ഹോട്ടലിലേത് മാത്രമല്ല, വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും എപ്പോഴും ആരോഗ്യകരമല്ല; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഹോട്ടലിലേത് മാത്രമല്ല, വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും എപ്പോഴും ആരോഗ്യകരമല്ല; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

October 28, 2024 0 By KeralaHealthNews

ഹോട്ടൽ ഭക്ഷണം നല്ലതല്ല, എപ്പോഴും വീട്ടിലുണ്ടാക്കിയത് കഴിക്കുക എന്നെല്ലാമാണ് നമ്മൾക്കെല്ലാം കിട്ടുന്ന ഉപദേശം. വീട്ടിലുണ്ടാക്കിയ ഭക്ഷണം വൃത്തിയും ആരോഗ്യത്തിന് ദോഷം ചെയ്യാത്തതുമാകും എന്ന ബോധം നമ്മിൽ ഉള്ളതുകൊണ്ടാണ് വീട്ടിലെ ഊണ്, നാടൻ ഭക്ഷണം എന്ന ബോർഡുകൾ നമ്മുടെ നാട്ടിൽ നിറയുന്നത്. ഹോട്ടലുകളിൽ കയറാതെ എങ്ങനെയെങ്കിലും വീട്ടിലെത്തി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുന്നവരും നിരവധി. എന്നാൽ, നമ്മുടെ വീടകങ്ങളിലെ ഭക്ഷണം എല്ലായിപ്പോഴും ഹെൽത്തിയാണോ?

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പലപ്പോഴും അനാരോഗ്യകരമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ അഭിപ്രായം. ഉയർന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളുടെ പതിവ് ഉപഭോഗം അമിതവണ്ണത്തിനും അമിതഭാരത്തിനും ഒപ്പം പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവത്തിനും കാരണമാകുന്നതാണെന്ന് എല്ലാവർക്കും അറിയാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലും അമിതമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഐ.സി.എം.ആർ പറയുന്നു.

ഭക്ഷണം രുചികരമാക്കാൻ നമ്മൾ പലപ്പോഴും കുറച്ചധികം ഓയിൽ, ബട്ടർ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം ചേർക്കാറുണ്ട്. ഇതെല്ലാം അനാരോഗ്യകരമായ പാചക രീതിയാണ്. മാത്രമല്ല, എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന പൂരി, ബട്ടൂര എന്നിവ ഹൃദയസംബന്ധിയായ അസുഖങ്ങൾ, ഭാരക്കൂടുതൽ, ടൈപ്പ് 2 പ്രമേഹം എന്നിവയുണ്ടാക്കുന്നു.

ചിലർ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി പ്യൂരി പോലുള്ള സംസ്കരിച്ച മസാലകൾ എല്ലായിപ്പോഴും ഉപയോഗിക്കാറുണ്ട്. ദോഷകരമായ പ്രിസർവേറ്റീവുകളും നിറങ്ങളും ചേർത്താണ് പലപ്പോഴും ഇവ പാക്ക് ചെയ്ത് വരുന്നത്. കൂടാതെ, മറ്റൊരു പ്രശ്നമാണ് അമിതമായി വേവിക്കുന്നത്. ഉയർന്ന തീയിൽ പച്ചക്കറികൾ പാകം ചെയ്യുന്നത് അവശ്യ പോഷകങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുക.

ഇതൊന്നും കൂടാതെ, ആവശ്യമുള്ളതിലും കൂടുതൽ ഭക്ഷണം തയാറാക്കുകയും കഴിക്കാൻ സ്നേഹത്താൽ നിർബന്ധമാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയും പ്രശ്നമാണ്. ‍ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.