
എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
January 4, 2025representational image
representational image
പത്തനംതിട്ട: രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായ ക്ഷീണം, പേശിവേദന തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്. കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനികേസുകളുണ്ട്.
വിദഗ്ധ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന് കഴിക്കണം; രോഗംകുറയുന്നില്ലെങ്കില് വീണ്ടും ഡോക്ടറെ കാണാം. എലിയുടെ മാത്രമല്ല നായ്, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, വാഹനങ്ങള്‍ കഴുകുക, കൃഷിപ്പണി, നിർമാണ പ്രവൃത്തി, വയലിലും മറ്റും കെട്ടി നില്ക്കുന്ന വെള്ളത്തില്‍ മുഖംകഴുകുക, വൃത്തിയില്ലാത്ത വെള്ളം വായില്‍ കൊള്ളുക തുടങ്ങിയവ രോഗകാരണാമാകാം.
വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികള്‍ക്കും രോഗബാധ ഉണ്ടാകാം. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്നവര്‍, ശുചീകരണജോലിക്കാര്‍, ഹരിതകര്‍മസേന, കര്‍ഷകര്‍. ക്ഷീരകര്‍ഷകര്‍, ചെറിയകുളങ്ങളിലും പാടങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍, കെട്ടിടം പണി ചെയ്യുന്നവര്‍, വര്‍ക് ഷോപ്പ് ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്.
ഡോക്സിസൈക്ലിന്‍ കഴിക്കാം. മടിക്കരുത്. ആഴ്ചയില്‍ ഒരിക്കല്‍ 200 മില്ലിഗ്രാം (100 മില്ലി ഗ്രാമിന്റെ രണ്ടെണ്ണം) ആഹാര ശേഷം കഴിക്കാം. ധാരാളം വെള്ളം കുടിക്കണം. പണിക്കിറങ്ങുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഗുളിക കഴിക്കേണ്ടതാണ്. എലിപ്പനി ബാധിക്കാന്‍ സാധ്യതയുള്ള ഹൈ റിസ്ക് ജോലികള്‍ ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്ന ക്രമത്തില്‍ ആറാഴ്ച വരെ തുടര്‍ച്ചയായി ഗുളിക കഴിക്കണം. ആരോഗ്യപ്രവര്‍ത്തകർ നിര്‍ദ്ദേശിക്കുന്ന കാലയളവ് മരുന്ന് കഴിക്കേണ്ടതാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.