
സാക്രൽ എജെനെസിസ്; മടി വേണ്ട, ചികിത്സ നിർബന്ധം
February 2, 2025അറിയാതെ മലമൂത്ര വിസർജനം നടക്കുന്നതിനാൽ നിത്യജീവിതത്തിൽ ഏറെ പ്രയാസപ്പെട്ടിരുന്ന 14 വയസ്സുള്ള പെൺകുട്ടിയുടെ വാർത്ത ഈയിടെ ആരോഗ്യരംഗത്ത് ഏറെ ചർച്ചയായിരുന്നു. സ്കൂൾ ആരോഗ്യ പരിശോധനയിലൂടെയാണ് കുട്ടി അനുഭവിക്കുന്ന പ്രയാസം തിരിച്ചറിഞ്ഞത്. മലമൂത്ര വിസർജനം നിയന്ത്രണാതീതമായതിനാൽ ദിവസവും 6 ഡയപ്പറുകളാണ് കുട്ടി ധരിച്ചിരുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വളരെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കുട്ടിക്ക് സാധാരണ ജീവിതം തിരികെ കിട്ടി. സാക്രൽ എജെനെസിസ് എന്ന അവസ്ഥയായിരുന്നു ഇതിന് പിന്നിലെ കാരണം. അറിയാം ഈ അവസ്ഥയെക്കുറിച്ച്.
മടി വേണ്ട, ശ്രദ്ധവേണം
അറിയാതെ മൂത്രം പോകുന്ന അവസ്ഥ, കുറച്ച് സമയത്തേക്കുപോലും മൂത്രം നിയന്ത്രിക്കാനാകാത്ത അവസ്ഥ തുടങ്ങിയവ പലരിലും അനുഭവപ്പെടാറുണ്ട്. ഇത് നിത്യജീവിതത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യും. പല കാരണങ്ങൾകൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ സാക്രൽ എെജനെസിസ് ആണ് ഇതിന് കാരണമെങ്കിൽ പ്രത്യേക ശ്രദ്ധ നൽകണം.
നട്ടെല്ലിന്റെ താഴ്ഭാഗത്തെ അസ്ഥി പൂർണ വളർച്ചയെത്താത്തതിന്റെ ഭാഗമായാണ് സാക്രൽ എജെനെസിസ് എന്ന അവസ്ഥയുണ്ടാകുന്നത്. ഈ അവസ്ഥ അനുഭവിക്കുന്നവരിൽ നട്ടെല്ലിന്റെ താഴ്ന്ന ഭാഗമായ സേക്രം, കോക്സിക്സ്, ലംബാർ സ്പൈൻ ഭാഗങ്ങളിൽ വളർച്ച വ്യത്യാസം പ്രകടമാകും. ചിലരിൽ നട്ടെല്ലിന്റെ ഏറ്റവും താഴെ കാണുന്ന കോക്സിസ് ഭാഗത്ത് വളർച്ചയില്ലായ്മ, ഇതിനു തൊട്ടുമുകളിലായി കാണുന്ന പ്രധാന ഭാഗമായ സേക്രത്തിന്റെ അപൂർണമായ വളർച്ച എന്നിവയാണ് സാധാരണയായി കണ്ടുവരുന്നത്. എന്നാൽ, ഗരുതരമായി പ്രശ്നം അനുഭവിക്കുന്നവരിൽ പുറംഭാഗത്തെ നട്ടെല്ലിന്റ ഭാഗങ്ങളിൽ (ലംബാർ സ്പൈൻ) തന്നെ വലിയ തോതിലുള്ള അപൂർണതയുണ്ടാകും.
അസ്ഥിയുടെ ഭാഗങ്ങൾ കൃത്യമായി രൂപപ്പെടാത്തതിനാൽ ഈ ഭാഗത്തെ മറ്റ് ശരീര അവയവങ്ങളിലും ആനുപാതികമായി ഘടനാ വ്യത്യാസം സംഭവിക്കുന്നു. ഈ രോഗികളിൽ മൂത്രാശയം, ആമാശയ വ്യവസ്ഥ എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ബവൽ-ബ്ലാഡർ ഫങ്ഷൻ ശരിയായ രീതിയിൽ നടക്കില്ല. ഓരോ രോഗിയിലും വളർച്ച സംബന്ധിച്ച അപാകങ്ങൾ വ്യത്യാസപ്പെടുമെന്നതിനാൽ പലരീതിയിലുള്ള ശാരീരിക പ്രശ്നങ്ങളാകും അനുഭവപ്പെടുക. സാക്രൽ എജെെനസിസ് ഗുരുതരമായി ബാധിച്ചവരിൽ നട്ടെല്ലിനു താഴെയുള്ള ശരീരഭാഗങ്ങളിലെ ചലനശേഷിയെ പോലും ബാധിക്കാറുണ്ട്. ഈ ഭാഗത്തെ പേശികളും ഞരമ്പുകളും ആവശ്യാനുസരണം പ്രവർത്തിക്കാത്ത സ്ഥിതിയുണ്ടാകും. മസ്തിഷ്കത്തിലേക്കുള്ള സെൻസേഷൻ നൽകുന്നതിനുള്ള നാഡികളുടെ പ്രവർത്തനം മാത്രമാകും ശരിയായ വിധത്തിൽ നടക്കുന്നത്. എന്നാൽ, ചില ഘട്ടങ്ങളിൽ ഇതും നിലച്ചുപോകുന്ന അവസ്ഥയുണ്ടാകും.
