നിപ ജാഗ്രത: വീടുകൾ കയറി വിവരം ശേഖരണം ആരംഭിച്ചു
September 14, 2023ആയഞ്ചേരി: നിപ മരണത്തെത്തുടർന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച രണ്ട്, മൂന്ന്, 12,13,14 വാർഡുകളിലെ വീടുകളിൽ കയറിയുള്ള വിവര ശേഖരണം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി ആരംഭിച്ചു. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി അവരെ ഹോം ക്വാറന്റീനിലാക്കാനും ചുമ, പനി, ഛർദി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ആവശ്യമായ വൈദ്യസഹായം നൽകാനും നടപടിയെടുക്കും.
ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെ സഹായത്തിന് വാർഡ് അംഗങ്ങളെയും ആരോഗ്യ പ്രവർത്തകരെയും സേവനം ആവശ്യപ്പെടാനും പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാനും നിർദേശിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ, വികസന സ്ഥിരം സമിതി അധ്യക്ഷൻ വെള്ളിലാട്ട് അഷറഫ്, വാർഡംഗം എ. സുരേന്ദ്രൻ, ഹെൽത്ത് ഇസ്പെക്ടർ സജീവൻ, ജെ.എച്ച്.ഐ സന്ദീപ് എന്നിവർ നേതൃത്വം നൽകി.