നിപ ; 60ഓളം പേർ ഹൈ റിസ്ക് വിഭാഗത്തിൽ, മെഡി. കോളജിൽ വിപുല സംവിധാനം
July 20, 2024മലപ്പുറം: 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ശനിയാഴ്ച പുലർച്ചെ മുതൽ നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. രോഗനിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവുപ്രകാരമുള്ള എസ്.ഒ.പി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. നിപ ചികിത്സക്ക് ആവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പുണെ വൈറോളജി ലാബില്‍നിന്ന് അയച്ചിട്ടുണ്ട്. ഇത് ഞായറാഴ്ച രാവിലെ എത്തും. മറ്റു മരുന്നുകൾ, മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധന കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കേരള മെഡിക്കൽ സർവിസസ് കോർപറേഷന് നിർദേശം നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറു കിടക്കകളുള്ള ഐ.സി.യുവും സജ്ജീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ നടപടികൾ കർശനമാക്കും.
പനി തുടങ്ങിയത് 10ന്
ജൂലൈ 10ന് പനി ബാധിച്ച 14കാരൻ 12ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് ശേഖരിച്ച സാമ്പ്ൾ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലുള്ള 14കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 13കാരനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് ആംബുലൻസിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ പരിശോധനക്കായി സാമ്പ്ൾ ശേഖരിക്കും. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയക്കും. നിലവിൽ കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
മാസ്ക് ധരിക്കണം
നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.
കണ്ട്രോള് സെല്‍
മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.കലക്ടറേറ്റ് കോൺഫറന്‍സ് ഹാളിലും ഓണ്‍ലൈനിലുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി വി. അബ്ദുറഹിമാന്, എം.എല്‍.എമാരായ പി. ഉബൈദുല്ല, എ.പി. അനില്‍കുമാര്‍, അഡ്വ. യു.എ. ലത്തീഫ്, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന് എന്‍. ഖോബ്രഗഡെ, ജില്ല കലക്ടര്‍ വി.ആര്. വിനോദ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
60ഓളം പേർ ഹൈ റിസ്ക് വിഭാഗത്തിൽ
പാണ്ടിക്കാട് (മലപ്പുറം): 14കാരന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലുള്ളത് ചികിത്സിച്ച ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, കുട്ടിയുടെ ബന്ധുകൾ തുടങ്ങിയവർ. കുട്ടിയെ ആദ്യം ചികിത്സിച്ച ക്ലിനിക്കിലെ ഡോക്ടർ, പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, പത്തോളം ജീവനക്കാർ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള ആരോഗ്യപ്രവർത്തകർ. 214ഓളം പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. 60ഓളം പേരെ ഹൈ റിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് മുതൽ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ആളുകളുടെയും പട്ടിക ആരോഗ്യപ്രവർത്തകർ തയാറാക്കിവരുന്നുണ്ട്. ചികിത്സ തേടിയ ആശുപത്രികളിലെത്തിയവർ, സ്കൂൾ, ട്യൂഷൻ സെൻറർ എന്നിവിടങ്ങളിലെ അധ്യാപക-വിദ്യാർഥികൾ തുടങ്ങിയവരുടെ പട്ടികയാണ് തയാറാക്കുന്നത്. 50ഓളം ആരോഗ്യപ്രവർത്തകർ പാണ്ടിക്കാട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചു.
മെഡി. കോളജിൽ വിപുല സംവിധാനം
കോഴിക്കോട്: മലപ്പുറത്ത് നിപ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിപുല സംവിധാനമൊരുക്കി ആരോഗ്യവകുപ്പ്. നിപ സ്ഥിരീകരിച്ച 14കാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് ശനിയാഴ്ച വൈകീട്ടോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ സെര്‍വ് അക്യൂട്ട് റെസ്പിറേറ്ററി ഇന്ഫെക്ഷന് (എസ്.എ.ആർ.ഐ) ഐ.സി.യുവിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഐ.സി.യുവിലെ 10 കിടക്കകള്‍ ഐസൊലേഷനായി മാറ്റി. പേവാര്‍ഡിലെ ഒന്നാംനില പൂര്‍ണമായി ഐസൊലേഷന്‍ വാര്ഡാക്കിയിട്ടുണ്ട്. രോഗീപരിചരണത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമിനെയും നിയോഗിച്ചു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുൾപ്പെടുന്ന ഓരോ ടീമും ആറുമണിക്കൂര്‍ ഇടവിട്ട് പ്രവര്‍ത്തിക്കും. നോഡല്‍ ഓഫിസറായി മെഡിസിന് വിഭാഗം മേധാവി ഡോ. പി. ജയേഷ് കുമാറിനെ നിയോഗിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജീത്ത് കുമാര്‍ മേല്‍നോട്ടം വഹിക്കും. സുപ്രണ്ട് എം.പി. ശ്രീജയനും വകുപ്പു മേധാവികളും ഏകോപിപ്പിക്കും.
സ്ഥിതി വിശകലനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ യോഗം ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലും ചേർന്നു. നിപ ബാധിതന്റെ പരിചരണവും ഭക്ഷണവിതരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 14 കമ്മിറ്റികള്‍ രൂപവത്കരിച്ചു. ഇവരുടെ നിയന്ത്രണത്തിലാണ് ഐസൊലേഷന്‍ വാര്‍ഡ്. പി.പി.ഇ കിറ്റും മാസ്കും ധരിച്ചാണ് രോഗീപരിചരണം. പേവാര്‍ഡിലെ ഐസൊലേഷന്‍ വാര്‍ഡിന് സമീപത്തായി ട്രയാജ് ഒരുക്കി. ഗുരുതര ലക്ഷണമുള്ളവരെ പരിശോധിച്ച് ടെസ്റ്റ് നടത്തുന്നതിന് ഇവിടെനിന്നാണ് നിര്‍ദേശം നല്‍കുക. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.