അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം
June 6, 2024അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം. ദീർഘസമയം ഇന്റർനെറ്റിൽ ചിലവഴിക്കുന്ന കൗമാരക്കാർക്ക് ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കില്ല. ഹോംവർക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചെലവഴിക്കുക പോലുള്ള കാര്യങ്ങളിൽ ഇവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്നാണ് പഠനം പറയുന്നത്.
ഇന്റർനെറ്റ് ആസക്തി കൂടുതലുള്ള കൗമാരക്കാരിൽ ശ്രദ്ധയുമായും ഓർമയുമായും ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ പ്രശ്നങ്ങളുണ്ടാവുമെന്നാണ് കണ്ടെത്തൽ. ജേണൽ ഓഫ് PLOSൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. 2012 മുതൽ 2022 വരെ ഏകദേശം 237 കൗമാരക്കാരിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം വ്യക്തമായത്.
അമിതമായ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധ, ആസൂത്രണം, തീരുമാനമെടുക്കൽ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഇന്റർനെറ്റ് ആസക്തിക്കൊപ്പം അതിൽ നിന്നും മാറുമ്പോൾ വിത്ഡ്രോവൽ സിൻഡ്രോമും കൗമാരക്കാരിൽ കാണുന്നുവെന്നാണ് പഠനം.
ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ് ഇതെന്ന് പഠനം നടത്തിയവരിൽ ഒരാളായ യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിലെ പ്രഫസർ മാക്സ് ചാങ് പറഞ്ഞു. കൗമാരം ഒരാളുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന കാലമായതിനാൽ പഠന റിപ്പോർട്ടിനെ ഗൗരവമായി കാണണമെന്നാണ് മാക്സ് ചാങ്ങിന്റെ അഭിപ്രായം.
ചൂതാട്ടത്തിന് സമാനമായ ആസക്തിയാണ് ഇന്റർനെറ്റ് കൗമാരക്കാരിൽ ഉണ്ടാക്കുകയെന്നും മാക്സ് ചാങ് പറഞ്ഞു. ഇന്റർനെറ്റ് ആസക്തിയെ കൂടുതൽ ഗൗരവമായി കണ്ട് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.