ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോഗ്യവകുപ്പ്

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോഗ്യവകുപ്പ്

February 16, 2025 0 By KeralaHealthNews

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെയാണെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ മാത്രം മാസം തോറും 7000 രൂപയാണ് ഓണറേറിയം നല്‍കുന്നത്. ഇതുകൂടാതെ, 60:40 എന്ന രീതിയില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 3000 രൂപ പ്രതിമാസ നിശ്ചിത ഇന്‍സെന്‍റിവും നല്‍കുന്നുണ്ട്.

ഇതുകൂടാതെ, ഓരോ ആശാ പ്രവര്‍ത്തകയും ചെയ്യുന്ന സേവനങ്ങള്‍ക്കനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 3000 രൂപ വരെ മറ്റ് ഇന്‍സെന്‍റിവുകളും ലഭിക്കും. കൂടാതെ, ആശമാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കിവരുന്നുണ്ട്. എല്ലാം കൂടി നന്നായി സേവനം നടത്തുന്നവര്‍ക്ക് 13,200 രൂപ വരെ പ്രതിമാസം ലഭിക്കുന്നെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ആശമാരുടെ ഇന്‍സെന്റിവ് വര്‍ധിപ്പിക്കാനായി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. രണ്ടു മാസത്തെ ഓണറേറിയം നല്‍കാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ട്. അത് എത്രയും വേഗം നല്‍കാനുള്ള നടപടിയും സ്വീകരിച്ചുവരുന്നു. ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണ്. അതേസമയം കര്‍ണാടകയും മഹാരാഷ്ട്രയും 5,000 രൂപയും, മധ്യപ്രദേശും പശ്ചിമ ബംഗാളും 6,000 രൂപയുമാണ് നല്‍കുന്നതെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.