ഗർഭകാലത്തെ ദന്തപരിചരണം

ഗർഭകാലത്തെ ദന്തപരിചരണം

July 21, 2024 0 By KeralaHealthNews

ർഭാവസ്ഥയിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ദന്താരോഗ്യത്തെ ബാധിക്കുന്നതായി കണ്ടുവരുന്നു. ഗർഭിണികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തിനും ഭീഷണിയാണ്. ഗുരുതരമായ മോണരോഗങ്ങൾ കുഞ്ഞുങ്ങൾക്ക് പ്രീമച്വർ ബർത്ത്, തൂക്കക്കുറവ് എന്നിവ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

ഗർഭകാലത്ത് സാധാരണയായി കണ്ടുവരുന്ന ദന്തരോഗങ്ങൾ

a. മോണ രോഗങ്ങൾ: ഗർഭകാലത്ത് Progesterone ഹോർമോണിന്റെ അളവ് ശരീരത്തിൽ കൂടുതലായിരിക്കും. ഇത് മോണകളെ മൃദുലമാക്കുകയും മോണയിലേക്കുള്ള രക്ത സഞ്ചാരം വർധിപ്പിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധശേഷി ഈ സമയം കുറവായതിനാൽ മോണരോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ചുവന്നതും മൃദുലവുമായ മോണകൾ, വായ്നാറ്റം, പല്ല് തേക്കുമ്പോൾ ഉണ്ടാകുന്ന രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ.

b. ദന്തക്ഷയം: ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ ദന്തക്ഷയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. കൃത്യ സമയത്ത് ചികിൽസ തേടിയില്ലെങ്കിൽ ഇത് കടുത്ത വേദനക്ക് കാരണമാകുന്നു. ഇത് തടയാനായി routine dental check-up നടത്തേണ്ടതാണ്.

c. ജിൻജിവൽ ഹൈപർ പ്ലാസിയ: ചില ഗർഭിണികളിൽ കാണപ്പെടുന്ന ഒരു രോഗമാണ് gingival hyperplasia. അർബുദമല്ലാത്ത ചെറിയ മുഴകൾ മോണയിൽ കാണപ്പെടുന്നു. വായ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. പലപ്പോഴും പ്രസവം കഴിയുമ്പോൾ മോണ പൂർവരൂപത്തിൽ എത്താറുണ്ട്.

d. പല്ലുകളിലെ സെൻസിറ്റിവിറ്റി: ഗർഭകാലത്തെ ഛർദ്ദി മൂലം വായിലെത്തുന്ന ആസിഡും വൃത്തിയായി സൂക്ഷിക്കാത്തതുമൂലം അണുക്കൾ ഉണ്ടാക്കുന്ന ആസിഡുമാണ് ഇതിന് പ്രധാന കാരണം. ഭക്ഷണത്തിനുശേഷം എല്ലായ്പോഴും പല്ല് ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കുക.

 

ഗർഭിണികളിലെ ദന്ത ചികിൽസ

ഗർഭാവസ്ഥയിൽ ദന്തഡോക്ടറെ സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾ ഗർഭിണിയാണെന്ന കാര്യം അറിയിക്കുക. ആദ്യ മാസങ്ങളിൽ കുഞ്ഞിന്റെ അവയവങ്ങൾ രൂപപ്പെടുന്ന സമയമായതിനാൽ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാവുന്ന മരുന്നുകളോ ചികിൽസകളോ ഒഴിവാക്കുന്നതാണ് നല്ലത്. വായ്ക്കുള്ളിലെ അണുബാധ തുടക്കത്തിൽതന്നെ ചികിൽസിച്ച് ​ഭേദമാക്കിയില്ലെങ്കിൽ അവ രക്തത്തിൽ കലർന്ന് സ്ഥിതി കൂടുതൽ വഷളാകും. ഗർഭാവസ്ഥയിൽ ദന്തശുചിത്വം പാലിക്കേണ്ടത് അമ്മയുടേയും കുഞ്ഞിന്റെയും മൊത്തമായ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

 

-ഡോ. നീന തോമസ്

ജനറൽ ഡെന്‍റിസ്റ്റ്
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആന്‍റ് മെഡിക്കൽ സെന്‍റേഴ്സ്