30കളിലും 40കളിലും ഉറക്കക്കുറവുണ്ടോ? ഉറങ്ങാൻ പ്രയാസവും അസമയത്ത് ഉണരാറുമുണ്ടോ? തലച്ചോറിന് വേഗം പ്രായമാകുമെന്ന് പഠനം

30കളിലും 40കളിലും ഉറക്കക്കുറവുണ്ടോ? ഉറങ്ങാൻ പ്രയാസവും അസമയത്ത് ഉണരാറുമുണ്ടോ? തലച്ചോറിന് വേഗം പ്രായമാകുമെന്ന് പഠനം

October 29, 2024 0 By KeralaHealthNews

നിങ്ങൾ 30കളിലും 40കളിലും പ്രായമെത്തി നിൽക്കുന്നവരാണോ? സുഖകരവും തൃപ്തികരവുമായ ഉറക്കം ലഭിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ കുഴപ്പമുണ്ട്. 30കളിലും 40കളിലുമെത്തിനിൽക്കുന്നവർക്ക് മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ തലച്ചോറിന് വേഗത്തിൽ പ്രായമാകുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. മധ്യവയസ്സിന്‍റെ തുടക്കത്തിൽ മതിയായ ഉറക്കം ലഭിക്കാത്തവരുടെ തലച്ചോർ ചുരുങ്ങുന്നതിന് വേഗം കൂടുമെന്നാണ് പഠനം.

അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. ഉറക്കം വരാൻ പ്രയാസപ്പെടുന്നവർ, ദീർഘനേരം ഉറക്കം നിലനിർത്താൻ സാധിക്കാത്തവർ തുടങ്ങിയവർക്ക് പിൽക്കാലത്ത് തലച്ചോറിന്‍റെ പ്രവർത്തനങ്ങളിൽ വെല്ലുവിളി നേരിടുമെന്നാണ് പഠനം. ശരാശരി 40 വയസ്സുള്ള 589 പേരെയാണ് ഗവേഷകർ പഠനത്തിന് വിധേയരാക്കിയത്. ഇവർക്ക് ഉറക്കവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളടങ്ങിയ ചോദ്യാവലി നൽകി വിവരം ശേഖരിച്ചു. പിന്നീട്, അഞ്ച് വർഷത്തിന് ശേഷവും ഇതേ ചോദ്യാവലി നൽകി. ഇവരുടെ തലച്ചോർ സ്കാൻ ചെയ്തുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. ഇത് മെഷീൻ ലേണിങ്ങിലൂടെ വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്.

ഉറക്കക്കുറവ്, ഉറക്കം വരാനുള്ള പ്രയാസം, അതിരാവിലെ ഉറക്കമുണരൽ, ഇടക്കിടെ ഞെട്ടിയുണരൽ തുടങ്ങിയ നിരവധിയായ ഉറക്കപ്രശ്നങ്ങൾ തലച്ചോറിന്‍റെ പ്രായമാകലിനെ ബാധിക്കുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പ്രത്യേകിച്ചും അഞ്ച് വർഷമായി തുടർച്ചയായി ഉറക്കപ്രശ്നങ്ങൾ നേരിടുന്നവരിൽ.

നിത്യജീവിതത്തിൽ ഉറക്കത്തിന് വളരെയേറെ പ്രാധാന്യം നൽകണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പഠനഫലമെന്ന് ഗവേഷകർ പറയുന്നു. ഉറക്കപ്രശ്നങ്ങളുള്ളവർ അതിന് നേരത്തെ തന്നെ പരിഹാരമാർഗങ്ങൾ തേടണം. കൃത്യമായ ഉറക്കസമയം നിശ്ചയിക്കുക, വ്യായാമം ചെയ്യുക, കഫീൻ, ആൽക്കഹോൾ തുടങ്ങിയവ അടങ്ങിയ പാനീയങ്ങൾ കിടക്കുന്നതിന് മുമ്പ് ഒഴിവാക്കുക, ഉറക്കം വരാൻ പ്രയാസപ്പെടുന്നവർ റിലാക്സേഷൻ ടെക്നിക്കുകൾ ഉപയോഗിക്കുക തുടങ്ങിയവ പ്രധാനപ്പെട്ടതാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ കലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജി വിഭാഗത്തിലെ എം.ഡി പ്രഫസർ ക്രിസ്റ്റിൻ യാഫേ പറയുന്നു. ഉറക്കത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടക്കണമെന്നും യുവാക്കളിൽ ഉറക്കക്കുറവ് കാരണം തലച്ചോറിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കൂടുതലായി പഠിക്കണമെന്നും ഇവർ പറയുന്നു.