അവയവദാനവും മസ്തിഷ്ക മരണവും
August 13, 2024ഇന്ത്യയിൽ അവയവങ്ങൾ ലഭിക്കാതെ ഓരോ വർഷവും അഞ്ചു ലക്ഷത്തോളം പേർ മരണമടയുന്നുണ്ട്. കേരളത്തിൽ മാത്രം വൃക്ക ലഭിക്കാനായി ഒന്നര ലക്ഷത്തോളം പേർ സർക്കാറിന്റെ അവയവദാന/സ്വീകരണ സംവിധാനമായ ‘മൃതസഞ്ജീവനി’യിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിപ്പാണ്. ഇന്ത്യയാണ് ഏറ്റവും കുറഞ്ഞ അവയവദാന നിരക്കുള്ള രാജ്യങ്ങളിലൊന്ന്. അവയവ ദാനവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പ്രത്യേകതയാണ് പ്രധാന കാരണം. ഇന്ത്യയിൽ, മരണത്തിനുമുമ്പ് അവയവദാന സമ്മത പത്രിക നൽകിയാൽ പോലും ബന്ധുക്കളുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ അവയവങ്ങൾ ദാനം ചെയ്യാനാവൂ.
Opt-in രീതിയാണിത്. എന്നാൽ, സ്പെയിൻ പോലുള്ള രാജ്യങ്ങളിലെ Opt Out രീതിയിൽ, അവയവങ്ങൾ ദാനം ചെയ്യരുത് എന്ന് മരണത്തിനുമുമ്പ് രേഖപ്പെടുത്തിയാൽ മാത്രമേ ദാനത്തിന് എടുക്കാതിരിക്കുകയുള്ളൂ. ഈയിടെയായി പല രാജ്യങ്ങളും ഓപ്റ്റ്-ഔട്ട് സിസ്റ്റം സ്വീകരിച്ചുതുടങ്ങുന്നുണ്ട്. അച്ഛൻ, അമ്മ, ഭാര്യ, സഹോദരങ്ങൾ, മക്കൾ, ഭർത്താവ്, പേരക്കുട്ടികൾ, പിതാമഹർ തുടങ്ങിയ വളരെ അടുത്ത ബന്ധുക്കളിൽ നിന്നോ അല്ലെങ്കിൽ അഗാധ സ്നേഹ ബന്ധമുള്ള (affection and attachment:THOA act 2014) ബന്ധുക്കളല്ലാത്തവരിൽ നിന്നോ മാത്രമേ ഇന്ത്യയിൽ അവയവ സ്വീകരണത്തിന് നിയമപരമായ അനുമതിയുള്ളൂ.
ബന്ധുത്വമില്ലാത്ത അവയവ ദാനത്തിന് സർക്കാറിന്റെ ഓതറൈസേഷൻ കമ്മിറ്റിയുടെ അനുമതി വേണം. ഒരു വയസ്സു മുതൽ എഴുപതു വരെയുള്ള ആർക്കും എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, കാൻസർ എന്നീ രോഗങ്ങളില്ലെങ്കിൽ അവയവ ദാനം നടത്താം.
സാധാരണ മരണങ്ങളിൽ ഹൃദയമിടിപ്പ് നിലക്കുകയും ഹൃദയസ്തംഭനം ഉണ്ടാവുകയുമാണ് ചെയ്യുന്നത്. അതുവഴി അവയവങ്ങളിലേക്കുള്ള രക്തചംക്രമണം നിലച്ച് അവയവങ്ങൾ ഉപയോഗ്യശൂന്യമാകുന്നു. മസ്തിഷ്ക മരണങ്ങളിലാവട്ടെ, വൈദ്യശാസ്ത്രപരമായി രോഗി മരിക്കുന്നുണ്ടെങ്കിലും അവയവങ്ങളിലേക്കുള്ള രക്തചംക്രമണവും ഹൃദയമിടിപ്പും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നിലനിർത്തുകയും പിന്നീട് അവയവ ദാനത്തിനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
1994ലാണ് ഇന്ത്യയിൽ സമഗ്രമായ അവയവ ദാന നിയമം (THOA act-Transplantation of human organ & tissue act)നിലവിൽ വരുന്നത്. THOA act 2011ൽ പുതുക്കുകയും, 2014ൽ പ്രാബല്യത്തിൽ വരുകയുംചെയ്തു. മസ്തിഷ്ക മരണത്തെക്കുറിച്ചും അവയവ കച്ചവടത്തെ ക്കുറിച്ചുമൊക്കെയുള്ള കർശനവും ശാസ്ത്രീയവും സാമൂഹിക പ്രതിബദ്ധതയോടെയുമുള്ള നിലപാടുകളാണ് ഈ ആക്ടിനെ ശ്രദ്ധേയമാക്കുന്നത്.
