ഗ്ലോക്കോമ: കാഴ്ചയുടെ നിശബ്ദ കൊലയാളിയെന്ന് ആരിഫ് മുഹമ്മദ് ഖാൻ
March 10, 2024തിരുവനന്തപുരം: കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് ഗ്ലോക്കോമയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാൽപത് വയസ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലെങ്കിലും കാഴ്ച പരിശോധിച്ച് ഗ്ലോക്കോമ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോക ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച് ട്രിവാൻഡ്രം ഒഫ്താൽമിക് ക്ലബ്ബും (ടി.ഒ.സി), കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസും (കെ.എസ്.ഒ.എസ്) സംയുക്തമായി വാക്കത്തോണിന് നൽകിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കവടിയാർ കൊട്ടാരത്തിന് സമീപം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ലക്ഷണമൊന്നുമില്ലാതെ അന്ധതയിലേക്ക് നയിക്കുന്ന വില്ലനാണ് ഗ്ലോക്കോമയെന്നും കൃത്യമായ പരിശോധനയും പരിചരണവും നൽകി കണ്ണുകളെ സംരക്ഷിക്കാൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ടി.ഒ.സി സെക്രട്ടറി ഡോ. ടി. തോമസ് ജോർജ്, ട്രഷറർ ഡോ. അഷദ് ശിവരാമൻ, കെ.എസ്.ഒ.എസ് ജനറൽ സെക്രട്ടറി ഡോ. സി. ബിജു ജോൺ തുടങ്ങിയവർ സംസാരിച്ചു. കവാടിയാർ കൊട്ടാര പരിസരത്ത് നിന്നും ആരംഭിച്ച വാക്കത്തൺ മാനവീയം വീഥിയിൽ സമാപിച്ചു. വിവിധ ആശുപത്രി പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.