്ടെത്തി. സി.ഐ.ഡി.പി നിയന്ത്രണ വിധേയമാക്കുന്നതിലെ പൊതുവായ സാധ്യതയായ സ്റ്റിറോയിഡുകളുടെ ഉപയോഗം പരിശോധിച്ചെങ്കിലും രോഗിയുടെ പ്രമേഹനില വഷളാകാൻ ഇത് ഇടയാക്കുമെന്നതിനാൽ ഈ ചികിത്സ രീതി പ്രായോഗികമായിരുന്നില്ല. ഒടുവിൽ ഇൻട്രാവെനസ് ഇമ്യൂണോഗ്ലോബലിന് (ഐ.വി.ഐ.ജി) ചികിത്സ രീതി തിരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് ദിവസം ഐ.സി.യു ചികിത്സ ഉൾപ്പെടെ എട്ട് ദിവസത്തെ ആശുപത്രി വാസത്തിനിടെ രോഗിക്ക് ഐ.വി.ഐ.ജി ചികിത്സ നൽകി. ഇതോടെ ആരോഗ്യത്തിൽ കാര്യമായ പുരോഗതി ദൃശ്യമായി. അവരുടെ കൈകാലുകളുടെ ശക്തി വീണ്ടെടുക്കുകയും പരസഹായമില്ലാതെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.