ഒരാൾക്ക് കൂടി എംപോക്സ്; എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം
September 27, 2024തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. ദുബൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗബാധ. ദിവസങ്ങൾക്ക് മുമ്പ് ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ദുബൈയിലെ ഒരേ സ്ഥലത്ത് നിന്നാണ് രണ്ടുപേരും വന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ലോജിസ്റ്റിക് സ്ഥാപനത്തിൽ ജീവനക്കാരനായ എറണാകുളം സ്വദേശിക്ക് ദുബൈയിൽ വെച്ച് തന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അവിടെ ഡോക്ടറെ കണ്ടതിന് ശേഷമാണ് നാട്ടിലേക്കെത്തിയത്. നെടുമ്പാശ്ശേരിയിൽ നിന്നും ഇദ്ദേഹമെത്തിയ ടാക്സി ഡ്രൈവറുൾപ്പെടെ ഏതാനും പേരോട് ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സമ്പര്‍ക്ക പട്ടിക തയാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ നിർദേശം നൽകി. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നതെന്ന് യോഗത്തിൽ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും വേണം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോവിഡ് 19, എച്ച്1 എന്‍1 എന്നിവയെപ്പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധത്തിലേർപ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ രോഗപ്പകർച്ചക്കുള്ള സാധ്യതയുണ്ടാകാം.