നിപ പഴയ നിപ തന്നെയോ..?

നിപ പഴയ നിപ തന്നെയോ..?

July 22, 2024 0 By KeralaHealthNews

വൈറസുകളെക്കുറിച്ചും മറ്റുപല അസുഖങ്ങളെ കുറിച്ചും മുൻകാലങ്ങളിൽ പല മഹദ് വ്യക്തികളും ജീവൻ പണയം വെച്ച് പഠനങ്ങൾ നടത്തുകയും വിലപ്പെട്ട പല അറിവുകളും കണ്ടെത്തുകയും ചെയ്തു. ആ അറിവുകളാണ് ഇന്ന് മെഡിക്കൽ വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്നത്. പുതുതായ നിരീക്ഷണങ്ങളും കണ്ടെത്തലുകളും കുറവാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

1999ൽ ഈ ലേഖകൻ കോഴിക്കോട് മെഡിക്കൽ കോളജ് പാലിയേറ്റീവ് കെയർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന കാലം. അന്ന് ഇംഗ്ലണ്ടുകാരിയായ വാൽ എന്ന നഴ്സ് അവിടെ പരിശീലനത്തിന് വന്നിരുന്നു. ഒരു ദിവസം അവർ എന്റെ കൂടെ 67-ാം നമ്പർ റേഡിയോ തെറപ്പി ഒ.പി കാണാൻ വന്നു. അവിടെ ദിവസവുമെത്തുന്ന അർബുദ രോഗികളുടെ എണ്ണം കണ്ട് അവരുടെ കണ്ണുതള്ളി.

തിരിച്ചുവന്നപ്പോൾ അവർ എന്നോട് അഭിപ്രായപ്പെട്ടത് ഇതാണ്: “വൈദ്യശാസ്ത്രം പഠിക്കണമെങ്കിൽ കേരളത്തിൽ വന്ന് പഠിക്കണം. എത്രത്തോളം രോഗികളാണ് ഇവിടെ ഓരോ ഡിപ്പാർട്ട്മെന്റിലും ദിവസവും വന്നുപോകുന്നത്’. ഇംഗ്ലണ്ടിൽ മൊത്തം ഒരു ദിവസം പുതുതായി വരുന്ന അർബുദരോഗികളേക്കാൾ കൂടുതൽ പേർ കോഴിക്കോട് മെഡിക്കൽ കോളജിലെ കാൻസർ ഒ.പിയിൽ മാത്രം ദിവസവും പുതുതായി വരുന്നുണ്ട്.

പക്ഷേ.. ഇവിടെ ഒരു ചെറിയ പ്രശ്നമുണ്ട്. അവിടെ സായിപ്പ് ആ കുറച്ചു രോഗികളെ നിരീക്ഷിക്കുകയും പഠിക്കുകയും ആ കാലാവസ്ഥയിൽ ആ രോഗികൾക്ക് പറ്റിയ മരുന്നും അതിന്റെ ഡോസും കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ, നമ്മളോ? അവർ ചെയ്യുന്നത് കാണാതെ പഠിക്കുകയും ഇവിടത്തെ വ്യത്യസ്ത കാലാവസ്ഥയിലെ വ്യത്യസ്ത ശരീരപ്രകൃതിയുള്ള നമ്മുടെ നാട്ടുകാരിൽ അതുതന്നെ പ്രയോഗിക്കുകയും ചെയ്യുന്നു.

ഇനി നിപ വൈറസിന്റെ കാര്യത്തിലേക്ക് വരാം. 2018 ൽ നിന്നും 2024ൽ എത്തിയപ്പോൾ ‘നിപക്ക്’ അല്ലറ ചില്ലറ വ്യതിയാനങ്ങൾ സംഭവിച്ചോ എന്ന് സംശയിക്കുന്നവരുണ്ട്. 2018ലെ നിപ, ശ്വാസകോശത്തെയാണ് കൂടുതൽ ബാധിച്ചതെങ്കിൽ 2024ൽ തലച്ചോറിനെ കൂടുതൽ ബാധിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥയിൽ മനസ്സിലാകുന്നത്. 2018ൽ അന്നത്തെ ആദ്യ രോഗി അൽസാബിക്കുമായി കുറച്ചുസമയം മാത്രം ഒരു എക്സ്-റേ റൂമിൽ ഒരുമിച്ച് നിന്നത് കൊണ്ട് മാത്രം ഒരാളിലേക്ക് വൈറസ് പകർന്നു. 2024ൽ വളരെ അടുത്ത സമ്പർക്കം ഉണ്ടായ പലരിലേക്കും വൈറസ് പെട്ടെന്ന് പകർന്നില്ല എന്നാണ് ഇതുവരെ മനസ്സിലാകുന്നത്. ഇതൊക്കെ ചെറിയ ചെറിയ നിരീക്ഷണങ്ങൾ മാത്രമാണ്. ആധികാരികമായ അറിവല്ല.

എങ്കിലും ഏതാനും ചോദ്യങ്ങൾ മനസ്സിൽ തികട്ടി വരുന്നു:

1- ഈ വൈറൽ വ്യാപനത്തിൽ ഉണ്ടായ വ്യത്യാസം ശാസ്ത്രീയമാണോ എന്ന് നാം അന്വേഷിക്കേണ്ടതല്ലേ?

2- വൈറസിന്റെ സ്വഭാവത്തിൽ വന്ന മാറ്റമാണോ ഇതിന് കാരണം?

3- വ്യക്തികളുടെ ശരീരഘടനയയുടെ വ്യത്യാസമാണോ അതോ ഭക്ഷണരീതിയോ കാലാവസ്ഥയോ മറ്റേതെങ്കിലും ആണോ കാരണം?

4- അന്ന് അസുഖം ബാധിച്ചവരും അതിനുശേഷം അസുഖം ബാധിച്ചവരും തമ്മിൽ ഒരു താരതമ്യ പഠനം നമ്മൾ നടത്തിയിട്ടുണ്ടോ?

5- ഇതിൽ നിന്നൊക്കെ ഉരുത്തിരിഞ്ഞു വരുന്ന ഒരു അറിവ് ഭാവിയിൽ ഇനിയും നിപ വ്യാപനം ഉണ്ടായാൽ നമുക്ക് ഉപകാരപ്പെടില്ലേ?

ഇംഗ്ലണ്ടിലെ സായിപ്പ് നിപയെ കുറിച്ച് കൂടുതൽ ഇപ്പോൾ പഠിക്കാൻ സാധ്യത കുറവാണ്. കാരണം, അവിടെ ഇപ്പോൾ നിപ വ്യാപനമില്ല. അല്ലെങ്കിലും നമ്മളല്ലേ പഠിക്കേണ്ടത്..? അതിന് നമ്മൾ മെനക്കടാത്തിടാത്തോളം കാലം ‘നിപ പഴയ നിപ തന്നെയോ’ എന്നത് ഉത്തരമില്ലാത്ത ചോദ്യം തന്നെയായിരിക്കും.

സീനിയർ പാലിയേറ്റിവ് കെയർ ഫിസിഷ്യനാണ് ലേഖകൻ