കൊടുംചൂടിൽ വ്യാധികളും; വലഞ്ഞ് ജനം
April 13, 2024തൊടുപുഴ: കൊടുംചൂടിൽ തളർന്ന് ജില്ലയുടെ ആരോഗ്യവും. പകർച്ചപ്പനി, ഡെങ്കിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് തലപൊക്കുന്നത്. ഡെങ്കിപ്പനി കേസുകൾ ജില്ലയിൽ കൂടിവരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നത്. ഫെബ്രുവരിയിൽ 15 പേർക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. എന്നാൽ, ഏപ്രിൽ പകുതിയായതോടെ 17 ഡെങ്കിപ്പനി കേസുകളാണ് ഇപ്പോൾതന്നെ കണ്ടെത്തിയത്.
വേനൽക്കാലത്ത് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊതുകുകൾ പരത്തുന്ന ഈ രോഗത്തിനു പിന്നിൽ മനുഷ്യന്റെ അശ്രദ്ധമായ ഇടപെടലുകൾ തന്നെയാണ് പ്രധാന കാരണം. മുറ്റത്തും പറമ്പിലുമെല്ലാം വെള്ളം കെട്ടിനിൽക്കാതെ നോക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയെല്ലാം കൊതുകുകൾ പെരുകുന്നത് തടയും. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മഞ്ഞപ്പിത്തവും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരിയിൽ നാലു പേർക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. മാർച്ചിൽ ഏഴ് കേസും ഏപ്രിൽ 11 വരെ ഏഴ് കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ മാസം 25 പേർക്കാണ് ചിക്കൻപോകസ് സ്ഥിരീകരിച്ചത്. പനി, തലവേദന എന്നീ പ്രാരംഭ ലക്ഷണങ്ങളിൽ തുടങ്ങി ദേഹത്ത് കുമിളകൾ ഉണ്ടാകുമ്പോഴാണ് പലരും ഈ രോഗം തിരിച്ചറിയുന്നത്. വാരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സിന് കാരണമാകുന്നത്. രോഗബാധിതനായ ആളിന്റെ സാമീപ്യം വഴി രോഗം പകരും. കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾതന്നെ ചികിത്സിക്കുകയാണെങ്കിൽ ചികിത്സ വളരെ ഫലപ്രദവും സങ്കീർണതകൾ ഇല്ലാത്തതുമാവും.
ഫെബ്രുവരിയിൽ 15 പേർക്കും മാർച്ചിൽ ആറു പേർക്കും ഏപ്രിൽ പകുതിയോടെ 25 പേർക്കും ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വൈറൽപനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ഈ മാസം ഇതുവരെ 1855 പേർ വൈറൽ പനി ബാധിതരായി ആശുപത്രിയിയിൽ ചികിത്സതേടിയെത്തി. ഫെബ്രുവരിയിൽ 6692 പേരും മാർച്ചിൽ 5195 പേരും പനി ബാധിച്ച് ചികിത്സ തേടിയെത്തി. പനി മാറിയാലും ചുമ, തലവേദന, ശരീരവേദന, തൊണ്ടവേദന, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സ്ഥിതിയുമുണ്ട്.
വരൾച്ച കടുത്തതോടെ ശുദ്ധജലത്തിന്റെ അഭാവംമൂലം വയറിളക്ക രോഗങ്ങൾ പിടികൂടാനുള്ള സാധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു. ജില്ലയിൽ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കിണറുകൾ അടക്കമുള്ള ശുദ്ധജല സ്രോതസ്സുകളിലേറെയും വറ്റി. ജലദൗർലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളം മലിനമാകാനുള്ള സാധ്യതയേറെയാണ്. വെള്ളവും ഭക്ഷണവും വൃത്തിഹീനമാകുമ്പോഴാണ് ജലജന്യരോഗങ്ങൾ വ്യാപകമാകുന്നത്.