
135 മരുന്നുകൾക്ക് ഗുണനിലവാരമില്ല; ഉൽപാദിപ്പിച്ചത് മൂന്നു പൊതുമേഖല കമ്പനികളും പ്രമുഖ സ്വകാര്യ കമ്പനികളും
January 29, 2025മലപ്പുറം: ഫിക്സഡ് ഡോസ് കോമ്പിനേഷൻ ഉൾപ്പെടെ 135 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) റിപ്പോർട്ട്. സംസ്ഥാന, കേന്ദ്ര ലബോറട്ടറികളിൽ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
ഗുണനിലവാരമില്ലെന്ന് (നോട്ട് സ്റ്റാൻഡേഡ് ക്വാളിറ്റി-എൻ.എസ്.ക്യു) കണ്ടെത്തിയ മരുന്നുകളിൽ മൂന്നു പൊതുമേഖല കമ്പനികളും പ്രമുഖ സ്വകാര്യ കമ്പനികളും ഉൽപാദിപ്പിച്ചവയുമുൾപ്പെടും. ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ് ലിമിറ്റഡ്, ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, കർണാടക ആൻറിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നീ പൊതുമേഖല കമ്പനികളുടെ മരുന്നുകളാണ് എൻ.എസ്.ക്യു പട്ടികയിലുള്ളത്.
സ്വകാര്യ മരുന്ന് നിർമാതാക്കളായ മക്ലിയോഡ്സ് ഫാർമയുടെ തൈറോയ്ഡ് മരുന്നായ തൈറോക്സ് 25, ടൈപ്പ് 2 പ്രമേഹത്തിന് ഉപയോഗിക്കുന്ന സിപ്ലയുടെ ഒകാമെറ്റ് ഗുളികകൾ, കാഡിലയുടെ ആൻറി ബാക്ടീരിയൽ മരുന്നായ സിപ്രോഡാക് 500 ഗുളികകൾ എന്നിവ ഗുണനിലവാരമില്ലാത്തതായി പ്രഖ്യാപിച്ചിട്ടുണ്ട്.
കഫ് സിറപ്പുകൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാൻ ഉപയോഗിക്കുന്ന ഫിക്സഡ്-ഡോസ് കോമ്പിനേഷനുകളുടെ (എഫ്.ഡി.സി ) ബാച്ചുകളും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ചില കോമ്പിനേഷൻ മരുന്നുകളിൽ ഹൃദയാഘാതം തടയാൻ ഉപയോഗിക്കുന്ന റോസുവാസ്റ്റാറ്റിൻ, ആസ്പിരിൻ, ക്ലോപ്പിഡോഗ്രൽ എന്നിവയുടെ എഫ്.ഡി.സി കാപ്സ്യൂളുകൾ ഉൾപ്പെടുന്നു.