
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുതല്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ തെറപ്പികൾ വരെ… ബ്ലഡ് കാൻസറിനെ നേരിടാനുള്ള ആധുനിക ചികിത്സാരീതികളറിയാം…
February 4, 2025രക്താര്‍ബുദ ചികിത്സാമേഖലയില്‍ അതിനൂതനമായ പല മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രോഗബാധിതര്‍ക്ക് തങ്ങളുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യതകളും ഇതോടൊപ്പം ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മുതല്‍ ജനറ്റിക് എൻജിനീയറിങ് വരെയുള്ള നവീന സാധ്യതകള്‍ ചികിത്സയില്‍ വിപ്ലവകരമായ വളര്‍ച്ചയും പ്രതീക്ഷയുമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
ഇമ്യൂണോതെറപ്പി
ഇമ്യൂണോതെറപ്പിക്ക് രക്താര്‍ബുദ ചികിത്സയില്‍ നിര്‍ണായക പങ്കാണുള്ളത്. കാൻസർ കോശങ്ങൾക്കെതിരെ പൊരുതാന്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിക്ക് കരുത്ത് നല്‍കുന്ന ചെക്ക് പോയന്‍റ് ഇന്‍ഹിബിറ്റേഴ്‌സ്, മോണോക്ലോണല്‍ ആന്‍റിബോഡീസ് തുടങ്ങിയ ചികിത്സാരീതികള്‍ ശ്രദ്ധേയമായ വിജയനിരക്കുകള്‍ വെളിവാക്കുന്നു.
കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള ഈ നവീന രീതികൾ, ശരീരത്തിലെ ആരോഗ്യകരമായ മറ്റു കോശങ്ങള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള കേടുപാടുകളുടെ തോത് പരമാവധി കുറക്കുകയും ചെയ്യുന്നു. പരമ്പരാഗതമായി നാം സ്വീകരിച്ചുവരുന്ന കീമോതെറപ്പിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നൂതന ചികിത്സാരീതികളില്‍ പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതും ശ്രദ്ധേയമാണ്.
CAR-T സെൽ തെറപ്പി
കിമെറിക് ആന്‍റിജൻ റിസെപ്റ്റർ (CAR) ടി സെൽ തെറപ്പി എന്നത് രക്താർബുദ ചികിത്സയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളിലൊന്നാണ്. ഈ ചികിത്സയിൽ, രോഗിയുടെ സ്വന്തം ടി കോശങ്ങൾ ശേഖരിച്ച്, ജനിതകമായി മാറ്റം വരുത്തി, അർബുദ കോശങ്ങളെ കൃത്യമായി തിരിച്ചറിയാനും നശിപ്പിക്കാനും കഴിയുന്ന വിധത്തിൽ പുനർനിർമിക്കുന്നു.
പ്രത്യേകിച്ച്, കീമോതെറപ്പിയോട് പ്രതികരിക്കാത്ത ബി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ല്യൂക്കീമിയയിലും, ബി-സെൽ ലിംഫോമകളിലും ഈ ചികിത്സാരീതി വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വിവിധതരം ചികിത്സകൾക്ക് ശേഷവും രോഗം മടങ്ങിവരുന്ന മൾട്ടിപ്പിൾ മൈലോമ രോഗികൾക്ക്, പ്രത്യേകിച്ചും നിരവധി ചികിത്സാ രീതികൾ പരാജയപ്പെട്ടവർക്ക്, നിലവിൽ ക്ലിനിക്കൽ പരീക്ഷണാടിസ്ഥാനത്തിൽ CAR-T സെൽ തെറാപ്പി ലഭ്യമാണ്.
നിലവിൽ ഇന്ത്യയിലും കേരളത്തിലും ലഭ്യമാണെങ്കിലും ഏകദേശം 40-50 ലക്ഷം രൂപ വരെ ചെലവ് വരുന്ന ഈ ചികിത്സ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം വളരെ ചെലവേറിയതാണ്. എന്നിരുന്നാലും, മറ്റു ചികിത്സാ മാർഗങ്ങൾ പരാജയപ്പെട്ട രോഗികൾക്ക് ഇത് ജീവൻ രക്ഷിക്കുന്ന ഒരു ചികിത്സാ മാർഗമായി മാറിയിട്ടുണ്ട്.
