
കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; അമ്പതോളം പേർ ചികിത്സയിൽ
December 19, 2024കളമശ്ശേരി: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം പേർ ചികിൽത്സയിലുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നഗരസഭയിലെ പെരിങ്ങഴയിൽ എച്ച്.എം.ടി കോളനി, കുറുപ്ര, പള്ളിലാങ്കര തുടങ്ങിയിടങ്ങളിൽ ഏറെയും സ്ഥിരീകരിച്ചിട്ടുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്. ഇതിൽ പലരും ആലുവ, എറണാകുളം ഭാഗത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
എന്നാൽ കൃത്യമായ കണക്കുകൾ ഔദ്യോഗികമായി അധികൃതരിൽ നിന്നും ലഭിച്ചിട്ടില്ല. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രദേശങ്ങളിലെത്തി കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കെടുക്കുകയും ചെയ്തു. ഇതിൽ കിണർ വെള്ളം ഉപയോഗിക്കുന്നവരും ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്നവരും ഉണ്ട്.