
ആശുപത്രി വികസനം: 44.15 കോടിയുടെ നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി
January 22, 2025കോഴിക്കോട് : ആശുപത്രി വികസനത്തിന് 44.15 കോടിരൂപഅനുവദിച്ച് നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ട്. പരിശോധന നടത്തിയ അഞ്ച് ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ച് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതി മുന്നോട്ട് പോയില്ലെന്ന് കണ്ടത്തി.
44.15കൂടി രൂപയുടെ നിർമാണത്തിന് അനുവദിച്ചുവെങ്കിലും രണ്ടു മുതൽ എട്ടുവർഷം വരെ കഴിഞ്ഞിട്ടും ആരംഭിച്ചില്ലെന്നാണ് കണ്ടെത്തിയത്. സൈറ്റ് ക്ലിയറൻസ്, പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന് കാലതാമസം, നിയമാനുസൃതമായി ക്ലിയറൻസ് ലഭിക്കുന്നതിലെ താമസം എന്നിവ കാരണമാണ് നിർമാണം നീണ്ടുപോകുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
മൂന്ന് ആശുപത്രികളിൽ 72.37 കോടിയുടെ സിവിൽ വർക്കുകളുടെ പുരോഗതി മന്ദഗതിയിലാണ്. ആസൂത്രണത്തിലെ അപാകത, ഫണ്ടിന്റെ ദൗർലഭ്യം എന്നീ കാരണങ്ങളാൽ എട്ടാം വർഷം നിർമാണം തുടർന്നുകൊണ്ടിരിക്കുകയാണ്. പരിശോധനയിൽ രണ്ട് ആശുപത്രികൾക്ക് അനുവദിച്ച രണ്ട് നിർമ്മാണം ഉപേക്ഷിച്ചതായി കണ്ടെത്തി.
തിരുവനന്തപുരത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ 1.26 കൂടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന് നിർമ്മാണം ഫണ്ടിന്റെ അഭാവും പ്ലാനിലെ മാറ്റവും കാരണം ഉപേക്ഷിച്ചു. ഈ നിർമാണത്തിന് ചെലവഴിച്ച 1.26 കോടി രൂപ ഉപയോഗശൂന്യമായി. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് അനുവദിച്ച 3.46 കോടിയുടെ പദ്ധതി ആരംഭിക്കാത്തിനാൽ ഉപേക്ഷിച്ചു.