
ബ്രെയിൻ ട്യൂമർ: രോഗകാരണങ്ങൾ, പ്രധാന ലക്ഷണങ്ങൾ അറിയാം
June 8, 2024തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ് ബ്രെയിൻ ട്യൂമർ. മസ്തിഷ്‌ക കോശങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ട്യൂമറുകളിൽ പ്രധാനം പ്രൈമറി ബ്രെയിൻ ട്യൂമറാണ്. ഗ്ലയോമ, മെനിൻജിയോമ മെറ്റാസ്റ്റാറ്റിക്ക് ട്യൂമർ എന്നിവയാണ് ഇതിൽ പ്രധാനം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് മസ്‌തിഷ്‌കത്തിലേക്ക് എത്തിപ്പെടുന്ന ട്യൂമറുകളുമുണ്ട്. കോശങ്ങളിലെ ജനിതകമാറ്റം, വൈറസുകൾ തുടങ്ങിയവയാണ് രോഗകാരണങ്ങൾ.
പുലർച്ചെ തലമുഴുവനായുണ്ടാകുന്ന വേദന, ഛർദി, കാഴ്ചക്കുറവ്, അപസ്മാരം, കൈകാലുകളുടെ ശക്തിക്കുറവ്, ഓർമകുറവ്, സ്വഭാവത്തിലുള്ള മാറ്റം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. എം.ആർ.ഐ സ്കാനിങ്ങിലൂടെ രോഗനിർണയം നടത്താം. ട്യൂമറിന്റെ സ്വഭാവമനുസരിച്ച് ആൻജിയോഗ്രാം, വിനോഗ്രാം എന്നിവയും വേണ്ടിവന്നേക്കാം.
സർജറി, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയാണ് പ്രധാന ചികിത്സ മാർഗങ്ങൾ. രോഗിയുടെ പ്രായം, ആരോഗ്യം, ട്യൂമർ തലച്ചോറിൽ എവിടെയാണ്, പ്രൈമറി ആണോ മെറ്റാസ്റ്റാറ്റിക്ക് ട്യൂമറാണോ എന്നീ ഘടകങ്ങളെ അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. ലക്ഷണങ്ങൾ നേരെത്തെ മനസിലാക്കി രോഗനിർണയം നടത്തി എത്രയും വേഗം ചികിത്സ നേടുക എന്നതാണ് ഏറ്റവും പ്രധാനം.