ദേശീയ വിരവിമുക്ത ദിനം ഇന്ന് ; എങ്ങനെ തടയാം
February 7, 2024തൊടുപുഴ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ജില്ലയില്‍ ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നു. ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വിരഗുളിക (ആല്‍ബന്‍ഡസോള്‍) നല്കി വിരരോഗ നിയന്ത്രണം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകളിലും അംഗൻവാടികളിലും കുട്ടികള്‍ക്ക് വിരഗുളിക നല്‍കും.
അന്നേദിവസം വിരക്കെതിരെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 15ന് മോപ് അപ് റൗണ്ടിലും ഗുളികകള്‍ ലഭ്യമാക്കും. കുട്ടികളില്‍ പോഷണവൈകല്യവും വിളര്‍ച്ചയുംമൂലം ക്ഷീണിതരായിട്ടാകും കാണപ്പെടുക. പഠനത്തില്‍ ശ്രദ്ധക്കുറവ്, പ്രായത്തിനനുസരിച്ച് ശരീരഭാരം വര്‍ധിക്കാതിരിക്കുക എന്നിവ വിരബാധയുടെ ലക്ഷണങ്ങളാണ്.പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പൈനാവ് മോഡല്‍ റെസിഡന്‍സ് സ്കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വഹിക്കും.
ലക്ഷണങ്ങള്‍ കുട്ടികളില്‍
വയറുവേദന, ഛര്‍ദി, വയറിളക്കം,മലദ്വാരത്തില്‍ ചൊറിച്ചില്‍,മലത്തില്‍ വിരകള്‍, വിളര്‍ച്ച,ഭാരക്കുറവ്
എങ്ങനെ തടയാം
1. മാംസം നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക.
2. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ കഴുകുക.
3. ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ കഴുകുക.
4. തുറസ്സായ സ്ഥലത്ത് മലവിസർജനം പാടില്ല.
5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
6. ഭക്ഷണം അടച്ച് സൂക്ഷിക്കുക
7. നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക.
8. അടിവസ്ത്രം ദിവസവും മാറുക.
9. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യം ശരിയായി സംസ്കരിക്കുക.
10. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
11. ആറു മാസത്തിലൊരിക്കൽ വിരബാധക്കെതിരെ ഗുളിക കഴിക്കുക.