ടാർഗറ്റഡ് തെറപ്പി
ലക്ഷ്യാധിഷ്ഠിത ചികിത്സ (ടാർഗറ്റഡ് തെറപ്പി) രക്താർബുദ ചികിത്സയിൽ ഒരു വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചിരിക്കുന്നു. പരമ്പരാഗത കീമോതെറപ്പിയിൽനിന്ന് വ്യത്യസ്തമായി, ഈ ചികിത്സാരീതി അർബുദ കോശങ്ങളിലെ നിർദിഷ്ട ജനിതക വ്യതിയാനങ്ങളെയും പ്രോട്ടീനുകളെയും ലക്ഷ്യമിടുന്നു.
ഇമാറ്റിനിബ് പോലുള്ള ടൈറോസിൻ കൈനേസ് ഇൻഹിബിറ്റർ മരുന്നുകൾ ക്രോണിക് മൈലോയിഡ് ല്യൂക്കീമിയയുടെ ചികിത്സയിൽ അത്ഭുതകരമായ മാറ്റം സൃഷ്ടിച്ചു. ബി-സെൽ ലിംഫോമകളുടെ ചികിത്സയിൽ റിറ്റുക്സിമാബ് പോലുള്ള മോണോക്ലോണൽ ആന്‍റിബോഡികൾ വഴിത്തിരിവായി.
ബ്രൂട്ടൺ ടൈറോസിൻ കൈനേസ് ഇൻഹിബിറ്റർ ആയ ഇബ്രുട്ടിനിബ്, വെനെറ്റോക്ലാക്സ് പോലുള്ള BCL-2 ഇൻഹിബിറ്റർ എന്നിവ ക്രോണിക് ലിംഫോസൈറ്റിക് ല്യൂക്കീമിയയുടെ ചികിത്സയിൽ വലിയ മാറ്റം കൊണ്ടുവന്നു. അക്യൂട്ട് മൈലോയിഡ് ല്യൂക്കീമിയയിൽ FLT3 ഇൻഹിബിറ്ററുകളായ മിഡോസ്റ്റൗറിൻ, ഗിൽറ്റെറിറ്റിനിബ് തുടങ്ങിയവയും മൈലോഫൈബ്രോസിസിൽ ജാക് ഇൻഹിബിറ്ററുകളും പുതിയ പ്രതീക്ഷ നൽകുന്നു.
മൾട്ടിപ്പിൾ മൈലോമയിൽ പ്രോട്ടിയോസോം ഇൻഹിബിറ്ററുകൾ, ഇമ്യൂണോമോഡുലേറ്ററി ഡ്രഗ്സ്, മോണോക്ലോണൽ ആന്‍റിബോഡികൾ എന്നിവ രോഗനിയന്ത്രണത്തിൽ വലിയ പങ്ക് വഹിക്കുന്നു. ഈ മരുന്നുകൾ പലതും വായിലൂടെ കഴിക്കാവുന്നവയാണ് എന്നതും പരമ്പരാഗത കീമോതെറപ്പിയെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറവാണ് എന്നതും ശ്രദ്ധേയമാണ്.
ക്രിസ്പർ (CRISPR) സാങ്കേതികവിദ്യ
ക്രിസ്പർ (CRISPR) സാങ്കേതികവിദ്യ ജനിതക എൻജിനീയറിങ് മേഖലയിൽ ഒരു വിപ്ലവകരമായ കണ്ടുപിടുത്തമാണ്. ഒരു ‘ജനിതക കത്രിക’ എന്ന് വിളിക്കാവുന്ന ഈ സാങ്കേതികവിദ്യ, ഡി.എൻ.എയിൽ കൃത്യമായി മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നു.
