‘മരിച്ചു’ ജീവിച്ച നടൻ ശ്രേയസ് പറയുന്നു; ‘ക്ലിനിക്കലി ഞാൻ ഡെഡ് ആയിരുന്നു, ​ജീവിതത്തിൽ ഇതെ​ന്റെ രണ്ടാമത്തെ അവസരം’

‘മരിച്ചു’ ജീവിച്ച നടൻ ശ്രേയസ് പറയുന്നു; ‘ക്ലിനിക്കലി ഞാൻ ഡെഡ് ആയിരുന്നു, ​ജീവിതത്തിൽ ഇതെ​ന്റെ രണ്ടാമത്തെ അവസരം’

January 3, 2024 0 By KeralaHealthNews

മുംബൈ: പത്തുമിനിറ്റ് നേരം ഹൃദയമിടിപ്പു നിലച്ചുപോയ ‘മൃതദേഹ’മായിരുന്നു അപ്പോൾ ശ്രേയസ് തൽപാഡെ. മരണത്തിന്റെ തണുപ്പ് ശരീരത്തിൽ പടർന്നുകയറിയ ആ നിമിഷങ്ങളിൽ ഡോക്ടർമാർ പറഞ്ഞത് ഇതായിരുന്നു -‘ഹീസ് ക്ലിനിക്കലി ഡെഡ്’. ജീവിതത്തിൽ അതിനുമു​മ്പ് ഒരിക്കലും ആശുപത്രിയിൽ കിടന്നിട്ടില്ലായിരുന്നു ശ്രേയസ്. രോഗങ്ങളും അയാളെ വേട്ടയാടിയിട്ടില്ലായിരുന്നു. എന്നിട്ടും, കടുത്ത ഹൃദയാഘാതം പൊടുന്നനെ വീഴ്ത്തിക്കളഞ്ഞു. മരണത്തിനും ജീവിതത്തിനുമിടയിലെ ആ നൂൽപാലത്തിൽനിന്ന് പക്ഷേ, അതിശയകരമായ തിരിച്ചുവരവു നടത്തിയ അനുഭവം പങ്കിടുകയാണ്, ബോളിവുഡിൽ മികവുറ്റ റോളുകളാൽ ശ്രദ്ധനേടിയ ശ്രേയസ്.

പൊടുന്നനെ നേരിട്ട ഈ പ്രതിസന്ധിയിൽ തിരിച്ചറിഞ്ഞ വലിയ കാര്യം ‘ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്’ എന്നതാണെന്ന് ശ്രേയസ് പറയുന്നു. ആശുപത്രി വിട്ടശേഷം വീട്ടിൽ വിശ്രമത്തിലാണ് 48കാരനായ നടൻ. ‘വെൽകം ടു ദ ജംഗിൾ’ എന്ന കോമഡി സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഡിസംബർ 14നാണ് താരത്തിന് ഹൃദയാഘാതം സംഭവിക്കു​ന്നത്.

‘ഷൂട്ടിങ്ങിനിടെ പെട്ടെന്ന് ശ്വാസം നിലച്ചപോലെ തോന്നുകയായിരുന്നു. ഇടതുകൈയിൽ ശക്തമായ വേദന അനുഭവപ്പെട്ടു. മസിൽവേദന ​പോലെയാണ് ആദ്യം എനിക്ക് തോന്നിയത്. വാഹനത്തിന് അരികിലേക്ക് എങ്ങനെയോ എത്തി. ആശുപത്രിയിലേക്ക് നേരെ പോകാനായിരുന്നു ആദ്യം കരുതിയത്. അതുമാറ്റി പിന്നെ, വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. വീട്ടിലെത്തി ഭാര്യ ദീപ്തിയോട് വിവരം പറഞ്ഞു. അവർ ഉടൻ എന്നെയുംകൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിയിൽ ​ഗതാഗതക്കുരുക്കിൽ കുടുങ്ങി. ആളുകളുടെ സഹായം തേടി വേഗം ഹോസ്പിറ്റലിലെത്തിച്ചു. ഡോക്ടർമാർ അടിയന്തരമായി വിദഗ്ധ ചികിത്സ നൽകിയതോടെയാണ് മരിച്ചുവെന്നുകരുതിയ ഘട്ടത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്’. പരിശോധനയിൽ ശ്രേയസിന്റെ രണ്ടു പ്രധാന രക്തക്കുഴലുകൾ ​​അടഞ്ഞിരുന്നുവെന്ന് കണ്ടെത്തി. ഒന്ന് 100 ശതമാനവും മറ്റൊന്ന് 99 ശതമാനവും. അടിയന്തര ആൻജിയോപ്ലാസ്റ്റിയിലൂടെയാണ് നടന്റെ ജീവ​ൻ രക്ഷിച്ചത്.

