ആറ് മണിക്കൂർ വ്യായാമം, ഉറക്കം…ഡയറ്റും വർക്കൗട്ടും മാത്രമല്ല, ആനന്ദ് അംബാനി 18 മാസം കൊണ്ട്  108 കിലോ  കുറച്ചത് ഇങ്ങനെ

ആറ് മണിക്കൂർ വ്യായാമം, ഉറക്കം…ഡയറ്റും വർക്കൗട്ടും മാത്രമല്ല, ആനന്ദ് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് ഇങ്ങനെ

March 2, 2024 0 By KeralaHealthNews

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രീവെഡ്ഡിങ് ആഘോഷങ്ങൾ ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ മൂന്നുവരെയാണ് ആഘോഷ പരിപാടികൾ. ജൂലൈയിൽ മുംബൈയിൽവച്ചാണ് വിവാഹം.

അംബാനി വിവാഹം ചർച്ചയാകുമ്പോൾ ആനന്ദ് ശരീരഭാരം കുറച്ചത് വാർത്തകളിൽ ഇടംപിടിക്കുകയാണ്. 208 കിലോ ഭാരമുണ്ടായിരുന്ന ആനന്ദ് 18 മാസം കൊണ്ട് 108 കിലോകുറച്ചിരുന്നു. അമ്മ നിത അംബാനിയാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ച് വെളിപ്പെടുത്തിയത് . ആനന്ദ്- രാധിക വിവാഹത്തിനോട് അനുബന്ധിച്ച് വീണ്ടും പഴയ അഭിമുഖം വാർത്തകളിൽ ഇടംപിടിക്കുകയാണ്.

ആസ്തമ രോഗിയായിരുന്നു ആനന്ദ് അംബാനി ആസ്തമയ്ക്കുള്ള മരുന്ന് കഴിച്ചതോടെയാണ് ശരീര ഭാരം വർധിച്ചതെന്നാണ് നിത അംബാനി അഭിമുഖത്തിൽ പറഞ്ഞത്. ‘ആസ്തമക്ക് സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നതോടെ ശരീരഭാരം 208 കിലോയോളമെത്തി. ശരീര ഭാരം കുറക്കാനായി ഫിറ്റ്നസ് കോച്ച് വിനോദ് ഛന്നയാണ് ആനന്ദിനെ സഹായിച്ചത്.18 മാസം കൊണ്ട് 108 കിലോ കുറച്ചു.

കുറഞ്ഞ മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, നാരുകൾ അടങ്ങിയ  ഭക്ഷണപദാർഥങ്ങൾ  എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.   ദിവസവും അഞ്ച് മുതൽ ആറ് മണിക്കൂർ വ്യായാമം ചെയ്തു. ദിവസവും 21 കിലോമീറ്റർ നടന്നു. യോഗ, സ്ട്രെങ്ത് ട്രെയിനിങ്, വഴക്കമുള്ള വ്യായാമങ്ങൾ, കാർഡിയോ തുടങ്ങിയ കഠിനമായ വ്യായാമ മുറകളും പരിശീലിച്ചു. ഇതുകൂടാതെ  ഉറക്കം, സമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങി ജീവിതശൈലി മാറ്റങ്ങളും ഡയറ്റിനും വ്യായാമത്തിനും പുറമെ ഫിറ്റ്നസ് പ്ലാനിൽ ഉൾപ്പെടുത്തി. ഈ ഫിറ്റ്നസ് പ്ലാനാണ് ശരീരഭാരം കുറക്കാൻ സഹായിച്ചത്’-നിത അംബാനി പറഞ്ഞു.