രക്തസംബന്ധ രോഗങ്ങളുടെ ചികിത്സയിൽ ഇത് വലിയ പ്രതീക്ഷ നൽകുന്നു. സിക്കിൾ സെൽ അനീമിയ, തലസ്സീമിയ തുടങ്ങിയ പാരമ്പര്യ രക്തരോഗങ്ങളിൽ ജനിതക പിശകുകൾ തിരുത്താൻ ക്രിസ്പർ ഉപയോഗിക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുവരുന്നു. ല്യൂക്കീമിയ ചികിത്സയിൽ രോഗികളുടെ ടി-കോശങ്ങളെ കൂടുതൽ ശക്തമാക്കാനും CAR-T സെൽ തെറപ്പിയുടെ ഫലപ്രാപ്തി വർധിപ്പിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
കൂടാതെ, ‘ഓഫ്-ദ-ഷെൽഫ്’ CAR-T സെൽ തെറപ്പി വികസിപ്പിക്കാനും അതായത് ഒരു ദാതാവിന്‍റെ കോശങ്ങൾ പല രോഗികൾക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ മാറ്റം വരുത്താനും ക്രിസ്പർ സഹായകമാകുന്നു. രക്താർബുദ കോശങ്ങളിലെ പ്രതിരോധ മരുന്നുകളോടുള്ള പ്രതിരോധം മനസ്സിലാക്കാനും പുതിയ ചികിത്സ ലക്ഷ്യങ്ങൾ കണ്ടെത്താനും ഈ സാങ്കേതികവിദ്യ ഗവേഷകരെ സഹായിക്കുന്നു.
എന്നിരുന്നാലും, സുരക്ഷിതത്വം, ലക്ഷ്യമിടാത്ത ജനിതക മാറ്റങ്ങൾ, ചികിത്സയുടെ ചെലവ് എന്നിവ ഇപ്പോഴും വെല്ലുവിളികളായി തുടരുന്നു.
പ്രസിഷന്‍ മെഡിസിന്‍
രക്താര്‍ബുദ ചികിത്സയില്‍ പുതിയൊരു വിപ്ലവമാണ് പ്രസിഷന്‍ മെഡിസിന്‍. രോഗിയുടെ ജനിതക ഘടനയും തന്മാത്രാശാസ്ത്രപരമായ പ്രത്യേകതകളും കൃത്യമായി വിശകലനം ചെയ്ത് ഓരോ രോഗിക്കും ഏറ്റവും ഫലപ്രദവും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമായ ചികിത്സാ രീതികള്‍ രൂപകൽപന ചെയ്യുന്നതാണ് ഇതിന്‍റെ സവിശേഷത.
കാന്‍സര്‍ കോശങ്ങളിലെ പ്രത്യേക ജനിതക മാറ്റങ്ങളോ അസാധാരണതകളോ തിരിച്ചറിഞ്ഞ് അവയെ ലക്ഷ്യമാക്കിയുള്ള ചികിത്സകള്‍ നടപ്പാക്കുകയാണ് ഇതിന്‍റെ പ്രധാന തത്വം. ഉദാഹരണത്തിന്, ക്രോണിക് മൈലോയിഡ് ലൂക്കീമിയയില്‍ BCR-ABL ഫ്യൂഷന്‍ ജീന്‍ കണ്ടെത്തിയതോടെ ടൈറോസിന്‍ കൈനേസ് ഇന്‍ഹിബിറ്റേഴ്‌സ് എന്ന മരുന്നുകള്‍ വികസിപ്പിച്ചെടുക്കുകയും അവ ഈ അസാധാരണതയെ നേരിട്ട് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത് രോഗമുക്തി നിരക്ക് ഗണ്യമായി വർധിപ്പിക്കാ സഹായിച്ചു.
രോഗനിര്‍ണയം, രോഗവ്യാപനം എന്നിവ നിര്‍ണയിക്കുന്നതിലും പ്രസിഷന്‍ മെഡിസിന്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പ്രത്യേക ജനിതക മാര്‍ക്കറുകള്‍ നിരീക്ഷിച്ച് രോഗം തിരിച്ചുവരാനുള്ള സാധ്യത വിലയിരുത്തുകയും ചികിത്സ രീതികള്‍ അനുസരിച്ച് ക്രമീകരിക്കുകയും ചെയ്യാം.
പ്രസിഷന്‍ മെഡിസിന്‍ വലിയ പ്രതീക്ഷകള്‍ നല്‍കുമ്പോഴും ചില വെല്ലുവിളികളും നേരിടുന്നുണ്ട്. അത്യാധുനിക രോഗനിര്‍ണയ പരിശോധനകളും ലക്ഷ്യമിട്ടുള്ള ചികിത്സകളും എല്ലാവര്‍ക്കും ലഭ്യമാകണമെന്നില്ല. ചികിത്സ ചെലവ് ഉയര്‍ന്നതായിരിക്കാം.