ഒരിക്കലും തിരിച്ചുകിട്ടാത്ത ഗുരുതര ബോധനഷ്ടം(coma), മസ്തിഷ്കത്തിന്റെ സ്വാഭാവിക പ്രതികരണങ്ങളുടെ അഭാവം, സ്വയം ശ്വസിക്കാനുള്ള കഴിവിന്റെ പൂർണ നഷ്ടം (അപ്നിയ ടെസ്റ്റ്) എന്നിവ നൂറു ശതമാനം കൃത്യതയോടെ സർക്കാർ പാനലിലുള്ള രണ്ടു ഡോക്ടർമാർ അടക്കം നാലു വിദഗ്ധ ഡോക്ടർമാർ ആറുമണിക്കൂർ ഇടവിട്ട് രേഖ പ്പെടുത്തിയാൽ മാത്രമേ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയുള്ളൂ. ഈ പരിശോധനകൾ വിഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യും.
റോഡപകടങ്ങളാണ് മസ്തിഷ്ക മരണത്തിന്റെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് .ഇന്ത്യയിൽ ഒന്നര ലക്ഷത്തോളം പേർക്ക് ഒരു വർഷം റോഡപകടങ്ങളിൽ മസ്തിഷ്ക മരണം സംഭവിക്കുന്നുണ്ട്. പക്ഷേ, നമ്മുടെ നാട്ടിൽ മസ്തിഷ്കമരണാനന്തര അവയവദാനം പരിതാപകരമാംവിധം കുറവാണ്. ഉദാഹരണത്തിന് 2017ൽ ഇന്ത്യയിലൊട്ടാകെ 907 കെഡാവർ ട്രാൻസ് പ്ലാന്റ് മാത്രമാണ് നടന്നത്. ഒരു വർഷത്തിൽ അഞ്ചു ലക്ഷത്തോളം അവയവങ്ങൾ വേണ്ട സ്ഥാനത്ത് 10000-15000 അവയവങ്ങൾ മാത്രമാണ് ലഭ്യമാവുന്നത്. ഇന്ത്യയിൽ NOTTO (നാഷനൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷൻ)എന്ന സർക്കാർ സംവിധാനമാണ് അവയവ ദാനം കൈകാര്യം ചെയ്യുന്നത്.
ഇന്ത്യയെ അഞ്ച് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും റീജനൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (R SOTTO) രൂപവത്കരിച്ചിട്ടുണ്ട്. കേരളത്തിൽ കേരള ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷനാണ് (K SOTTO) ഇതിന്റെ മേൽനോട്ടം. കെ-സോട്ടോവിന്റെ മൃതസഞ്ജീവനി പ്രോജക്ടിന്റെ ലിസ്റ്റിൽ പേർ നൽകിട്ടുള്ളവർക്ക് സീനിയോറിറ്റി അടിസ്ഥാനത്തിലാണ് അവയവങ്ങൾ ലഭ്യമാവുക.
മരണാനന്തരവും മനുഷ്യസമൂഹത്തിനുവേണ്ടി മഹത്തായ സേവനം ചെയ്യാനാവുന്ന മേഖലയാണ് മസ്തിഷ്കമരണാനന്തര അവയവദാനം. ലക്ഷക്കണക്കിന് മനഷ്യർക്ക് ജീവിതം വാഗ്ദാനം ചെയ്യുന്ന മഹത്തായ സംവിധാനത്തിന്റെ ഭാഗമാവാൻ സമൂഹം തയാറാവേണ്ടതാണ്.