‘ക്ലിനിക്കലി ഞാൻ മരിച്ചുപോയിരുന്നു. കടുത്ത ഹൃദയാഘാതമാണ് സംഭവിച്ചത്. ജീവിതത്തിൽ ലഭിച്ച രണ്ടാമത്തെ അവസരമാണിത്. വലിയൊരു അദ്ഭുതമാണ് എന്നെ തിരിച്ചുകൊണ്ടുവന്നത്. 16 വയസ്സു മുതൽ അഭിനയ രംഗത്തുണ്ട്. 20-ാം വയസ്സിലാണ് പ്രൊഫഷനൽ ആക്ടറാവുന്നത്. കിഞ്ഞ 28 വർഷമായി കരിയറിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി തിരക്കിട്ട ജോലികളായിരുന്നു. മുൻകരുതലുകളെടുക്കുകയും പരിശോധനകളും മറ്റും കൃത്യമായി നടത്തുകയും ചെയ്തിരുന്നു. ഇ.സി.ജി, എക്കോ, സോണോഗ്രഫി എന്നിവയൊക്കെ ചെയ്തിരുന്നു. കുടുംബത്തിൽ ഹൃദയ സംബന്ധിയായ അസുഖമുള്ളവർ ഉള്ളതിനാലാണ് ഞാൻ മുൻകരുതലുകൾ എടുത്തിരു​ന്നത്’ -ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ശ്രേയസ് വിശദീകരിച്ചു.

ഓം ശാന്തി ഓമിൽ ഷാറൂഖ് ഖാനോടൊപ്പം ശ്രേയസ്

ഓം ശാന്തി ഓമിൽ ഷാറൂഖ് ഖാനോടൊപ്പം ശ്രേയസ്

‘ജീവിതത്തിൽ ഇതിനുമുമ്പ് ഒരിക്കലും ഞാൻ ആശുപത്രിയിലായിരുന്നിട്ടില്ല. ചികിത്സ തേടേണ്ട നേരിയ പരിക്കുപോലുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, എനിക്ക് ഇങ്ങനെ അവസ്ഥയുണ്ടാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നുമില്ല. ഇത്തരം അനുഭവങ്ങൾ ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിക്കും. ആരോഗ്യം ഒരിക്കലും നിസ്സാരമായി കാണരുത്. നമ്മുടെ കുടുംബം എപ്പോഴും ഓർമയിലുണ്ടായിരിക്കണം’.

‘ഇക്കാര്യം എല്ലാവരോടും ഉണർത്താൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ശരീരം ചില മുന്നറിയിപ്പുകൾ നൽകും. അത് അവഗണിക്കരുത്. നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. എന്തെങ്കിലും ടെസ്റ്റുകൾക്ക് നിർദേശിക്കുമെന്ന് ഭയന്ന് ഡോക്ടറെ കാണാതിരിക്കുന്ന ഒരുപാടു പേരുണ്ട്. ആ ടെസ്റ്റുകൾ പക്ഷേ, ഒരുപാട് ഗുണംചെയ്യുമെ​ന്നോർക്കണം. ആരോഗ്യവാന്മാരായ ഒരുപാടു പേർക്ക് കോവിഡിനുശേഷം ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളതായി ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് 2020ൽ കോവിഡ് വന്നിരുന്നു. ഞാൻ ഒട്ടും പുകവലിക്കാത്തയാളാണ്. മദ്യപാനം വളരെ കുറവും. ആരോഗ്യകരമായ ഭക്ഷണരീതിയാണെന്റേത്. കൃത്യമായ വ്യായാമവും. ഇതൊക്കെയുണ്ടാവുമ്പോഴും ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്’.

ഭാര്യ ദീപ്തിയോടൊപ്പം

ഭാര്യ ദീപ്തിയോടൊപ്പം

ദൈവത്തോടും പിന്നെ ഡോക്ടർമാർ, അഭ്യുദയകാംക്ഷികൾ എന്നിവരോടും നന്ദിപറഞ്ഞ ശ്രേയസ് തന്റെ തിരിച്ചു​വരവിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഭാര്യ ദീപ്തിയോടാണെന്നും കൂട്ടിച്ചേർത്തു. മരണത്തിന്റെ വായിൽനിന്ന് തന്നെ തിരിച്ചുപിടിക്കാൻ തന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ദീപ്തി യഥാസമയം നടത്തിയത് അദ്ദേഹം വിശദീകരിച്ചു. ബോധംവന്നപ്പോൾ ചിരിച്ചുകൊണ്ടിരുന്ന താൻ ഈ അഗ്നിപരീക്ഷയാൽ ബുദ്ധിമുട്ടിച്ചതിന് ദീപ്തിയോട് മാപ്പുചോദിച്ചുകൊണ്ടിരുന്നതായും ഡോക്ടർമാർ പറഞ്ഞതായി ശ്രേയസ് വ്യക്തമാക്കി.

മറാത്തി സീരിയലുകളിൽ വേഷമിട്ടാണ് ശ്രേയസ് അഭിനയരംഗത്തെത്തുന്നത്. നാഗേഷ് കുക്കുനൂരിന്റെ ഇഖ്ബാൽ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. ഒരു ക്രിക്കറ്ററുടെ വേഷമായിരുന്നു ഈ സിനിമയിൽ. 2007ൽ ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് സിനിമയായ ‘ഓം ശാന്തി ഓമി’ൽ നായകന്റെ അടുത്ത സുഹൃത്തായ കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രേയസ് ​പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ചു.