
‘അത്താഴം വൈകീട്ട് 6.30ന് കഴിക്കൂ, നിങ്ങളുടെ ശരീരം മാറുന്നതറിയാം’ -അനുഭവം വിശദീകരിച്ച് ഭാരതി സിങ്
February 17, 2025ഭാരതി സിങ്
ഭക്ഷണ സമയ ക്രമീകരണം ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിച്ചുവെന്ന രഹസ്യം വെളിപ്പെടുത്തി നടിയും പ്രമുഖ ഹാസ്യ ടെലിവിഷൻ അവതാരകയുമായ ഭാരതി സിങ്. വെറും ഏഴു മാസത്തിനുള്ളിലാണ് ഭാരതി ശരീര ഭാരം കുറച്ചത്. രാത്രി ഭക്ഷണ സമയത്തിൽ വരുത്തിയ ക്രമീകരണമാണ് ശരീര ഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിച്ചതെന്ന് ഭാരതി പറയുന്നു.
ഏഴു മാസത്തോളം വൈകുന്നേരം 6.30 ന് അത്താഴം കഴിക്കാൻ തുടങ്ങിയ ശേഷം തന്റെ ശരീരം ആ നിശ്ചിത സമയവുമായി പൊരുത്തപ്പെട്ടു. എന്നാൽ, 6.30 എന്ന സമയം 9.30 ആയി മാറിയാൽ, ശരീരത്തിന് അത് അംഗീകരിക്കാൻ കഴിയാതെ വരികയും തുടർന്ന് ഇത് തനിക്ക് ഛർദിക്കാനുള്ള പ്രവണതയുണ്ടാക്കുകയും ചെയ്തതായി ഭാരതി പറയുന്നു.
‘രണ്ട് മൂന്ന് തവണ ഇത് സംഭവിച്ചപ്പോൾ, ശരീരം ഒരു സമയ ക്രമീകരണത്തിൽ ഉറച്ചുനിൽക്കാൻ പറയാൻ ശ്രമിക്കുകയാണെന്ന് തനിക്ക് മനസ്സിലായി’ ഭാരതി യൂട്യൂബ് പോഡ്‌കാസ്റ്റിൽ നടൻ ഗുർമീത് ചൗധരിയോട് പറഞ്ഞു.
ആറ് മുതൽ ഏഴ് മാസത്തിലേറെ വൈകുന്നേരം 6:30 ന് അത്താഴം കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്താനും ശരീരത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കാനും കാരണമാകുമെന്ന് ന്യൂഡൽഹിയിലെ പി.എസ്.ആർ.ഐ ആശുപത്രിയിലെ ഡയറ്റീഷ്യൻ ഡി.ടി ദേബ്ജാനി ബാനർജി പറയുന്നു. മെച്ചപ്പെട്ട ദഹനം, നല്ല ഉറക്കം, ശരീരഭാരം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ, ഹൃദ്രോഗ സാധ്യത കുറയ്ക്കൽ, രക്തസമ്മർദം കുറയ്ക്കൽ, മെച്ചപ്പെട്ട ശരീരപോഷണം, ആസിഡ് റിഫ്ലക്സ് തടയൽ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഭക്ഷണ സമയം ക്രമീകരിക്കുന്നതിലൂടെയുണ്ടാവുന്നത്.
കൂടാതെ ഇത് ശരീരത്തിലെ ഊർജം വർധിപ്പിക്കുന്നതിനും മികച്ച ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും സഹായിക്കുന്നു. നേരത്തെ ഭക്ഷണം കഴിക്കുന്നത് ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് കൂടുതൽ സമയം നൽകുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു. ഇത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായകമാവും. ദഹന അസ്വസ്ഥതകൾ തടഞ്ഞ് നന്നായി ഉറങ്ങാനും ഇത് സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നതോടൊപ്പം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഈ സമയ ക്രമീകരണം സഹായിക്കും. ഭക്ഷണ സമയങ്ങളിൽ ഉറച്ചുനിൽക്കുന്നതും നേരത്തെ അത്താഴം കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുണയ്ക്കും. ഹൃദ്രോഗങ്ങളെ തടയാനും ഒരുപരിധി വരെ ഇത് സഹായകമാകുമെന്നും ബാനർജി ചൂണ്ടിക്കാട്ടുന്നു.