
കൈകാലുകളിലെ തരിപ്പും മരവിപ്പും: കാരണങ്ങളും ചികിത്സയും
January 28, 2025പൊതുവിൽ ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സക്കെത്തുന്ന രോഗികളിൽ ചെറിയൊരു ശതമാനമെങ്കിലും ഡോക്ടർമാരോട് പറയുന്ന ആവലാതികളിൽ ഒന്നാണ് ‘കൈകാലുകളിലെ തരിപ്പ്’ എന്ന അവസ്ഥ. പ്രാദേശിക ഭാഷാവ്യതിയാനമനുസരിച്ച് ചുട്ടുനീറ്റൽ, പെരുപ്പ്, മരവിപ്പ് എന്നെല്ലാം ഇതിനെ വിശേഷിപ്പിക്കാറുണ്ട്.
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ഈ പ്രശ്നത്തിന് പിറകിൽ നിരവധി കാരണങ്ങളുണ്ട്. ആധുനിക വൈദ്യശാസ്ത്രം പെരിഫെറൽ ന്യൂറോപ്പതി (Peripheral neuropathy) എന്ന് വിളിക്കുന്ന ഈ അവസ്ഥ പൊതുവിൽ ആദ്യം പാദങ്ങളിലും പിന്നീട് കൈകളിലുമാണ് അനുഭവപ്പെടുക.
നിയന്ത്രണമില്ലാത്ത പ്രമേഹമുള്ളവരിൽ ധാരാളമായി കണ്ടുവരുന്ന കൈകാലുകളിലെ തരിപ്പ് പാരമ്പര്യ-ജനിതക രോഗങ്ങൾ, വിറ്റമിൻ ഉൾപ്പെടെയുള്ള പോഷകങ്ങളുടെ കുറവ്, വൃക്ക-കരൾ രോഗങ്ങൾ, വാതസംബന്ധ രോഗങ്ങൾ, നട്ടെല്ലിലെ ഡിസ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി എയ്ഡ്സ് പോലുള്ള അണുബാധകൾ മൂലവും ഉണ്ടാവാറുണ്ട്.
ഇതിനുപുറമെ മദ്യപാനം, പുകവലി, മയക്കുമരുന്നുകൾ തുടങ്ങിയ ദുശ്ശീലങ്ങൾ ശരീരത്തിൽ സൃഷ്ടിക്കുന്ന ഹാനികരമായ രാസപദാർഥങ്ങൾ മൂലവും വിഷവസ്തുക്കൾ മൂലവും ഈ ലക്ഷണങ്ങൾ പ്രകടമാവാറുണ്ട്.
എന്താണ് ‘പെരിഫെറൽ ന്യൂറോപ്പതി’?
മനുഷ്യ ശരീരത്തിലെ എല്ലാഭാഗങ്ങളെയും നിയന്ത്രിക്കുന്നത് മസ്തിഷ്കമാണ്. മസ്തിഷ്കത്തിലെ സുഷുമ്‌ന നാഡികളില്‍നിന്ന് തുടങ്ങി ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നേർത്ത നാഡികളെയാണ് ‘പെരിഫെറല്‍ നാഡികൾ’ എന്ന് വിളിക്കുന്നത്.
അവയവങ്ങളിലെ വേദന, ചൊറിച്ചിൽ, ചൂട്, തണുപ്പ് തുടങ്ങിയ അനുഭവങ്ങളെ ക്ഷണനേരംകൊണ്ട് തലച്ചോറില്‍ എത്തിക്കുന്നത് ‘പെരിഫെറല്‍ നാഡി’കളാണ്. ഇത്തരം നാഡികൾക്കുണ്ടാവുന്ന ഏറിയും കുറഞ്ഞുമുള്ള തകരാറുകളുടെ ഭാഗമായാണ് ‘പെരിഫെറല്‍ ന്യൂറോപ്പതി’യും അതിന്‍റെ ലക്ഷണമായി കൈകാലുകളിൽ തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്.
രാവിലെ ഉറങ്ങി എഴുന്നേറ്റാലുടൻ നിൽക്കാനും നടക്കാനും പ്രയാസം, ചൂടുള്ളതും തണുപ്പുള്ളതുമായ വസ്തുക്കളിൽ സ്പർശിക്കുമ്പോഴുണ്ടാവുന്ന അസഹ്യമായ അസ്വസ്ഥതകൾ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാലും ഒരു വിദഗ്ധ ഡോക്ടറുടെ പരിശോധനയിലൂടെ മാത്രമേ രോഗനിർണയം സാധ്യമാകൂ. രോഗകാരണം കണ്ടെത്തിയുള്ള ചികിത്സയാണ് അഭികാമ്യം.
