ഗുണനിലവാരം കുറഞ്ഞ മരുന്നുണ്ടാക്കിയ ഏഴ് കമ്പനികൾ ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത് കോടികൾ
March 18, 2024ന്യൂഡൽഹി: ഗുണനിലവാരം കുറഞ്ഞ മരുന്നുണ്ടാക്കിയതിന് നടപടികൾ നേരിട്ട ഏഴ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത് കോടികൾ. രാജ്യത്തെ 35 മരുന്നുനിർമാണ കമ്പനികളാണ് ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയത്. എല്ലാം ചേർന്ന് 1000 കോടിയോളം വരുമിതെന്ന് മാർച്ച് 14ന് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ഏഴ് കമ്പനികൾ ഗുണനിലവാരം കുറഞ്ഞ മരുന്ന് വിറ്റ കമ്പനികളാണ്.
1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ പരിശോധന നടത്താനും ഗുണനിലവാരം പരിശോധിക്കാനും സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് അനുമതിയുണ്ട്. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടാൽ കമ്പനിക്ക് നോട്ടീസ് അയക്കാം. എന്നാൽ, ഉൽപ്പാദനം നിർത്തിവെപ്പിക്കുക, ലൈസൻസ് റദ്ദാക്കുക തുടങ്ങിയ ശിക്ഷാനടപടികൾ സ്വീകരിക്കാൻ മരുന്നുകമ്പനിയുടെ ഉൽപ്പാദന കേന്ദ്രം നിലനിൽക്കുന്ന സംസ്ഥാനത്തിന് മാത്രമാണ് അധികാരമുള്ളത്.
മരുന്നു കമ്പനികൾക്കെതിരെ നടപടിയെടുക്കുന്നതിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഡ്രഗ്സ് കൺട്രോളർമാരുടെ അയഞ്ഞ സമീപനമാണ് കാണുന്നതെന്ന് ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ എത്തിക്സ് എഡിറ്റർ അമർ ജെസാനി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന തലങ്ങളിലെ കേസുകളിൽ വിട്ടുവീഴ്ചക്കായി മരുന്നു കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നുണ്ടെന്ന കാര്യത്തിൽ അതിനാൽ അതിശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
മരുന്നുകളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമല്ല രാഷ്ട്രീയ പാർട്ടികളെ പ്രീതിപ്പെടുത്തുന്ന ഇത്തരം ഇടപാടുകൾക്ക് പിന്നിലെന്ന് വിദഗ്ധർ പറയുന്നു. ഫാക്ടറിക്ക് വേണ്ടി വിലക്കുറവിൽ ഭൂമി ലഭ്യമാകൽ, നികുതി ഇളവുകൾ നേടൽ, അനുകൂലമായ നയരൂപീകരണം, വിലനിയന്ത്രണം ഒഴിവാക്കൽ തുടങ്ങിയവക്ക് വേണ്ടിയും ഇത്തരം സംഭാവനകൾ നൽകുന്നുവെന്നാണ് വിലയിരുത്തൽ.
മരുന്ന് കമ്പനികൾ ജനാധിപത്യത്തോടുള്ള താൽപര്യം മൂലമല്ല പാർട്ടികൾക്ക് സംഭാവന നൽകുന്നതെന്ന് ഓൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്‍വർക്ക് പ്രവർത്തകൻ എസ്. ശ്രീനിവാസൻ ചൂണ്ടിക്കാട്ടുന്നു. പല കാര്യങ്ങൾക്കായി നൂറുകണക്കിന് കോടി രൂപ ഇത്തരം കമ്പനികൾ രാഷ്ട്രീയപാർട്ടികൾക്ക് നൽകുന്നുണ്ട്.
ഇലക്ടറൽ ബോണ്ട് വാങ്ങിയ കാലയളവിൽ ഡ്രഗ്സ് കൺട്രോളർമാരുടെ നടപടി നേരിട്ടുകൊണ്ടിരുന്ന ഏഴ് കമ്പനികൾ
1. ഹെറ്ററോ ലാബ്സ് അൻഡ് ഹെറ്ററോ ഹെൽത്ത് കെയർ
2022 ഏപ്രിലിലാണ് കമ്പനി 39 കോടിക്ക് ഇലക്ടറൽ ബോണ്ട് വാങ്ങിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് നിലവാരം കുറഞ്ഞ മരുന്ന് വിറ്റതിന് മഹാരാഷ്ട്ര ഡ്രഗ്സ് കൺട്രോളർ ആറ് നോട്ടീസ് ഇക്കാലയളവിൽ നൽകിയിരുന്നു. 2023 ജൂലൈയിൽ 10 കോടിയുടെയും ഒക്ടോബറിൽ 11 കോടിയുടെയും ബോണ്ട് ഇവർ വാങ്ങി. ഇതോടെ ആകെ 60 കോടി രൂപയുടെ ബോണ്ടുകളാണ് ഹെറ്ററോ ലാബ്സ് അൻഡ് ഹെറ്ററോ ഹെൽത്ത് കെയർ വാങ്ങിയത്.
