വേനല്‍ക്കാലത്ത് കുട്ടികളിൽ ഉണ്ടാകുന്ന രോഗങ്ങളും പരിഹാരവും
August 4, 2024ഡോ. സന്ധ്യ അശോക് നായർ
സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യൻ
ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ
വേനൽക്കാലത്ത് കുട്ടികളിൽ ചൂടുകുരു (heat rash), ബോയിൽസ് പോലുള്ള ചർമ്മ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. വേനല്‍ക്കാലത്ത് ചർമത്തിൽ ഉണ്ടാവുന്ന ഇൻഫക്ഷൻസ്, വൈറൽ ഇൻഫക്ഷൻസ് തുടങ്ങിയവ കൂടുതലാകാറുണ്ട്. കൊതുക് പോലുള്ള പ്രാണികൾ വേനൽക്കാലത്ത് കൂടുതലായി ഉണ്ടാവുന്നതുമൂലം അതുവഴിയുള്ള രോഗവ്യാപനവും അലർജിയും വർദ്ധിക്കുന്നു.
ചൂടുള്ള കാലാവസ്ഥ ചര്‍മ രോഗങ്ങള്‍ക്ക് കാരണമാകുമോ?സാധാരണ കണ്ടുവരുന്ന ചർമ്മരോഗങ്ങളും അവയ്ക്കുള്ള പരിഹാരവുമെന്താണ്.
വേനൽകാലങ്ങളിൽ ചര്‍മ രോഗങ്ങള്‍ ഉണ്ടാവാറുണ്ട്. ചൂടുകുരു പോലുള്ള ചർമ്മ രോഗങ്ങൾ ആണ് കൂടുതലും. ഫംഗസ് അണുബാധ, അലർജികൊണ്ട് ഉണ്ടാവുന്ന ചുണങ്ങ്, പ്രാണികളുടെ അലർജി എന്നിവ സാധാരണ ഉണ്ടാവുന്ന ചർമ്മ പ്രശ്നങ്ങൾ ആണ്. കഴിവതും കുട്ടികളെ ചൂട് കാലാവസ്ഥയിൽ കളിക്കാൻ അനുവദിക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക, കുളിക്കുക, നേരിയ വസ്ത്രങ്ങൾ ധരിക്കുക, നീന്തൽ കഴിഞ്ഞാൽ വീട്ടിൽ നിന്നും ഒന്നുകൂടെ കുളിക്കുക ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുട്ടികളെ ചർമരോഗങ്ങളിൽ നിന്ന് സംരക്ഷിക്കാം.
ചൂടുകുരു, തിണര്‍പ്പ് എന്നിവയുണ്ടാകുന്നത് എന്തുകൊണ്ടാണ്. ഇവ വന്നാൽ എന്താണ് ചെയ്യേണ്ടത്?
ചൂടുകാലത്തെ കൂടുതലായുള്ള വിയർപ്പ് മൂലം ചർമ്മ സുഷിരങ്ങൾ ബ്ലോക്ക് ആവുന്നതിനാലാണ് ചൂടുകുരു പോലുള്ള ചർമ്മ രോഗങ്ങൾ ഉണ്ടാവുന്നത്. ക്രീമുകളും പൗഡറുകളും ഇതിനായി ഉപയോഗിക്കാം.
സൂര്യാഘാതത്തിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാം. സൂര്യാഘാതമേറ്റാൽ എന്താണ് ചെയ്യേണ്ടത് ?
കൂടുതലായി സൂര്യപ്രകാശം ചർമത്തിൽ ഏൽക്കുമ്പോൾ ശരീര താപനില നമ്മുടെ ശരീരത്തിൽ നിയന്ത്രണാതീതമായി വർദ്ധിക്കുകയും വിയർപ് പുറപ്പെടുവിക്കുന്നത് നിൽക്കുകയും വഴി സൂര്യാഘാതം ഉണ്ടാവുന്നു. സൂര്യാഘാതം തലച്ചോറിനെയും, ഹൃദയത്തെയും ഒക്കെ ബാധിക്കുന്നു. സൂര്യപ്രകാശം എല്കാതിരിക്കാൻ സൺ സ്ക്രീൻ ക്രീമുകളും കണ്ണടകളും ഉപയോഗിക്കാം.
നിർജലീകരണം അപകടകരമാണോ. വെള്ളം കുടിക്കാന്‍ മറന്ന് പോയി നിര്‍ജലീകരണമുണ്ടായാൽ എന്താണ് ചെയ്യേണ്ടത് ?
കുട്ടികൾ പുറത്തു കളിക്കാൻ പോകുമ്പോളും, വരുമ്പോഴും ധാരാളം വെള്ളം കുടിപ്പിക്കാൻ ശ്രമിക്കുക, വെള്ളം ഒരുപാട് അടങ്ങിയ തണ്ണിമത്തൻ, കുക്കുമ്പർ തുടങ്ങിയ സീസണൽ പഴങ്ങൾ കഴിക്കുക. ORS വെള്ളം കുടിക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും.
വേനല്‍ക്കാലത്ത് കുട്ടികളുടെ ഭക്ഷണ ക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ?
തൈര് പോലുള്ള പ്രൊ ബയോടിക്, ഭക്ഷണത്തിൽ ധാരാളമായി ഉൾപെടുത്തുക. ഇത് ദഹനത്തെ സഹായിക്കും. കഴിവതും പുറത്തു നിന്നും ജങ്ക് ഫുഡ്സ്, ഓയിലി ഫുഡ്സ് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക.