പഴുത്ത തക്കാളി വിഷാദത്തെ ചെറുക്കും

പഴുത്ത തക്കാളി വിഷാദത്തെ ചെറുക്കും

February 6, 2025 0 By KeralaHealthNews

കറികൾക്ക് രുചി നൽകാൻ മാത്രമല്ല, ചർമസംരക്ഷണത്തിനും ഹൃദയാരോ​ഗ്യത്തിനും തക്കാളി നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. തക്കാളിയിൽ ചർമത്തെ പരിപോഷിപ്പിക്കുന്ന നിരവധി എൻസൈമുകൾ ഉണ്ട്. കൂടാതെ ചർമത്തിലെ എണ്ണമയത്തിന്റെ ഉൽപാദനം സ്വാഭാവികമായ രീതിയിൽ കുറക്കുന്നതിന് തക്കാളി ഒരു പരിഹാരമായി പ്രവർത്തിക്കും. ഇപ്പോഴിതാ വിഷാ​ദ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിന് നല്ല ചുവന്ന പഴുത്ത തക്കാളി ഡയറ്റിൽ ചേർക്കുന്നത് ഫലപ്രദമാണെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയാമിൻ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ ലൈക്കോപീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ശരീരത്തിൽ ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ കുറവ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

ഫുഡ് സയൻസ് ആന്‍റ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ തക്കാളിയിൽ അടങ്ങിയ ആന്റി ഓക്സിഡന്റായ ‘ലൈക്കോപീൻ’ വിഷാദലക്ഷണങ്ങൾ ലഘൂകരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ലൈക്കോപീൻ പഴങ്ങള്‍ക്ക് ചുവന്ന നിറം നൽകുന്നു. തക്കാളിയിൽ മാത്രമല്ല, തണ്ണിമത്തനിലും മറ്റ് ചുവന്ന നിറമുള്ള പഴങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ആന്റി ഓക്സിഡന്റ് ആണ് ലൈക്കോപീൻ.

ലൈക്കോപീന്‍ രക്തക്കുഴലുകളെ ആന്തരിക പാളിയില്‍ സംരക്ഷിക്കുകയും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. തക്കാളിയുടെ ചുവപ്പുനിറം കൂടുന്നതനുസരിച്ച് ലൈക്കോപീന്‍ അളവും അധികമായിരിക്കും എന്നാണ് കണക്ക്.

വിഷാദത്തിലാകുമ്പോൾ തലച്ചോറിലെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ദുർബലമാകുന്നു. ഇത് തലച്ചോറിലെ വൈകാരിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു. ലൈക്കോപീൻ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുന്നു. തലച്ചോറിലെ കോശങ്ങളുടെ നിലനിൽപ്പിനും ആശയവിനിമയത്തിനും ലൈക്കോപീൻ ആവശ്യമാണെന്നും എന്നാല്‍ ഇതിൽ കൂടുതൽ പരീക്ഷണം നടത്തേണ്ടതുണ്ടെന്നും ​ഗവേഷകർ പറയുന്നു.