2. ടോറെന്‍റ് ഫാർമ
2019 മുതൽ 2024 വരെ 77.4 കോടിയുടെ ഇലക്ടറൽ ബോണ്ട് ടോറെന്‍റ് ഫാർമ വാങ്ങി. ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയുടെ ആന്‍റി പ്ലേറ്റ്ലെറ്റ് മരുന്നായ ഡീപ്ലാറ്റ്-150, സാലിസിലിക് ആസിഡ് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഇത് ഗുണനിലവാരം കുറഞ്ഞ മരുന്നാണെന്ന് 2018ൽ മഹാരാഷ്ട്ര പ്രഖ്യാപിക്കുകയും ചെയ്തു. 2019ൽ യു.എസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ഈ മരുന്നിനെതിരെ മുന്നറിയിപ്പ് നൽകി. എന്നാൽ, ഗുജറാത്ത് സർക്കാർ ഇവർക്കെതിരെ ഒരു നടപടിയുമെടുത്തില്ല. പിന്നീടും ഇവരുടെ ചില മരുന്നുകൾ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തി. 2019 ഒക്ടോബറിൽ കമ്പനി 12.5 കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി. 2021 ഏപ്രിലിൽ 7.5 കോടിയുടെയും 2022 ജനുവരിയിലും ഒക്ടോബറിലുമായി 25 കോടിയുടെയും 2023 ഒക്ടോബറിൽ ഏഴ് കോടിയുടെയും 2024 ജനുവരിയിൽ 25.5 കോടിയുടെയും ഇലക്ടറൽ ബോണ്ടുകൾ കമ്പനി വാങ്ങി.
3. സൈദുസ് ഹെൽത്ത് കെയർ
2022നും 2023നും ഇടയിൽ 29 കോടിയുടെ ഇലക്ടറൽ ബോണ്ടാണ് കമ്പനി വാങ്ങിയത്. 2021ൽ ബിഹാർ ഡ്രഗ്സ് കൺട്രോളർ ഇവരുടെ മരുന്ന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. എന്നാൽ, ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്കെതിരെ ഗുജറാത്ത് സർക്കാർ യാതൊരു നടപടിയുമെടുത്തില്ല.
4. ഗ്ലെൻമാർക്ക് ഫാർമ
2022ലും 2023ലുമായി ഗുണനിലവാരക്കുറവിന് അഞ്ച് നോട്ടീസുകളാണ് കമ്പനിക്ക് ലഭിച്ചത്. നാലെണ്ണം മഹാരാഷ്ട്രയിൽ നിന്നാണ്. 2022ൽ 9.75 കോടിയുടെ ഇലക്ടറൽ ബോണ്ടാണ് കമ്പനി വാങ്ങിയത്.
5. സിപ്ല
2018നും 2022നും ഇടക്ക് നാല് കാരണം കാണിക്കൽ നോട്ടീസുകൾ ലഭിച്ച സിപ്ല കമ്പനി 2019 മുതൽ ഇലക്ടറൽ ബോണ്ട് വാങ്ങി സംഭാവന നൽകിയത് 39.2 കോടിയാണ്.
6. ഐ.പി.സി.എ ലബോറട്ടറീസ്
2022നും 2023നും ഇടക്ക് 13.5 കോടിയുടെ ഇലക്ടറൽ ബോണ്ടാണ് കമ്പനി വാങ്ങിയത്. ഡെറാഡൂൺ പ്ലാന്‍റിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഇവരുടെ ആന്‍റി പാരാസിറ്റിക് മരുന്നിന് ഗുണനിലവാരമില്ലെന്ന് 2018ൽ മുംബൈ ഡ്രഗ്സ് അഡ്മിനിസ്ട്രേറ്റർ കണ്ടെത്തിയിരുന്നു.
7. ഇന്‍റാസ് ഫാർമസ്യൂട്ടിക്കൽ
2022 ഒക്ടോബറിൽ കമ്പനി 20 കോടിയുടെ ബോണ്ടാണ് വാങ്ങിയത്. മഹാരാഷ്ട്ര ഡ്രഗ്സ് കൺട്രോളറുടെ പരിശോധനയിൽ ഇവരുടെ എനാപ്രിൽ-5 ഗുളിക ഡിസ്സോലൂഷൻ ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു.
ആഗോളതലത്തിൽ തന്നെ ഇന്ത്യൻ മരുന്നുനിർമാണ കമ്പനികൾ ഗുണനിലവാരക്കുറവ് ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ്, ഗുണനിലവാരമില്ലെന്ന് ഡ്രഗ്സ് കൺട്രോളർമാർ ചൂണ്ടിക്കാട്ടിയ കമ്പനികൾ കോടികൾ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവനയായി നൽകിയെന്ന വിവരം പുറത്തുവരുന്നത്.