രോഗകാരണങ്ങൾ
ദീർഘകാലം രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് കൂടി നില്‍ക്കുന്ന ഭൂരിപക്ഷം പ്രമേഹരോഗികളിലും ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ ഉയർന്നനില കാലക്രമേണ നാഡികളെ തകരാറിലാക്കുന്നതിനാലും ഞരമ്പുകളിലേക്ക് ആവശ്യത്തിന് രക്തം ലഭിക്കാത്തതിനാലും അവയവങ്ങളിലെ സംവേദനക്ഷമത നഷ്ടപ്പെട്ട് കൈകാലുകളിൽ മരവിപ്പും തരിപ്പും തൊട്ടാൽ അറിയാത്ത അവസ്ഥയുമെല്ലാം അനുഭവപ്പെടാം.
ഇതിന് പുറമെയാണ് ജീവകങ്ങളുടെ (വിറ്റമിൻ) കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ. വിറ്റമിൻ-ബി കോംപ്ലക്സ്, വിറ്റമിൻ-ഡി, ഇ എന്നിവയുടെ കുറവുകൊണ്ടും അവയവങ്ങളിൽ തരിപ്പും മരവിപ്പും അനുഭവപ്പെടാം. തൈറോയ്ഡ് രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവ ഉള്ളവർക്കും ചില മരുന്നുകളുടെ പാർശ്വഫലമായും ഇങ്ങനെ സംഭവിക്കാം.
കൂടാതെ പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവമൂലം ശരീരത്തിലുണ്ടാവുന്ന വിഷാംശങ്ങൾ അടങ്ങിയ രാസപദാർഥങ്ങളുടെ ഫലമായും തരിപ്പും മരവിപ്പും മറ്റും അനുഭവപ്പെടാറുണ്ട്.
രോഗനിർണയം
ലക്ഷണങ്ങൾ മനസ്സിലാക്കിയും ശാരീരിക പരിശോധനയിലൂടെയും വിദഗ്ധനായ ഒരു ഡോക്ടർക്ക് ഒരു പരിധിവരെ രോഗനിർണയം നടത്താവുന്നതാണ്. ഇതിന് പുറമെ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന ഞരമ്പുകളുടെ സംവേദനക്ഷമത പരിശോധന (Nerve conduction study), എം.ആർ.ഐ സ്കാൻ തുടങ്ങിയ പരിശോധനകളും രോഗനിർണയത്തിന്‍റെ ഭാഗമായി നടത്താറുണ്ട്.
ചികിത്സ മാർഗങ്ങൾ
രോഗനിർണയം നടത്തിക്കഴിഞ്ഞാൽ അസുഖത്തിന്‍റെ കാരണത്തിനുൾപ്പെടെയാണ് ചികിത്സ നൽകുക. ഉദാഹരണത്തിന്, പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ക്രമീകരിക്കുന്നതിനൊപ്പമാണ് ‘പെരിഫെറൽ ന്യൂറോപ്പതി’ക്കുള്ള മരുന്നുകൾ നൽകുക.
വിറ്റമിനുകളുടെ കുറവുമൂലമുള്ള ബുദ്ധിമുട്ടുകൾക്ക് ആവശ്യത്തിന് വിറ്റമിനുകളും ആഹാരക്രമീകരണവുമാണ് നിർദേശിക്കുക. മരുന്നുകൾതന്നെയാണ് ആദ്യ ഘട്ടത്തിൽ നൽകുക. പല കേസുകളിലും അത് മതിയാകുമെങ്കിലും ചില ന്യൂറോപ്പതികളിൽ ശസ്ത്രക്രിയയും ആവശ്യമായിവരും.
ഇതിനൊപ്പം വ്യായാമം, ഫിസിയോതെറപ്പി തുടങ്ങിയവയും മികച്ച ഫലം നൽകും. തുടക്കത്തിൽതന്നെ ചികിത്സിക്കുന്നത് വേഗത്തിൽ രോഗശമനത്തിന് സഹായിക്കും.