നിപ: നിരീക്ഷണത്തിലുള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്

നിപ: നിരീക്ഷണത്തിലുള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്

July 23, 2024 0 By KeralaHealthNews

മലപ്പുറം: നിപ ബാധിതന്‍റെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇന്നലെ 11 പേരുടെ ഫലം ലഭിച്ചത് നെഗറ്റീവായിരുന്നു. പുണെയിൽനിന്ന് മലപ്പുറത്ത് എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും.

രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഉൾപ്പെടെ പ​രി​ശോ​ധ​ന ഫ​ലമാണ് ഇന്നലെ വന്നത്. നി​ല​വി​ല്‍ 406 പേ​രാ​ണ് സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ല്‍ 194 പേ​ര്‍ ഹൈ​റി​സ്ക് കാ​റ്റ​ഗ​റി​യി​ലാ​ണ്.

ഇ​വ​രി​ല്‍ 139 പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രാ​ണ്. സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ലു​ള്‍പ്പെ​ട്ട 15 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

14കാരൻ മരിച്ച പാണ്ടിക്കാട്ടും കുട്ടിയുടെ സ്കൂൾ പ്രവർത്തിക്കുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം.

അമ്പഴങ്ങയെന്ന നിഗമനത്തിലേക്ക് ആരോഗ്യ വകുപ്പ്; കൂടുതൽ വ്യക്തത തേടും

നിപ ബാധിച്ച് മരിച്ച വിദ്യാർഥി വവ്വാലിന്‍റെ സാന്നിധ്യമുള്ള സ്ഥലത്തുനിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യവകുപ്പിന്​ ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. അമ്പഴങ്ങയിൽനിന്ന്​ ആകാം വൈറസ്​ ബാധയേറ്റതെന്ന നിഗമനത്തി​ലാണ്​​ നിലവിൽ വകുപ്പ്​​. എന്നാൽ, ഇക്കാ​ര്യം സ്ഥിരീകരിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക സംഘം തീവ്രശ്രമത്തിലാണ്​. ഇതിനുശേഷമാകും ഉറവിടത്തെക്കുറിച്ച്​ കൂടുതൽ വ്യക്തത നൽകുക.

രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ വിദ്യാർഥി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ്​ കഴിച്ചതെന്ന്​ ആരോഗ്യപ്രവർത്തകർക്ക്​ ചോദിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട്​ സുഹൃത്തുക്കളിൽനിന്ന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ കളിക്കാൻ പോയ സമയത്ത്​ നാട്ടിലെ ഒരു മരത്തിൽനിന്ന്​ അമ്പഴങ്ങ പറിച്ച്​ കഴിച്ചതായി സൂചന ലഭിച്ചത്​. ഇക്കാര്യം തന്നെയാണ്​ തിങ്കളാഴ്ച രാവിലെ മലപ്പുറത്ത്​ നടന്ന നിപ അവലോകന യോഗശേഷം ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കിയത്​.

വിദ്യാർഥി അമ്പഴങ്ങ കഴിച്ചുവെന്ന്​ സംശയിക്കുന്ന വീടിന്​ സമീപത്തെ മരത്തിന്​ ചുറ്റും കാമറകൾ സ്​ഥാപിക്കും. ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്​ഥല പരിശോധന പൂർത്തിയാക്കി. മരത്തെ ​ഫോക്കസ്​ ചെയ്​ത്​ നാല്​ കാമറകൾ സ്​ഥാപിക്കാനാണ്​ തീരുമാനം.