ഇതുവരെ ആറ് കേസുകൾ, രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല; എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്ക വേണ്ട

ഇതുവരെ ആറ് കേസുകൾ, രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല; എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്ക വേണ്ട

January 7, 2025 0 By KeralaHealthNews

ന്യൂഡൽഹി: എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ. രാജ്യത്ത് ഇതുവരെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആദ്യമായല്ല എച്ച്.എം.പി.വി കേസുകൾ വരുന്നതെന്നും 2001 മുതലുള്ള വൈറസാണിതെന്നും സർക്കാർ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജും ഇക്കാര്യം പറയുന്നുണ്ട്.

പനി, ജലദോഷം എന്നിവയുമായെത്തുന്ന പല കുട്ടികളിലും നേരത്തെ തന്നെ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം ഗർഭിണികൾ, ശ്വാസകോശ രോഗമുള്ളവർ, പ്രായമായ ആളുകൾ എന്നിവരിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ ഉടൻ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. പനി വന്നാൽ ന്യുമോണിയ ആകാതെ സൂക്ഷിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്.

ചൈനയിൽ വൈറസ് വ്യാപനം രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ രാജ്യത്തെ ആശുപത്രികൾ സജ്ജമായിരിക്കാൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. മതിയായ അളവിൽ ഓക്സിജൻ ലഭ്യത ഉൾപ്പെടെ ഉറപ്പാക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ ചൈനയിൽ വൈറസ് വ്യാപനമെന്ന തരത്തിൽ പ്രചരിക്കുന്നത് കോവിഡ് കാലത്തെ ദൃശ്യങ്ങളാണെന്നും വാദിക്കുന്നവരുണ്ട്. ഇക്കാര്യത്തിൽ ചൈനയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ചൈനയുടെ വാക്കുകൾ കേൾക്കാതെ കൃത്യമായ ഇടപെടൽ നടത്താൻ ലോകാരോഗ്യ സംഘടന തയാറാവണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആറ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കർണാടക (രണ്ട്), തമിഴ്നാട് (ഒന്ന്), ഗുജറാത്ത് (ഒന്ന്), ബംഗാൾ (രണ്ട്) എന്നിവിടങ്ങളിലാണ് നിലവിൽ എച്ച്.എം.പി.വി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല എന്നത് ആശ്വാസകരമാണ്.