മലമ്പനി വാക്സിൻ കുത്തിവെപ്പ് തുടങ്ങി
January 24, 2024കാമറൂണിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച ഡെനീലിയ (വലത്)
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ലോകത്ത് പ്രതിവർഷം 24 കോടി പേർക്ക് മലമ്പനി ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. മരണനിരക്ക് കണക്കാക്കിയിരിക്കുന്നത് ആറ് ലക്ഷത്തിനു മുകളിൽ. ഇതിൽ 95 ശതമാനവും ആഫ്രിക്കൻ രാജ്യങ്ങളിലാണെന്നതാണ് ശ്രദ്ധേയം. മാത്രമല്ല, ലോകത്ത് 97 ശതമാനം മലേറിയ റിപ്പോർട്ട് ചെയ്യുന്നതും ഈ ഭൂഖണ്ഡത്തിലാണ്. അതുകൊണ്ടുതന്നെ, ആഫ്രിക്കയിൽ മലമ്പനി പ്രതിരോധം ലോകാരോഗ്യ സംഘടനയുടെ വർഷങ്ങളായുള്ള അജണ്ടയാണ്. ആ ദൗത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടൊരു യജ്ഞത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണിപ്പോൾ സംഘടന.
അടുത്തിടെ ഗവേഷകർ വികസിപ്പിച്ചെടുത്ത ആദ്യ മലമ്പനി വാക്സിൻ കുത്തിവെപ്പ് കാമ്പയിൽ തിങ്കളാഴ്ച ആഫ്രിക്കയിൽ തുടങ്ങി. മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിലാണ് പദ്ധതിക്ക് തുടക്കമായത്. രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ രണ്ടര ലക്ഷം കുട്ടികൾക്ക് ഒരു ഡോസ് നൽകാനാണ് പദ്ധതി. 2025ഓടെ 20 ആഫ്രിക്കൻ രാജ്യങ്ങളിലെ 60 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.