
ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അശ്വമേധം 6.0
January 28, 2025കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 26 കുഷ്ഠ രോഗ കേസുകൾ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ദേശീയ കുഷ്ഠരോഗ നിർമാർജ്ജനത്തിന്റെ ഭാഗമായുള്ള കുഷ്ഠ രോഗ നിർണയ ഭവന സന്ദർശന കാമ്പയിൻ ആശ്വമേധം 6.0 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിൽ നടക്കും.
കാമ്പയിനിന്റെ വിജയത്തിനായി വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ജില്ല വികസന കമീഷണർ കാർത്തിക് പണിഗ്രാഹിയുടെ നേതൃത്വത്തിൽ നടന്നു.
പരിശീലനം ലഭിച്ച വളന്റിയർമാർ കാമ്പയിൻ കാലയളവിൽ വീടുകളിലെത്തും. കുഷ്ഠ രോഗ ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗ ബാധിതർക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവയാണ് ലക്ഷ്യം. രണ്ട് വയസ്സിന് മുകളിലുള്ള മുഴുവൻ പേരിലും ത്വക് പരിശോധന നടത്തും.
ജില്ലയിലെ മുഴുവൻ വീടുകളും അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദർശിക്കും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി. രേഖ, ഡോ. കെ.സി. സച്ചിൻ തുടങ്ങിയവർ പങ്കെടുത്തു