വൈദ്യപരിചരണം ഇനി എളുപ്പം; ഡോ. റോബോട്ടുമായി ഒമാൻ
August 9, 2024മസ്കത്ത്: ആരോഗ്യരംഗത്ത് വൈദ്യപരിചരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നൂതന സാങ്കേതിക വിദ്യയിലൂന്നിയ `ഡോ. റോബോട്ടു’മായി ഒമാനി ശാസ്ത്രജ്ഞൻ മാസെൻ ബിൻ റാഷിദ് അൽ ബാദി.
രോഗിയുടെ പ്രാഥമിക ചികിത്സാ പരിശോധനകൾ നടത്താൻ രൂപകൽപന ചെയ്ത ഈ നൂതന റോബോട്ട് മലേഷ്യയിൽ നടന്ന ഇന്റർനാഷനൽ ഇൻവെൻഷൻ, ഇന്നൊവേഷൻ, ടെക്നോളജി എക്സിബിഷൻ 2024ലും ബൈറൂത് ഇന്റർനാഷനൽ ഫെയറിലും മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
വൈദ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് `ഡോക്ടർ റോബോട്ട്’. മെഡിക്കൽ വിവരങ്ങൾ വേഗത്തിലും കൃത്യമായും വിശകലനം ചെയ്യുന്നതിലൂടെ രോഗനിർണയങ്ങൾക്കും ഫലപ്രദമായ ചികിത്സാ രീതികൾ നൽകാനും സഹായിക്കുന്നു. ഇത് വൈദ്യ പരിചരണത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഗണ്യമായി മെച്ചപ്പെടുത്തുന്നു.
ലക്ഷണം തിരിച്ചറിയുന്നതിനോടൊപ്പം ഓട്ടോമേറ്റഡ് മെഡിക്കൽ അസിസ്റ്റന്റായും ഈ റോബോട്ട് പ്രവർത്തിക്കുന്നു. രോഗിയും ആരോഗ്യ പ്രവർത്തകരും തമ്മിൽ നേരിട്ടുള്ള സമ്പർക്കം ഇല്ലാതാകുന്നതോടെ രോഗിയിൽനിന്ന് രോഗം പകരുന്നതിന്റെ സാധ്യതയും കുറക്കാനാകും.
കൂടാതെ, `ഡോക്ടർ റോബോട്ട്’ രോഗികൾക്കും ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കും സുരക്ഷിതവും അണുമുക്തവുമായ അന്തരീക്ഷം ഉറപ്പാക്കുന്നു. നൂതനമായ റോബോട്ടിക്സ്, സ്മാർട്ട് അനലിറ്റിക്സ് എന്നിവയിലൂടെ ആധുനിക മെഡിക്കൽ വെല്ലുവിളികളെ നേരിടാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ മെഡിക്കൽ പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുകയും ചെയ്യുന്നു.