പ്രമേഹം: നാം മനസ്സിലാക്കേണ്ടത്
November 14, 2024പ്രമേഹത്തെ ഒരു ആഗോള പൊതുജനാരോഗ്യ പ്രശ്നമായി ബോധവത്കരിക്കാനും മെച്ചപ്പെട്ട പ്രതിരോധത്തിനും രോഗനിർണയത്തിനും രോഗപരിപാലനത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിനുമായാണ് നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നത്. മൂന്നു പതിറ്റാണ്ടായി ലോകത്ത് പ്രമേഹരോഗമുള്ളവർ ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
2019ലെ അമേരിക്കൻ ഡയബറ്റിക് ഫെഡറേഷൻ കണക്കുപ്രകാരം 425 ദശലക്ഷം പ്രമേഹരോഗികൾ ആഗോളതലത്തിൽ ഉള്ളതിൽ 77 ദശലക്ഷം ഇന്ത്യയിലാണ്. പ്രമേഹത്തിന്റെ ഉപദ്രവമായ വൃക്കരോഗം തുടങ്ങിയവകൊണ്ട് ഏകദേശം രണ്ടു ലക്ഷത്തോളം മരണമുണ്ടായതായി കണക്കാക്കുന്നു. പ്രമേഹംമൂലമുള്ള മരണങ്ങളിൽ മുക്കാൽ ഭാഗവും 70 വയസ്സിനു മുകളിലാണ് സംഭവിച്ചിട്ടുള്ളത്.
ഒരാളിൽ പ്രമേഹം പെട്ടെന്ന് പ്രത്യക്ഷപ്പെടണം എന്നില്ല. ചിലരിൽ ലക്ഷണങ്ങൾ സൗമ്യമായി ഇരിക്കുന്നതിനാൽ വർഷങ്ങളോളം ശ്രദ്ധിക്കാതെ പോയി എന്നും വരാം. പ്രത്യേകിച്ച് ടൈപ്പ്-2 പ്രമേഹരോഗികളിൽ അമിതമായ വിശപ്പ്, ക്രമാതീതമായ ദാഹം, ക്ഷീണം, മൂത്രം അളവിൽ കൂടുക, ശരീരഭാരം കുറയുക, കാഴ്ചക്കു മങ്ങൽ എന്നിവയൊക്കെ കണ്ടേക്കാം. കാലക്രമേണ വൃക്ക, ഞരമ്പുകൾ, ഹൃദയം, കണ്ണ് മുതലായ പ്രധാന അവയവങ്ങളെ ബാധിക്കുകയും ചെയ്യാം.
പ്രമേഹരോഗികളിൽ പക്ഷാഘാതം, ഹൃദ്രോഗം, തിമിരം എന്നിവയും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഞരമ്പിലെ രക്തയോട്ടം കുറയുന്നതിനാൽ പാദത്തിൽ ചുട്ടുനീറൽ, തരിപ്പ്, വ്രണങ്ങൾ എന്നിവയും ഉണ്ടായേക്കാം. അമിതഭാരം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണരീതി, ജനിതക ഘടകങ്ങൾ, മാനസിക സമ്മർദം എന്നിവയാണ് ടൈപ്പ്-2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങൾ.
പ്രമേഹത്തിന്റെ സങ്കീർണതകൾ തടയുന്നതിന് നേരത്തേയുള്ള രോഗനിർണയവും ചികിത്സയും പ്രധാനമാണ്. ഇടക്കിടെയുള്ള പരിശോധന പ്രത്യേകിച്ചും പ്രമേഹപാരമ്പര്യം ഉള്ളവരിൽ പ്രധാനമാണ്. ആയുർവേദത്തിൽ പ്രമേഹംപോലുള്ള ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാനുള്ള ദിനംപ്രതി അനുഷ്ഠിക്കേണ്ട കാര്യങ്ങൾ, ആഹാരരീതികൾ, ശരിയായ ഉറക്കത്തിനാവശ്യമായ ശീലങ്ങൾ എന്നിവ ആയുർവേദ വൈദ്യന്റെ സഹായത്തോടെ പിന്തുടരാവുന്നതാണ്.
ഇതിനു പുറമെ മനസ്സിന്റെ ആരോഗ്യത്തിനാവശ്യമായ യോഗ, പ്രാണായാമം എന്നിവയും ശീലിക്കാം. നീണ്ടുനിൽക്കുന്ന പ്രമേഹരോഗത്തിലും പ്രമേഹ ഉപദ്രവങ്ങളിലും ആയുർവേദ ഔഷധങ്ങൾ, പഞ്ചകർമ ചികിത്സ, രസായന ചികിത്സ എന്നിവ തുലോം ഫലപ്രദമാണ്. പ്രമേഹദിനത്തിന്റെ ഈ അവസരത്തിൽ പ്രമേഹത്തെ നിയന്ത്രണത്തിലാക്കുന്ന രീതിയിൽ ജീവിതശൈലി ക്രമീകരിക്കും എന്നതാവട്ടെ നമ്മുടെ പ്രതിജ്ഞ.