രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് പുരസ്കാരത്തിളക്കം
August 13, 2024പെരുമ്പാവൂര്‍: ആര്‍ദ്രകേരളം പുരസ്കാരം നേടിയ രായമംഗലം പഞ്ചായത്തിനുകീഴിലെ കുടുംബാരോഗ്യ കേന്ദ്രം കാഴ്ചവെച്ചത് വേറിട്ട പ്രവര്‍ത്തനങ്ങൾ. ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുകയുടെ നല്ലൊരുഭാഗം സാന്ത്വന പരിചരണ പരിപാടികള്‍, കായകല്പ് ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങൾ എന്നിവക്കായി വിനിയോഗിച്ചു. മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ഭിന്നമായി ആളുകളുടെ ആരോഗ്യത്തിന് മുന്‍തൂക്കം നല്കി വാതില്‍പടി സേവനം ഉറപ്പുവരുത്തി. സഞ്ചരിക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം ഇതിന്റെ ഭാഗമാണ്.
അലോപ്പതി, ആയുര്‍വേദം, മൃഗസംരക്ഷണ, കൃഷി വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനത്തെത്തി. പ്രതിദിനം ആശുപത്രിയിലെത്തുന്ന 300ഓളം രോഗികളെ പരിപാലിക്കാൻ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ നാല് ഡോക്ടര്‍മാരുടെ സേവനമുണ്ട്. സാന്ത്വന പരിപാലനം, നേത്രപരിശോധന, കൗണ്‍സലിങ് സെന്റര്‍, വയോജന ക്ലിനിക് തുടങ്ങിയവ ഏറെ പ്രയോജനം ചെയ്യുംവിധം പ്രവര്‍ത്തിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ആശുപത്രിയുടെ മികച്ച പ്രവര്‍ത്തനം പരിഗണിച്ച് ദേശീയ ഗുണനിലവാര അവാര്‍ഡായ എന്‍.ക്യു.എ.എസ്, കെ.എ.എസ്.എച്ച്, കായകൽപ് അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ആശുപത്രിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് ജനകീയാരോഗ്യ കേന്ദ്രങ്ങളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ബി. സുധീര്‍, മെഡിക്കല്‍ ഓഫിസര്‍ രാജേഷ് ബി. നായര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് പുരസ്കാര നിറവിലേക്ക് ആശുപത്രിയെ എത്തിച്ചത്.