
വാട്സ് ആപ്പ് വഴി രോഗം നേരത്തെ കണ്ടെത്താം; ചികിത്സിക്കാം
February 1, 2025സ്വന്തം മൊബൈൽ ഫോണെടുത്ത് ഏതാനും മിനിറ്റ് ചിലവഴിച്ചാൽ തന്‍റെ ആരോഗ്യനിലയെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും അറിയാൻ കഴിയുന്ന സംവിധാനം ജനകീയമാകുന്നു.
25 വർഷത്തോളമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സീനിയർ ന്യൂറോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. കെ. ഉമ്മർ രൂപകൽപന ചെയ്ത ‘ആപ്പ്’ വഴിയാണ് ജീവിതശൈലി രോഗങ്ങൾ അടക്കമുള്ള പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കുള്ള മുന്നറിയിപ്പുകളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും ലഭിക്കുക.
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, അർബുദം, പക്ഷാഘാതം, അൾഷിമേഴ്സ്, പാർക്കിൻസൺ, വൃക്കരോഗം തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സാമൂഹികനന്മ ലക്ഷ്യമിട്ട് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. നേരത്തെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സിച്ചുമാറ്റാവുന്ന പല രോഗങ്ങളും ഇന്ന് ഗുരുതാരാവസ്ഥയിലെത്തിയശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇവയിൽ പലതും രോഗികളുടെ ജീവൻതന്നെ അപകടത്തലാക്കുകയും ചെയ്യുന്നു. രോഗങ്ങളെ തുടക്കത്തിൽ കണ്ടെത്തി ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനാവുന്നു എന്നതാണ് തികച്ചും സൗജന്യമായ ഈ സംവിധാനത്തിന്‍റെ പ്രത്യേകത.
ഡോ. കെ. ഉമ്മർ
മൊബൈൽ ഫോണിൽ ലഭ്യമാകുന്ന ചോദ്യാവലിക്ക് നേരെ ‘ഉണ്ട് (YES)’ അല്ലെങ്കിൽ ‘ഇല്ല (NO)’ എന്ന് രേഖപ്പെടുത്തിയാലുടൻ വ്യക്തികളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള സാമാന്യ വിവരങ്ങൾ വാട്സാപ്പിൽ ലഭ്യമാവും. രോഗസാധ്യതകളുണ്ടെങ്കിൽ അതുസംബന്ധിച്ച വിവരങ്ങളും ലഭിക്കും. ചോദ്യങ്ങളിലൂടെയും ഉപചോദ്യങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്താണ് ഉത്തരങ്ങൾ നൽകുന്ന വ്യക്തിയുടെ രോഗാവസ്ഥകൾ കണ്ടെത്തുന്നത്. ഭക്ഷണ രീതി, വ്യായാമം, ലഹരിഉപയോഗം, പാരമ്പര്യരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിവരങ്ങളാണ് വിശകലനത്തിന് വിധേയമാക്കുക.
സമൂഹത്തിലെ സാധാരക്കാർക്കും പാവപ്പെട്ടവർക്കും ഉപകാരപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് സൗജന്യമായി ഈ സേവനം ലഭ്യമാക്കുന്നത്. രോഗങ്ങളും രോഗസാധ്യതയും കണ്ടെത്തിക്കഴിഞ്ഞാൻ ആവശ്യമുള്ള നിർദ്ദേശങ്ങൾ വാട്സ് ആപ്പ് വഴി നൽകുകയും ചെയ്യും. വളരെ സാധാരണക്കാരായ വ്യക്തികൾക്ക് പേലും എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാനും ഉത്തരം രേഖപ്പെടുത്താനും കഴിയുന്ന വിധത്തിൽ ലളിതമായ രീതിയിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത് എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
ചോദ്യവലിയിൽ ഉത്തരങ്ങൾ രേഖപ്പെടുത്തുന്ന വ്യക്തികൾ അവരുടെ പേര്, ഇനീഷ്യൽ, വയസ്സ്, ഉയരം, തൂക്കം, ഇ-മെയിൽ ഐ.ഡി, വിലാസം, സ്ഥലപ്പേര് എന്നിവ മാത്രം നൽകിയാൽ മതിയാവും. ഏതെങ്കിലും പ്രദേശത്ത് ഒരു പ്രേത്യകതരം രോഗത്തിന്‍റെ സാന്നിധ്യം കൂടുതലായുണ്ടോ എന്നറിയാൻ മാത്രമാണ് സ്ഥലം രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നത്. അതേസമയം ഇതിലൂടെ നൽകുന്ന വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
ചോദ്യാവലിയിലെ എല്ലാ കോളവും പൂരിപ്പിച്ചശേഷം സബ്മിറ്റ് ചെയ്ത്കഴിഞ്ഞാൽ നിമിഷങ്ങൾക്കകം വ്യക്തിയുടെ ഫോണിലെ വാട്സാപ്പിൽ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളും നിർദ്ദേശങ്ങളും രോഗം വരാതിരിക്കാനുള്ള മാർഗ്ഗങ്ങളും വിശദമായി ലഭിക്കും. അതിനനുസരിച്ച് വ്യക്തിക്ക് ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ലഭിക്കും.
2016-ൽ കോഴിക്കോട് പഴയങ്ങാടി കേന്ദ്രീകരിച്ച് രൂപവത്കരിച്ച ‘സമർപ്പണം ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് മറ്റ് സേവനങ്ങളോടൊപ്പം രോഗങ്ങളെക്കുറിച്ചുള്ള ഓൺലൈൻ ബോധവത്കണവും നടന്നുവരുന്നത്.
അബുദബിൽ വെച്ച് നടന്ന ‘വേൾഡ് സ്ട്രോക്ക് കോൺഫ്രൻസ്-24’ ൽ പങ്കെടുക്കവെ അവിടെ അവതരിപ്പിക്കപ്പെട്ട പക്ഷാഘാതവുമായി ബന്ധപ്പെട്ട ആപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ‘സമർപ്പണം’ എറെ മികച്ചതും ഫലപ്രദവുമാണെന്ന് ഡോ. ഉമർ പറഞ്ഞു. ന്യൂസ്ലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന AUT National Institute for Stroke and Applied Neurosciences എന്ന ഗവേഷണ സ്ഥാപനമാണ് ‘സ്ട്രോക്ക് റിസ്കോമീറ്റർ’ എന്ന ആപ്പ് വേൾഡ് സ്ട്രോക്ക് കോൺഫ്രൻസിൽ അവതരിപ്പിച്ചത്. ‘സമർപ്പണ’ത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞ ഈ വിദേശ ഇൻസ്റ്റിറ്റ്യൂട്ട് സഹകരണ വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും അതു സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണെന്നും ഡോ. ഉമർ അറിയിച്ചു. https://samarppanam.com/user/survey എന്ന ലിങ്കിലൂടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ആരോഗ്യവിവരങ്ങൾ�അറിയാം