ദീർഘദൂര വിമാന യാത്രകളിൽ മദ്യം കഴിക്കുന്നത് അപകടം -പഠനം
June 5, 2024ന്യൂഡൽഹി: ദീർഘദൂര വിമാന യാത്രകളിൽ മദ്യപിക്കുന്നതും ഉറങ്ങുന്നതും ഹൃദയത്തിന് നല്ലതല്ലെന്ന് പുതിയ പഠനം. ഇത് രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറയ്ക്കുകയും ദീർഘനേരം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും. ചെറുപ്പക്കാർക്കും ആരോഗ്യമുള്ളവർക്കും ഒരു പോലെ അപകടം സൃഷ്ടിക്കുമെന്ന് ഗവേഷകർ പറയുന്നു. അന്തരീക്ഷമർദം ഉയരുന്നതിനസരിച്ച് ആരോഗ്യമുള്ള യാത്രക്കാരിൽ രക്തത്തിലെ ഓക്സിജന്‍റെ അളവ് 90 ശതമാനമായി കുറയുന്നു. ജർമ്മനിയിലെ കൊളോണിലുള്ള ജർമ്മൻ എയ്റോസ്പേസ് സെൻ്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ഓരോ സംഘത്തിലെയും പന്ത്രണ്ട് പേർ മദ്യം കഴിച്ചും മദ്യപിക്കാതെയും നാല് മണിക്കൂർ ഉറങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമായ വ്യക്തികളിൽപ്പോലും രോഗ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആവശ്യത്തിന് ഓക്സിജൻ ശരീരത്തിൽ ഉണ്ടെങ്കിൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുകയുള്ളൂ. രക്തത്തിലെ ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവിനെയാണ് ശരീരത്തിലെ ഓക്സിജന്റെ അളവ് എന്ന് പറയുന്നത്. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്(സി.ഒ.പി.ഡി.), ആസ്ത്മ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുള്ള രോഗികൾക്ക് രക്തത്തിലെ ഓക്സിജൻ നില നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
രക്തത്തിലെ ഓക്സിജന്‍റെ അളവ് 75 mmHg യിൽ താഴെയായാൽ ഉണ്ടാകുന്ന അവസ്ഥയെ ഹൈപ്പോക്സെമിയ എന്നാണ് പറയുന്നത്. ഇത് 60 mmHg ആയി താഴ്ന്നാൽ അടിയന്തരമായി കൃത്രിമ ഓക്സിജൻ നൽകേണ്ടി വരും. രക്തത്തിലെ ഓക്സിജൻ നില ഗുരുതരമായ അളവിൽ താഴ്ന്നാൽ നെഞ്ചുവേദന, തലവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ഹൃദയസ്പന്ദന നിരക്കിൽ വർധന എന്നിവയുണ്ടാകാം. അതിന്റെ ലക്ഷണമായി നഖത്തിലും ചർമത്തിലും നീലനിറം ഉണ്ടാകും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക വഴി രക്തത്തിലെ ഓക്സിജന്റെ അളവിനെ സാധാരണ നിലയിലാക്കാൻ കഴിയുമെന്നും പഠനത്തിൽ പറയുന്നു.