എന്നിരുന്നാലും, തുടര്‍ച്ചയായ ഗവേഷണങ്ങളും സാങ്കേതികവികസനങ്ങളും രക്താര്‍ബുദ ചികിത്സയില്‍ പ്രസിഷന്‍ മെഡിസിന്‍റെ പ്രാധാന്യം വർധിപ്പിക്കുകയും രോഗികള്‍ക്ക് മികച്ച ഫലങ്ങള്‍ നേടാന്‍ സഹായിക്കുകയും ചെയ്യും.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസും മെഷീന്‍ ലേണിങ്ങും
രക്താര്‍ബുദ ചികിത്സയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസും (എ.ഐ) മെഷീന്‍ ലേണിങ്ങും നിര്‍ണായക പങ്ക് വഹിക്കുന്നു.
രോഗനിര്‍ണയം: മെഷീന്‍ ലേണിങ് അല്‍ഗോരിതങ്ങള്‍ക്ക് രക്തപരിശോധന റിപ്പോര്‍ട്ടുകള്‍, ഇമേജിങ് സ്കാന്‍ റിസള്‍ട്ടുകള്‍, മറ്റു ക്ലിനിക്കല്‍ ഡേറ്റ എന്നിവ വിശകലനം ചെയ്ത് രോഗം കൃത്യമായി തിരിച്ചറിയാന്‍ സാധിക്കും.
പ്രവചനം: രോഗം പുരോഗമിക്കാനുള്ള സാധ്യത, ചികിത്സയോടുള്ള പ്രതികരണം, രോഗം തിരിച്ചുവരാനുള്ള സാധ്യത എന്നിവ പ്രവചിക്കാന്‍ മെഷീന്‍ ലേണിങ് സഹായിക്കുന്നു.
ചികിത്സ തീരുമാനം: ഓരോ രോഗിക്കും ഏറ്റവും അനുയോജ്യമായ ചികിത്സ രീതി തിരഞ്ഞെടുക്കാന്‍ മെഷീന്‍ ലേണിങ് അടിസ്ഥാനമാകാം.
മരുന്ന് വികസനം: പുതിയ മരുന്നുകള്‍ കണ്ടെത്താനും അവയുടെ ഫലപ്രാപ്തി വിലയിരുത്താനും എ.ഐ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, മെഷീന്‍ ലേണിങ് അല്‍ഗോരിതങ്ങള്‍ക്ക് മൈക്രോസ്‌കോപ്പിക് ഇമേജുകളില്‍നിന്ന് ലിംഫോമ കോശങ്ങളെ തിരിച്ചറിയാനും വർഗീകരിക്കാനും കഴിയും. ഇത് പാത്തോളജിസ്റ്റുകളെ സഹായിക്കുകയും കൂടുതല്‍ കൃത്യമായ രോഗനിര്‍ണയം സാധ്യമാക്കുകയും ചെയ്യും.
എന്നിരുന്നാലും, എ.ഐയും മെഷീന്‍ ലേണിങ്ങും രക്താര്‍ബുദ ചികിത്സയില്‍ പൂർണമായും ഉപയോഗിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. ഡേറ്റ സുരക്ഷ, അല്‍ഗോരിതങ്ങളുടെ വിശ്വാസ്യത, ഈ സാങ്കേതികവിദ്യകള്‍ ക്ലിനിക്കല്‍ പരിശീലനത്തില്‍ സംയോജിപ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവ പ്രധാനപ്പെട്ട ചില വെല്ലുവിളികളാണ്.
സാങ്കേതിക മേഖലയിലും ആരോഗ്യ മേഖലയിലുമുണ്ടായിട്ടുള്ള ഈ വളര്‍ച്ച കാൻസർ ചികിത്സയിൽ ഏറെ പ്രതീക്ഷകളാണ് തരുന്നത്. ചികിത്സ സൗകര്യങ്ങളുടെ ലഭ്യത, ചെലവ് എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ നിലനില്‍ക്കുന്നെങ്കിലും മേഖലയില്‍ നിരന്തരം നടക്കുന്ന ഗവേഷണങ്ങളുടെയും വളര്‍ച്ചയുടെയും ഫലമായി വരും വര്‍ഷങ്ങളില്‍ മിതമായി നിരക്കില്‍ ഏവര്‍ക്കും ലഭ്യമാകുന്ന ഫലപ്രദമായ മികച്ച ചികിത്സാരീതികള്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.