ഇത്തരമൊരു വളർച്ച വ്യതിയാനമുണ്ടാകുന്നതിന് പിന്നിലെ കാരണം സംബന്ധിച്ച് പൂർണമായ വ്യക്തതയില്ല. പലരിലും ജനിതക കാരണങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം കൂടുതലുള്ള ഗർഭിണികളിലും ഇതിനുള്ള സാഹചര്യം കൂടുതലാണ്.
ചികിത്സ എന്ത്?
ഓരോ രോഗികളിലും നട്ടെല്ലിന്റെ താഴോട്ടുള്ള ഭാഗങ്ങളിലെ വളർച്ചാ വ്യത്യാസത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ചികിത്സ നിർണയിക്കുന്നത്. സെൻസേഷനുള്ളവരും ചലനശേഷിയെ ബാധിക്കാത്തവരുമായ രോഗികളിൽ ചികിത്സ കൂടുതൽ ഫലപ്രദമാകും.
സാധാരണ നട്ടെല്ലിന്റെ മധ്യഭാഗത്തിൽനിന്ന് തൊട്ടുതാഴെയുള്ള എൽ 1 ഭാഗത്താണ് സ്പൈനൽകോഡ് അവസാനിക്കുന്നത്. എന്നാൽ, സേക്രൽ എജെെനസിസ് ബാധിച്ചിട്ടുള്ളവരിൽ നട്ടെല്ല് പൂർണവളർച്ചയെത്താത്തതിനാൽ പിൻകഴുത്തിനോട് ചേർന്നുകിടക്കുന്ന ഡി7, ടി1 ഭാഗങ്ങളിൽതന്നെ സ്പൈനൽകോഡ് അവസാനിക്കുന്ന സ്ഥിതിയുണ്ടാകാറുണ്ട്. നട്ടെല്ലിന്റെ ഭാഗങ്ങൾ രൂപപ്പെട്ടതിൽ അപാകമുള്ളതിനാൽ തന്നെ ഞരമ്പുകൾ കൃത്യമായ രീതിയിൽ പ്രവർത്തിക്കാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. ചിലരിൽ ശസ്ത്രക്രിയയിലൂടെ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാകും.
ചിലരിൽ മൂത്രം നിയന്ത്രണവിധേയമല്ലാത്തത് മാത്രമാകും പ്രശ്നമായി അനുഭവിക്കുക. ഗുരുതരമായ അവസ്ഥയുള്ളവരിൽ മല വിസർജനം സാധ്യമാകുന്നിെല്ലങ്കിൽ കൊളോസ്ടമി ആവശ്യമായി വരും. മൂത്ര വിസർജനത്തിനും ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കേണ്ടി വരും. സ്ഥിരമായി ഡയപ്പർ, ബാഗ് എന്നിവ ഉപയോഗിക്കുന്ന സമയത്തുണ്ടാകുന്ന ദുർഗന്ധം, ത്വക്കിലുണ്ടാകുന്ന പ്രശ്നങ്ങൾ, അണുബാധ, വൃക്കക്കുണ്ടാകുന്ന അണുബാധ തുടങ്ങിയവയെല്ലാം അനുബന്ധ പ്രശ്നങ്ങളാണ്. ചലനശേഷി കൃത്യമായവരിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാമാർഗങ്ങളിലൂടെ പരിഹരിക്കാൻ സാധിക്കും.
കുട്ടികളിൽ ജനന സമയത്തുതന്നെ നട്ടെല്ലിന്റെ ഈ ഭാഗങ്ങളിൽ വളർച്ച പ്രശ്നങ്ങളുണ്ടാകുകയും പ്രായം കൂടുമ്പോൾ അതിന് ആനുപാതികമായി പ്രശ്നം രൂക്ഷമാകുകയും ചെയ്യും. ഏറ്റവും വേഗം കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കിയാൽ അനുകൂല ഫലമുണ്ടാകും. എന്നാൽ, വലിയ തോതിലുള്ള വളർച്ച പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പൂർണമായി ഭേദപ്പെടുത്തുകയെന്നത് അസാധ്യമാണ്.
ചെറിയ പ്രായത്തിൽതന്നെ മൂത്രം നിയന്ത്രണവിധേയമല്ലാത്തതിന്റെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ യാഥാർഥ കാരണം കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. സാക്രൽ എജെനെസിസ് ആണ് കാരണമെങ്കിൽ വിദഗ്ധ ഡോക്ടറുടെ നിർദേശ പ്രകാരമുള്ള കൃത്യമായ ചികിത്സ സ്വീകരിക്കുന്നത് ഗുണംചെയ്യും.