
വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന് സി.എ.ജി
January 22, 2025കോഴിക്കോട് :കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് കെ.എം.എസ് സി.എൽ ഐ.സി.യു വെന്റിലേറ്ററുകൾ വാങ്ങിയെങ്കിലും സ്ഥാപിക്കുന്നതിന് പല ആശുപത്രികളിലും അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന് സി.എ.ജി റിപ്പോർട്ട്.
:കോവിഡ് കാലത്ത് സംസ്ഥാനത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ വിതരണം ചെയ്തു. ആശുപത്രികളിൽ പരിശോധന നടത്തിയപ്പോൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വിതരണം ചെയ്ത12.20 ലക്ഷം വിലയുള്ള രണ്ടു പോർട്ടബിൾ വെൻറിലേറ്ററുകൾ മതിയായ സ്ഥലം ലഭ്യമല്ലാത്തതിനാൽ ഐ.സി.യു ബെഡിനരികിൽ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി.
ഈ ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഐ.പി.എച്ച്.എസ് പ്രകാരം ആവശ്യമുള്ള സേവനങ്ങൾ നൽകുവാൻ കഴിഞ്ഞിരുന്നില്ല. സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ഒരു പുതിയ കെട്ടിടം പണിയുവാൻ നിർദേശമുണ്ടായിരുന്നെങ്കിലും, അത് ഉപേക്ഷിക്കുകയായിരുന്നു.
പോർട്ടബിൾ വെന്റിലേറ്റർ കൈമാറുന്നതിനു മുൻപ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ഒരു വർഷത്തിലധികം വെന്റ്റിലേറ്ററുകൾ നിഷ്ക്രിയമായി കിടന്നുവെന്നാണ് കണ്ടെത്തൽ. ഈ വെന്റിലേറ്ററുകൾ മറ്റു ആശുപത്രികളിലേക്ക് മാറ്റി ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാൻ ഉപയോഗപ്പെടുത്താൻ പറ്റുമായിരുന്നെങ്കിലും നടപടിയുമെടുക്കുകയുണ്ടായില്ല. ആശുപത്രിയിൽ നടത്തിയ സ്ഥലപരിശോധനയിൽ സ്ഥലപരിമിതിയുണ്ടെന്ന കാരണം പറഞ്ഞ്, ഉപകരണങ്ങൾ ഉപയോഗിക്കാതിരുന്നു.
മറ്റ് പല ഉപകരണങ്ങളും ഇതുപോലെ പല ആശുപത്രികളിലും ഉപയോഗിക്കാതെ കിടപ്പുണ്ട്. പ്രവർത്തിപ്പിക്കുവാൻ ആളില്ലാത്തത്, സൈറ്റ് തയാറാകാത്തത്, തീർപ്പാക്കാത്ത അറ്റകുറ്റപ്പണികൾ, ആശുപത്രി ഇൻഡെൻറ് ചെയ്യാതെ നടന്ന വിതരണങ്ങൾ തുടങ്ങിയവ കാരണം 21 ആശുപത്രികളിലായി 7.28 കോടി രൂപയുടെ 172 ഉപകരണങ്ങൾ ഒന്ന് മുതൽ 107 മാസങ്ങൾ വരെ പ്രവർത്തനരഹിതമായി കിടന്നു.
തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരത്തെ ഡെൻറൽ കോളജിലുമായി 4.94 കോടി വിലയുള്ള 59 ഉപകരണങ്ങൾ ഒന്ന് മുതൽ 107 മാസം വരെ ഉപയോഗശൂന്യമായി കിടന്നു. 0.89 കോടി രൂപ വിലമതിക്കുന്ന 20 ഇനങ്ങൾ അറ്റകുറ്റപ്പണികൾ നടത്താനാവാത്തവയാണ്. വിലകൊടുത്ത് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന്, അവ ആവശ്യമുള്ള മറ്റ് ആശുപത്രികളിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള സാധ്യത ഡി.എച്ച്.എസിനും ഡി.എം.ഇക്കും പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.