പകർച്ചവ്യാധി: സംസ്ഥാനത്ത് ഈ വർഷം മരണം 458
September 23, 2023പാലക്കാട്: പകർച്ചവ്യാധി ബാധിച്ച് ഈ വർഷം സംസ്ഥാനത്ത് മരിച്ചത് 458 പേർ. ഇതിൽ 206 മരണങ്ങൾ സ്ഥിരീകരിച്ചതും 252 എണ്ണം സംശയിക്കുന്നതുമാണെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചത് എലിപ്പനി ബാധിച്ചാണ്. രണ്ടാം സ്ഥാനത്ത് എച്ച്1എൻ1ഉം മൂന്നാമത് ഡെങ്കിപ്പനിയുമാണ്.
ഈ വർഷം ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവിലെ സ്ഥിരീകരിച്ച എലിപ്പനി മരണം -56. എലിപ്പനിയെന്ന് സംശയിക്കുന്ന മരണം -108. എച്ച്1എൻ1 സ്ഥിരീകരിച്ച മരണം -52. സംശയിക്കുന്നത് -19. ഡെങ്കിപ്പനി മരണം -38. സംശയിക്കുന്നത് -92. പേവിഷബാധ മരണം -13. സംശയിക്കുന്നത് -എട്ട്. ചെള്ളുപനി സ്ഥിരീകരിച്ചത് -10, സംശയിക്കുന്നത് -ഒന്ന്, ഹെപ്പറ്റൈറ്റിസ്-എ സ്ഥിരീകരിച്ച മരണം -മൂന്ന്, സംശയിക്കുന്നത് -രണ്ട്. ജപ്പാൻ ജ്വരം -സ്ഥിരീകരിച്ച മരണം -ഒന്ന്, സംശയിക്കുന്നത് -18, വൈറൽ പനി സ്ഥിരീകരിച്ച മരണം -ഏഴ്. ഹെപ്പറ്റൈറ്റിസ്-ബി -ആറ്, ഹെപ്പറ്റൈറ്റിസ്-സി -അഞ്ച്, മലേറിയ -നാല്, ചിക്കൻപോക്സ് -നാല്, അഞ്ചാംപനി -മൂന്ന്, നിപ -രണ്ട്. ടൈഫോയ്ഡ് സംശയിക്കുന്ന മൂന്ന് മരണവും ഈ വർഷമുണ്ടായി.
സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ കേസുകൾ വെച്ച് ഈ വർഷം എലിപ്പനി മരണം 160ഉം ഡെങ്കിപ്പനി മരണം 130ഉം ആണെന്ന് റിപ്പോർട്ട് പറയുന്നു. രോഗബാധിതരുടെ എണ്ണവും ഉയർന്നതാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 10,122 സ്ഥിരീകരിച്ചതും 28,309 സംശയിക്കുന്നതുമായ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. സ്ഥിരീകരിച്ച എലിപ്പനി കേസുകൾ 1359ഉം സംശയിക്കുന്നത് 1800ഉം ആണ്. എച്ച്1എൻ1 സ്ഥിരീകരിച്ച കേസുകൾ -874, സംശയിക്കുന്നത് -890. അഞ്ചാംപനി -സ്ഥിരികരിച്ച കേസുകൾ -743, സംശയിക്കുന്നത് -2029. ഹെപ്പറ്റൈറ്റിസ്-എ സ്ഥിരീകരിച്ച കേസ് -394, സംശയിക്കുന്നത് -1336. ഹെപ്പറ്റൈറ്റിസ്-ബി സ്ഥിരീകരിച്ച കേസുകൾ -858. ഈ വർഷം ആകെ വൈറൽ പനി ബാധിതർ 21,04,682.